ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ ടെന്റ് വെയര്‍ഹൗസില്‍ വന്‍ തീപ്പിടുത്തം. പ്രയാഗ് രാജിലെ പരേഡ് ഗ്രൗണ്ടിനടുത്തുള്ള ഗോഡൗണില്‍ ഇന്ന് (ശനിയാഴ്ച) രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അടുത്തിടെ സമാപിച്ച മഹാകുംഭമേളയ്ക്കുള്ള ടെന്റിങ് സാമഗ്രികള്‍ സപ്ലൈ ചെയ്തിരുന്നത് ഈ ഗോഡൗണില്‍ നിന്നാണ്.
അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. കൂടാതെ സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ സഹായം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
‘ഗോഡൗണില്‍ തീപിടിത്തമുണ്ടായതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഉടന്‍ തന്നെ ഫയര്‍ സ്റ്റേഷനില്‍ നിന്ന് എല്ലാ ഫയര്‍ ടാങ്കറുകളും ഞാന്‍ എത്തിച്ചു. ചീഫ് ഫയര്‍ ഓഫീസറും എന്നോടൊപ്പം ഉണ്ട്,’ ഫയര്‍ ഓഫീസര്‍ ആര്‍.കെ. ചൗരസ്യ പറഞ്ഞു.
ഗോഡൗണിലെ വലിയ തോതില്‍ സാധനങ്ങള്‍ സ്‌റ്റോര്‍ ചെയ്തതാണ് തീപ്പിടുത്തത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ സാധനങ്ങളെല്ലാം അവിടെ നിന്ന് മാറ്റണമെന്ന് അവിടെയുള്ള ആളുകളോട് പലതവണ പറഞ്ഞിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.
ഗ്യാസ് സിലിണ്ടറുകളും ഗോഡൗണില്‍ സൂക്ഷിച്ചിരുന്നു. തീപ്പിടുത്തത്തില്‍ അവ പൊട്ടിത്തെറിച്ചതും ആഘാതം കൂട്ടി. തീ നിയന്ത്രണ വിധേയമായി കഴിഞ്ഞാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആര്‍.കെ. ചൗരസ്യ കൂട്ടിച്ചേര്‍ത്തു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ നിലവില്‍ അന്വേഷണം നടത്തുന്നുണ്ട്.
Content Highlight: Massive fire breaks out at godown in UP’s Prayagraj, which supplied tents for Mahakumbh Mela