അമേരിക്കയില്‍ കഫിയ ധരിച്ച ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പ്; മൂന്ന് വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്ലെന്ന് റിപ്പോര്‍ട്ട്
World News
അമേരിക്കയില്‍ കഫിയ ധരിച്ച ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പ്; മൂന്ന് വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്ലെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th November 2023, 12:09 pm

ന്യൂയോര്‍ക്ക്: യു.എസിലെ വെര്‍മോണ്ടില്‍ അജ്ഞാത തോക്കുധാരികളാല്‍ വെടിയേറ്റ മൂന്ന് ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ ഗുരുതര അവസ്ഥയില്‍ തുടരുന്നുവെന്ന് യു.എസ് പൗരാവകാശ സംഘടന. കഫിയ ധരിച്ച് അറബിയില്‍ സംസാരിക്കുന്ന ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോവുന്നതിനിടെയാണ് വെടിയേറ്റതെന്ന് അറബ് അമേരിക്കന്‍ ആന്റി ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി (എ.ഡി.സി) പറഞ്ഞു.

കണക്റ്റിക്കട്ടിലെ ട്രിനിറ്റി കോളേജിലെ തഹ്സീന്‍ അഹമ്മദ്, പെന്‍സില്‍വാനിയയിലെ ഹാവര്‍ഫോര്‍ഡ് കോളേജിലെ കിന്നന്‍ അബ്ദുല്‍ ഹമീദ്, റോഡ് ഐലന്‍ഡിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ ഹിഷാം അവര്‍ത്താനി എന്നീ ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വെടിയേറ്റിട്ടുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മൂന്ന് ഇരകളും വെടിവെപ്പില്‍ നിന്ന് രക്ഷപെട്ടുവെന്നും എന്നാല്‍ അവരില്‍ രണ്ട് പേര്‍ നിലവില്‍ ഐ.സി.യുവിലാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു വിദ്യാര്‍ത്ഥിക്ക് വളരെ ഗുരുതരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ട്. പരിക്കുകളുടെ വ്യാപ്തി എത്രയാണെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരകള്‍ അറബികളായതിനാലാണ് ഈ വെടിവെപ്പ് നടന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയ പ്രാഥമിക വിവരങ്ങള്‍ അവലോകനം ചെയ്തതിലൂടെ തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് എ.ഡി.സി പറഞ്ഞു.

കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് (സി.എ.ഐ.ആര്‍) പുറത്തിറക്കിയ പ്രസ്താവനയില്‍ വെടിയുതിര്‍ത്തവരെ പിടികൂടുന്നതിനും ശിക്ഷിക്കുന്നതിനും സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10,000 ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ സംഭവത്തിന്റെ പിന്നിലെ പക്ഷപാതപരമായ ഉദ്ദേശ്യത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണമെന്ന് സി.എ.ഐ.ആര്‍ നിയമ അധികാരികളോട് ആവശ്യപ്പെട്ടു.

വെടിവെച്ചയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ തങ്ങള്‍ ക്ഷമിക്കില്ലെന്നും തങ്ങളുടെ മക്കള്‍ അമേരിക്കയില്‍ സംരക്ഷിക്കപെടുമെന്നും ഹീനമായ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: Violence against Palestinian students wearing kafia in America