IPL
ബൗളിങ് യൂണിറ്റ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, പക്ഷേ... തോല്‍വിയുടെ കാരണങ്ങള്‍ തുറന്ന് പറഞ്ഞ് ബെംഗളൂരു നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 19, 06:33 am
Saturday, 19th April 2025, 12:03 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പരാജയപ്പെട്ടിരുന്നു. മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് റോയല്‍ ചലഞ്ചേഴ്സ് വഴങ്ങിയത്.

ഇതോടെ ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ വീണ്ടും ബെംഗളൂരുവിന് തോല്‍വി നേരിടേണ്ടി വന്നു. പതിനെട്ടാം സീസണില്‍ എവേ മത്സരങ്ങളില്‍ മികച്ച പ്രകടനവുമായി മുന്നോട്ട് പോകുമ്പോഴും രജത് പാടിദാറിന്റെ കീഴിയില്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഒരു മത്സരം പോലും ചിന്നസ്വാമിയില്‍ ജയിക്കാനായിട്ടില്ല.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് എടുത്തത്. ഏഴാം നമ്പറില്‍ ഇറങ്ങി അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ടിം ഡേവിഡിന്റെ കരുത്തിലാണ് ബെംഗളൂരു ഈ സ്‌കോറിലെത്തിയത്. മറുപടി ബാറ്റിങ്ങില്‍ യുവ താരം നേഹല്‍ വധേരയുടെ ഇന്നിങ്സാണ് ശ്രേയസിന്റെ സംഘത്തിന് വിജയം സമ്മാനിച്ചത്.

മത്സരത്തിന് ശേഷം തന്റെ ടീമിന്റെ പരാജയത്തെ കുറിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നായകന്‍ രജത് പാടിദാര്‍ സംസാരിച്ചിരുന്നു. ബാറ്റിങ് യൂണിറ്റ് എന്ന നിലയില്‍ തങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാമായിരുന്നെന്ന് പാടിദാര്‍ പറഞ്ഞു. കൂട്ടുകെട്ടുകള്‍ പ്രധാനമാണെന്നും പെട്ടെന്നുള്ള ഇടവേളകളില്‍ തങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടുവെന്നും ബെംഗളൂരു നായകന്‍ കൂട്ടിച്ചേര്‍ത്തു.

‘തുടക്കത്തില്‍ ബാറ്റിങ് ദുഷ്‌കരമായിരുന്നു. പക്ഷേ ഒരു ബാറ്റിങ് യൂണിറ്റ് എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാമായിരുന്നു. കൂട്ടുകെട്ടുകള്‍ പ്രധാനമാണ്. പെട്ടെന്നുള്ള ഇടവേളകളില്‍ ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അത് ഞങ്ങള്‍ക്ക് ഒരു വലിയ പാഠമാണ്,’ രജത് പറഞ്ഞു.

മഴ കാരണം പിച്ച് ഒരുപാട് നേരം മറച്ചു വെച്ചത് പഞ്ചാബ് ബൗളര്‍മാര്‍ക്ക് സഹായകമായെന്നും വിക്കറ്റ് എങ്ങനെയായാലും തങ്ങള്‍ നന്നായി ബാറ്റ് ചെയ്യുകയും വിജയകരമായ ഒരു ടോട്ടല്‍ നേടുകയും ചെയ്യണമായിരുന്നുവെന്നും പാടിദാര്‍ പറഞ്ഞു. ബൗളിങ് യൂണിറ്റ് മികച്ച പ്രകടനം കാഴ്ച വെക്കുന്നുവെന്നും ബാറ്റിങ് യൂണിറ്റിലെ തെറ്റുകള്‍ തിരുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

‘വിക്കറ്റ് അത്ര മോശമായിരുന്നില്ല. കുറെ നേരം മഴ കാരണം അത് മറച്ചിരിക്കുകയായിരുന്നു. അത് അവരുടെ ബൗളര്‍മാരെ സഹായിച്ചു, അതിന്റെ ക്രെഡിറ്റ് അവര്‍ക്കാണ്. വിക്കറ്റ് എങ്ങനെയായാലും നമ്മള്‍ നന്നായി ബാറ്റ് ചെയ്യുകയും വിജയകരമായ ഒരു ടോട്ടല്‍ നേടുകയും വേണം.

ബൗളിങ് യൂണിറ്റ് വളരെ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. അതൊരു വലിയ പോസിറ്റീവാണ്. ബാറ്റര്‍മാര്‍ ഷോട്ടുകള്‍ അടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് കളിച്ചത്, അത് സന്തോഷകരമായ കാര്യമാണ്. ബാറ്റിങ് യൂണിറ്റിലെ ചില തെറ്റുകള്‍ ഞങ്ങള്‍ക്ക് തിരുത്താന്‍ കഴിയും,’ രജത് പറഞ്ഞു.

മത്സരത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോം ടീമിനെ പഞ്ചാബ് ബൗളര്‍മാര്‍ ഞെട്ടിക്കുകയായിരുന്നു. മൂന്ന് ഓവറില്‍ തന്നെ ബെംഗളൂരുവിന് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. ഇരുവരുടെയും വിക്കറ്റുകള്‍ പിഴുതെറിഞ്ഞ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങാണ് പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കിയത്.

ക്യാപ്റ്റന്‍ രജത് പാടി ദാര്‍ ബെംഗളൂരു സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും ഒരറ്റത്ത് വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നു. 18 പന്തില്‍ 23 റണ്‍സ് എടുത്ത താരത്തിന്റെ ഇന്നിംഗ്‌സ് യുസ്വേന്ദ്ര ചഹലിന്റെ പന്തില്‍ അവസാനിക്കുകയായിരുന്നു.

ഏഴാം നമ്പറില്‍ ഇറങ്ങിയ ടിം ഡേവിഡ് മിന്നും പ്രകടനം നടത്തിയാണ് ബെംഗളൂരുവിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 26 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെയാണ് താരം ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

പഞ്ചാബിന് വേണ്ടി മാര്‍ക്കോ യാന്‍സനും യൂസി ചഹലും മിന്നും പ്രകടനമാണ് നടത്തിയത്. മൂന്ന് ഓവറില്‍ നിന്ന് 10 റണ്‍സ് വഴങ്ങി യാന്‍സന്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ചഹല്‍ 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി. അര്‍ഷ്ദീപ് മൂന്നോവറില്‍ നിന്ന് 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും ഹര്‍പ്രീത് ബ്രാര്‍ രണ്ട് ഓവറില്‍ നിന്ന് രണ്ട് വിക്കറ്റും നേടി, സേവിയര്‍ ഒരു വിക്കറ്റും അക്കൗണ്ടിലാക്കി.

മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. അടുത്തടുത്ത ഓവറുകളില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ടീം സമ്മര്‍ദത്തിലായിരുന്നു. ഒരു ഘട്ടത്തില്‍ ബെംഗളൂരു ജയം നേടുമോയെന്ന് സംശയം ജനിപ്പിച്ചെങ്കിലും യുവതാരം നേഹല്‍ വധേര പഞ്ചാബിനെ വിജയത്തിലെത്തിക്കുകയായിരുന്നു. താരം 19 പന്തില്‍ മൂന്ന് വീതം സിക്സും ഫോറുമടിച്ച് 33 റണ്‍സാണ് എടുത്തത്.

ബൗളിങ്ങില്‍ ജോഷ് ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറുമാണ് റോയല്‍ ചലഞ്ചേഴ്‌സിനായി മികച്ച പ്രകടനം കാഴ്ച വെച്ചത്. ഹേസല്‍വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഭുവി രണ്ട് വിക്കറ്റാണ് നേടിയത്.

Content Highlight: IPL 2025:  RCB vs PBKS: Royal Challengers Bengaluru Captain Rajat Patidar talks about the defeat against Punjab Kings