Entertainment
എനിക്കത്രയും ഇഷ്ടപ്പെട്ടിട്ടും ആ മോഹൻലാൽ ചിത്രം ഒരു ഷോക്കാണ് ഒടുവിൽ സമ്മാനിച്ചത്: വിപിൻ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 10, 03:55 am
Tuesday, 10th December 2024, 9:25 am

മുദ്ദുഗൗ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കെത്തിയ ആളാണ് വിപിന്‍ ദാസ്. രണ്ടാമത്തെ ചിത്രമായ അന്താക്ഷരി ഒ.ടി.ടി റിലീസായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. മൂന്നാമത്തെ സിനിമ ജയ ജയ ജയഹേ വന്‍ വിജയമായി. തുടര്‍ന്നെത്തിയ ഗുരുവായൂരമ്പല നടയില്‍ ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായി മാറി. രചന നിർവഹിച്ച വാഴ എന്ന സിനിമയും ശ്രദ്ധ നേടിയിരുന്നു.

മോഹൻലാൽ ചിത്രം കാക്കകുയിലിനെ കുറിച്ച് സംസാരിക്കുകയാണ് വിപിൻ ദാസ്. പ്രിയദർശൻ – മോഹൻലാൽ കോമഡി ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം പ്രേക്ഷകർ മലയാളത്തിലുണ്ട്. അത്തരത്തിൽ ഇന്നും മലയാളികൾ റിപ്പീറ്റ് അടിച്ച് കാണുന്ന പ്രിയദർശൻ – മോഹൻലാൽ ചിത്രമാണ് കാക്കകുയിൽ. വമ്പൻ താരനിര ഒന്നിച്ച ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ വിജയമായിരുന്നില്ല.

ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയപ്പെട്ടപ്പോൾ അത് തനിക്കൊരു ഷോക്കായിരുന്നു എന്നാണ് സംവിധായകൻ വിപിൻ ദാസ് പറയുന്നത്. കാക്കകുയിൽ കണ്ടപ്പോൾ സിനിമ തീർന്നു പോവരുതെന്ന് തനിക്ക് തോന്നിയെന്നും എന്നാൽ പരാജയമായെന്ന് അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടെന്നും വിപിൻ ദാസ് പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു വിപിൻ ദാസ്.

‘കാക്കകുയിൽ കണ്ടപ്പോൾ ഈ സിനിമ തീർന്ന് പോവരുതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാക്കകുയിൽ തിയേറ്ററിൽ വലിയ വിജയമൊന്നും ആയിട്ടില്ല. ഞാൻ ഫസ്റ്റ് ഡേ കാണുമ്പോൾ തന്നെ ആ ചിത്രം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അത് തീർന്ന് പോവരുതേ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.

ഞാൻ അങ്ങനെ നല്ല സിനിമയെന്ന് പറഞ്ഞു ഒരുപാട് സന്തോഷത്തോടെ തിയേറ്ററിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആ പടം ബോക്സ്‌ ഓഫീസിൽ പരാജയമായി പോയി. എനിക്കത് ഒരു ഷോക്കായിരുന്നു. കാരണം എനിക്കത്രയും ആഗ്രഹമുണ്ടായിരുന്നു ആ സിനിമ തുടർച്ചയായി കണ്ടുകൊണ്ടിരിക്കാൻ,’വിപിൻ ദാസ് പറയുന്നു.

കാക്കകുയിൽ

മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, കവിയൂർ പൊന്നമ്മ തുടങ്ങി വമ്പൻ താരനിര ഒന്നിച്ച സിനിമയായിരുന്നു കാക്കകുയിൽ. ചന്ദ്രലേഖ എന്ന സൂപ്പർഹിറ്റിന് ശേഷം അതേ പാറ്റേണിൽ പ്രിയദർശൻ ഒരുക്കിയ കാക്കകുയിൽ കോമഡി സീനുകൾ കൊണ്ട് സമ്പന്നമായ സിനിമയാണ്. എന്നാൽ പ്രതീക്ഷിച്ച വിജയം ബോക്സ് ഓഫീസിൽ നേടാൻ ചിത്രത്തിനായില്ല.

Content Highlight: Vipin Das About Kakkakuyil Movie And His Expectations