റയലില്‍ വിനീഷ്യസ് അടക്കം നാല് പേര്‍ക്ക് എംബാപ്പെയെ ടീമില്‍ വേണ്ട; റിപ്പോര്‍ട്ട്
Sports News
റയലില്‍ വിനീഷ്യസ് അടക്കം നാല് പേര്‍ക്ക് എംബാപ്പെയെ ടീമില്‍ വേണ്ട; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 20th July 2023, 1:15 pm

സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ടീമിലെത്തിച്ച് തങ്ങളുടെ സ്വപ്‌ന സൈനിങ് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് റയല്‍ മാഡ്രിഡ്. പി.എസ്.ജിയുമായി കരാര്‍ പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ എംബാപ്പെ പുതിയ തട്ടകത്തിലേക്ക് കൂടുമാറിയേക്കും.

പി.എസ്.ജി വിടുന്ന എംബാപ്പെ റയലിലേക്കാകും കളിത്തട്ടകം മാറ്റുകയെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറെ കാലമായി എംബാപ്പെക്ക് പിന്നിലുള്ള റയല്‍ ഈ സൈനിങ് ഇത്തവണ പൂര്‍ത്തായിക്കുമെന്നാണ് കരുതപ്പെടുന്നത്.

 

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

എന്നാല്‍ എംബാപ്പെ ടീമിലെത്തുന്നതിനോടുള്ള വിയോജിപ്പുകളും റയലിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റയലിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ അടക്കമുള്ള നാല് താരങ്ങളാണ് എംബാപ്പെ ടീമിലെത്തുന്നതിലുള്ള വിമുഖത പ്രകടപ്പിച്ചിരിക്കുന്നതെന്ന് എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, ഹോസെലു, ബ്രാഹിം ഡയസ് എന്നിവരാണ് എംബാപ്പെ റയലിലെത്തുന്നതിനോട് വിമുഖത പ്രകടിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എംബാപ്പെ ടീംമിലെത്തുന്നതോടെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ തന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയമാണ് റോഡ്രിഗോക്കുള്ളതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സൂപ്പര്‍ താരം കരീം ബെന്‍സിമ ടീം വിട്ടതോടെ മുന്നേറ്റ നിരയില്‍ വിനീഷ്യസാണ് കളി മെനയുന്നത്. എന്നാല്‍ എംബാപ്പെയെത്തുന്നതോടെ സ്‌പോട്ട്‌ലൈറ്റ് ഫ്രഞ്ച് താരത്തിനാകും എന്നതിനാലാണ് വിനീഷ്യസ് ഇതിനെ എതിര്‍ക്കുന്നത്.

സമാനമായ ആശങ്കകളാണ് ഹോസെലുവിനും ഡയസിനും ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റയലില്‍ ചേരുന്നതിനായി എംബാപ്പെയും ചില നിബന്ധനകള്‍ മുമ്പോട്ട് വെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിലൊന്നാണ് ഏഴാം നമ്പര്‍ ജേഴ്‌സി അണിയില്ല എന്ന തീരുമാനം.

പകരം പത്താം നമ്പര്‍ ജേഴ്സിയാണ് താരം ചോദിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചാണ് റയലിലെ പത്താം നമ്പര്‍ താരം. എന്നാല്‍ മോഡ്രിച്ച് റയലില്‍ തന്നെ തുടരുകയാണെങ്കില്‍ താരം കാത്തിരിക്കാന്‍ തയ്യാറാണെന്നും എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

കരീം ബെന്‍സെമ ടീം വിട്ടതോടെ ഒഴിഞ്ഞുകിടക്കുന്ന അദ്ദേഹത്തിന്റെ ഒമ്പതാം നമ്പര്‍ ജേഴ്സിയാണ് ലഭിക്കുന്നതെങ്കിലും എംബാപ്പെ സന്തുഷ്ടനായിരിക്കുമെന്നും എന്നാല്‍ ഒരിക്കലും ഏഴാം നമ്പറിലേക്ക് മടങ്ങിപ്പോകില്ല എന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

 

താന്‍ ഏഴാം നമ്പര്‍ സ്വീകരിക്കില്ല എന്ന എംബാപ്പെയുടെ തീരുമാനത്തെ അഡിഡാസും പിന്തുണയ്ക്കുന്നുണ്ട്. എംബാപ്പെയോട് പത്താം നമ്പര്‍ ജേഴ്സി തന്നെ തെരഞ്ഞെടുക്കാനാണ് അഡിഡാസ് ആവശ്യപ്പെടുന്നത്. അടുത്ത സീസണോടെ ടീമിലെത്തുന്ന എന്‍ഡ്രിക്കിനായി ഒമ്പതാം നമ്പര്‍ നല്‍കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

 

Content Highlight:   Vinicius Jr and 3 other players who don’t want Kylian Mbappe to join Real Madrid; Report