Film News
കിങ് ഓഫ് കൊത്തയുടെ ടൈറ്റില്‍ സോങ് വേറൊരു പരിപാടിയാണ്, ഷാനില്‍ നിന്നും ആരും അതുപോലൊന്ന് പ്രതീക്ഷിക്കില്ല: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 08, 07:43 am
Tuesday, 8th November 2022, 1:13 pm

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തക്ക് വേണ്ടി ഇതുവരെ ചെയ്യാത്ത രീതിയിലുള്ള പാട്ടുകളാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഒരുക്കുന്നതെന്ന് വിനീത് ശ്രീനിവാസന്‍. ഷാനില്‍ നിന്നും പ്രതീക്ഷിക്കാത്ത രീതിയിലുള്ള പാട്ടുകളാണ് താന്‍ കേട്ടതെന്നും വിനീത് പറഞ്ഞു. തന്റെ പുതിയ ചിത്രമായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന്റെ പ്രൊമോഷന്റെ ഭാഗമായി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനീതിന്റെ പരാമര്‍ശം.

‘ഷാന്‍ ഇപ്പോള്‍ ഷാഫി സാറിന്റെ ഒരു പടം ചെയ്യുന്നുണ്ട്. തമിഴിലൊരെണ്ണം ചെയ്യുന്നുണ്ട്. മറാത്തിയില്‍ ഒരു പടം അവന്‍ ചെയ്തു. ഇപ്പോള്‍ പാന്‍ ഇന്ത്യയാണ് പിടിച്ചിരിക്കുന്നത്. അടുത്തിടെ ഒരു പാട്ട് ഷാനിന് വേണ്ടി ഷാഫി സാറിന്റെ പടത്തില്‍ പാടിയിരുന്നു. വേറൊരു പാട്ടും കൂടി പാടി.

ഇതൊന്നും കൂടാതെ, ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്തയില്‍ ഷാന്‍ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള പാട്ടുകളാണ് ചെയ്യുന്നത്. അതിലെ ഒരു പാട്ടിന്റെ റഫ് ട്രാക്കൊക്കെ കേട്ടപ്പോള്‍ വേറൊരു പരിപാടിയിട്ടാണ് തോന്നിയത്. ഷാനിന്റെ അടുത്ത് നിന്നും പ്രതീക്ഷിക്കുന്നതല്ല അതിന്റെ ഒരു ടൈറ്റില്‍ സോങ്ങൊക്കെ,’ വിനീത് പറഞ്ഞു.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്തയില്‍ ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

അതേസമയം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുമെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. തെലുങ്കിലും തമിഴിലും ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിന് ശേഷം അമല്‍ നീരദ്, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ സംവിധാനത്തില്‍ പുതിയ സിനിമകള്‍ ആലോചനയിലുണ്ട്. ഇതിനൊപ്പമായിരിക്കും വിനീത് ശ്രീനിവാസന്‍ സിനിമയും പരിഗണിക്കുക. എന്നാല്‍ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

വിനീത് നായകനാവുന്ന മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് നവംബര്‍ 11നാണ് റിലീസ് ചെയ്യുന്നത്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തന്‍വി റാം, ജോര്‍ജ് കോര, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Vineeth Srinivasan says that Shaan Rahman is preparing songs that have never been done before for King of Kotha