അഗര്‍ത്തല: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ത്രിപുരയില്‍ ബി.ജെ.പി സഖ്യത്തിലെ ഭിന്നിപ്പ് തെരുവിലേക്ക്. സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയാണ് ബി.ജെ.പിയ്‌ക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.
ബി.ജെ.പി ട്രൈബല്‍ നേതാവിനെ എ.ഡി.സിയുടെ ബ്ലോക്ക് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി നിയമിച്ചതിനെതിരെയാണ് ഐ.പി.എഫ്.ടി രംഗത്തെത്തിയിരിക്കുന്നത്. കക്ഷികള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് ഒത്തുതീര്‍പ്പായെങ്കിലും ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തി ഐ.പി.എഫ്.ടി റോഡ് ഉപരോധിക്കുകയും പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു.
ലെഫുംഗ ബ്ലോക്ക് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായ രണബീര്‍ ഡെബര്‍മ്മ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ഐ.പി.എഫ്.ടിയുടെ പ്രക്ഷോഭം. ലെഫുംഗ ബ്ലോക്ക് ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ കുറച്ചുദിവസങ്ങളായി ഇവിടുത്തെ ഔദ്യോഗിക ജോലികള്‍ തടസപ്പെട്ടിരിക്കുകയാണ്.
എന്നാല്‍ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യസര്‍ക്കാറില്‍ നിന്നും യാതൊരു പ്രതികരണവുമില്ലാതായതോടെ പ്രവര്‍ത്തകര്‍ റോഡ് ബ്ലോക്ക് ചെയ്യുകയും ടയര്‍ കത്തിക്കുകയുമായിരുന്നു. പ്രതിഷേധം നടക്കുന്ന സ്ഥലത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ മറ്റുപാര്‍ട്ടികളോ സാധാരണക്കാരോ റോഡ് ബ്ലോക്ക് ചെയ്ത് പ്രതിഷേധിച്ച സമയത്ത് കേസെടുത്തിട്ടുള്ള ബി.ജെ.പി സര്‍ക്കാര്‍ ഐ.പി.എഫ്.ടിയ്‌ക്കെതിരെ മൗനം പാലിക്കുന്നതും വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിട്ടുണ്ട്.