national news
കോടതി ഉത്തരവ് വകവെച്ചില്ല; തമിഴ്നാട്ടിൽ ക്ഷേത്രാചാരങ്ങളിൽ നിന്ന് ബ്രഹ്മണരല്ലാത്ത പൂജാരിമാരെ ഒഴിവാക്കിയതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 19, 05:44 am
Wednesday, 19th February 2025, 11:14 am

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ കുമാരവയലൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആചാരങ്ങളിൽ നിന്ന് ബ്രാഹ്മണരല്ലാത്ത പൂജാരിമാരെ ഒഴിവാക്കിയതായി പരാതി. കുമാരവയലൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പൂജാരിമാരായ പ്രഭുവും ജയപാലുമാണ് പരാതി നൽകിയത്. 2021ൽ നിയമിതരായതിനുശേഷം തങ്ങളെ ഒരിക്കലും ശ്രീകോവിലിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടില്ലെന്നും അവർ ആരോപിച്ചു. തങ്ങളെ ശ്രീകോവിലിനുള്ളിൽ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അവർ അധികാരികളോട് അഭ്യർത്ഥിച്ചു.

2025 ഫെബ്രുവരി 19ന് നടക്കാനിരിക്കുന്ന കുംഭാഭിഷേക ചടങ്ങിൽ (പ്രതിഷ്ഠാ ചടങ്ങ്) തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് പ്രഭുവും ജയപാലും ആവശ്യപ്പെട്ടു. സർക്കാർ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദു ജാതികളിൽ നിന്നുമുള്ള ആളുകളെ പൂജാരിമാരായി നിയമിക്കുന്നതിനുള്ള സംസ്ഥാന പദ്ധതിയുടെ കീഴിൽ പരിശീലനം നേടിയ ശേഷമാണ് സർക്കാർ ഇരുവരെയും നിയമിച്ചത്.

2021 ഓഗസ്റ്റ് 14ന് നിയമിതരായ 24 പൂജാരിമാരിൽ തങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, ഹിന്ദു മത, ധർമ്മ എൻഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി. കെ. ശേഖർ ബാബു എന്നിവർക്ക് നൽകിയ നിവേദനത്തിൽ ഇരുവരും പറഞ്ഞു.

‘നിയമനം ലഭിച്ചതുമുതൽ കുമാരവയലൂർ അരുൾമിഘു സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്തുള്ള ഗണേശന്റെയും നവഗ്രഹങ്ങളുടെയും ആരാധനാലയങ്ങളിൽ മാത്രമേ അവർക്ക് പൂജകൾ നടത്താൻ അനുവാദമുണ്ടായിരുന്നുള്ളൂ. ‘ഇതുവരെയും മുരുകന്റെ ശ്രീകോവിലിൽ പ്രവേശിച്ച് പൂജ നടത്താൻ ഞങ്ങളെ അനുവദിച്ചിട്ടില്ല,’ അവർ നിവേദനത്തിൽ പറഞ്ഞു.

ഭക്തർ തങ്ങളെ ബഹുമാനത്തോടെയാണ് പരിഗണിച്ചിരുന്നതെങ്കിലും ക്ഷേത്രത്തിലെ ശിവാചാര്യന്മാർ തങ്ങളെ ശ്രീകോവിലിനുള്ളിൽ കയറാൻ അനുവദിച്ചില്ലെന്ന് ഇരുവരും പറഞ്ഞു.

ബ്രാഹ്മണ മേധാവിത്വം നിലനിന്നിരുന്ന പാരമ്പര്യത്തിൽ നിന്നുള്ള ഒരു പ്രധാന മാറ്റമായിരുന്നു 2021ൽ ബ്രാഹ്മണരല്ലാത്ത പൂജാരിമാരെ നിയമിക്കാനുള്ള തമിഴ്‌നാട് തീരുമാനം. മതപരമായ ഇടങ്ങളിലെ ജാതി തടസങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഡി.എം.കെ സർക്കാർ ഈ നിയമം കൊണ്ടുവന്നത്. എങ്കിലും , ഇത് നടപ്പിലാക്കുന്നതിൽ നിരന്തരമായ എതിർപ്പുകൾ സർക്കാർ നേരിടേണ്ടി വന്നിട്ടുണ്ട്.

15 സ്ത്രീകൾ ഉൾപ്പെടെ 382 പേർ സർക്കാർ അംഗീകൃത പൂജാരി പരിശീലനം പൂർത്തിയാക്കി 2022 മുതൽ ക്ഷേത്ര നിയമനത്തിനായി കാത്തിരിക്കുന്നുണ്ട്. പക്ഷെ ഇതുവരെ 29 പേർക്ക് മാത്രമേ ഔദ്യോഗികമായി നിയമനം ലഭിച്ചിട്ടുള്ളൂ. കൂടാതെ, 95 പേർ നിലവിൽ പരിശീലനത്തിലാണ്.

 

Content Highlight: Tamil Nadu: Non-brahmin priests allege exclusion from temple rituals despite court order