പവിത്രമൊക്കെ കാണാൻ രസമായിരുന്നു, പക്ഷെ എനിക്കത് നല്ല ബുദ്ധിമുട്ടായിരുന്നു: വിനീത് വാസുദേവൻ
Entertainment
പവിത്രമൊക്കെ കാണാൻ രസമായിരുന്നു, പക്ഷെ എനിക്കത് നല്ല ബുദ്ധിമുട്ടായിരുന്നു: വിനീത് വാസുദേവൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th March 2024, 7:22 pm

ഗിരീഷ് എ. ഡി സംവിധാനം ചെയ്ത സൂപ്പർ ശരണ്യയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു വിനീത് വാസുദേവന്‍ അവതരിപ്പിച്ച അജിത്ത് മേനോന്‍.

ഇന്ത്യയാകെ ശ്രദ്ധ നേടുകയും വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടതുമായ അര്‍ജുന്‍ റെഡ്ഡിയുടെ സ്പൂഫ് ആയിട്ടായിരുന്നു അജിത് മേനോന്റെ കഥാപാത്രം എത്തിയത്. അതുകൊണ്ട് തന്നെ ചിത്രത്തിലൂടെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.

വിനീത് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ഒരു സർക്കാർ ഉത്പന്നം തിയേറ്ററിൽ മുന്നേറുകയാണ്. തന്റെ അനിയത്തിയെ കുറിച്ച് സംസാരിക്കുകയാണ് വിനീത്. തങ്ങൾ തമ്മിൽ പതിനഞ്ച് വയസിന്റെ വ്യത്യാസമുണ്ടെന്നും അന്ന് അമ്മ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ നല്ല ബുദ്ധിമുട്ട് തോന്നിയെന്നും താരം പറയുന്നു.

എന്നാൽ കുഞ്ഞുണ്ടായപ്പോൾ നല്ല അഭിമാനം തോന്നിയെന്നും ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രത്തിലും അങ്ങനെയൊരു സംഭവമുണ്ടെന്നും വിനീത് പറഞ്ഞു.

‘എനിക്ക് നല്ല പ്രായ വ്യത്യാസമുള്ള ഒരു അനിയത്തി ഉണ്ടായി. ഞങ്ങൾ തമ്മിൽ പതിനഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട്. ഞാൻ പത്തിൽ പഠിക്കുമ്പോഴാണ് അമ്മ ഗർഭിണിയാണെന്ന് അറിയുന്നത്. അതറിഞ്ഞപ്പോൾ എനിക്ക് ഒട്ടും താത്പര്യം തോന്നിയില്ല. ഞാൻ സ്കൂളിലൊക്കെ പോവുന്നത് വലിയ നാണക്കേടോടെയായിരുന്നു.

സുഹൃത്തുക്കളോട് എങ്ങനെ പറയും, എനിക്കൊരു അനിയത്തി ഉണ്ടായി എന്നൊക്കെ. പവിത്രം സിനിമയൊക്കെ കാണുമ്പോൾ രസമാണ്, ചേട്ടച്ചൻ. അത് കാണാനൊക്കെ രസമായിരുന്നു. പക്ഷെ എനിക്കത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

ക്ലാസ്മേറ്റ്സ് സിനിമ കാണാൻ പോവുമ്പോഴാണ് അമ്മ പ്രെഗ്നന്റ് ആണെന്ന് ഞങ്ങൾ അറിയുന്നത്. അതുകൊണ്ട് ആ സിനിമയൊക്കെ എനിക്ക് നല്ല ഓർമയാണ്. അത് കാണാൻ പോയതൊക്കെ. അതിന് ശേഷം കുട്ടിയായി കാണാൻ ചെന്ന സമയത്ത് എല്ലാം മാറി.

കുട്ടിയെ കാണുമ്പോൾ നമ്മൾ ആകെ മാറും. പിന്നെ നമുക്ക് അത് പറയുമ്പോൾ ഒരു അഭിമാനമാണ്. ഈ സിനിമയിലും അങ്ങനെയൊരു കാര്യം പറയുന്നുണ്ട്,’വിനീത് പറയുന്നു.

Content Highlight: Vineeth Vasudev Talk About Pavithram Movie