Film News
നിവിനാണല്ലോ ആള്, ശക്തമായി തിരിച്ചുവരും, ഞങ്ങള്‍ ഒന്നിച്ച് ഒരു സിനിമ ഉണ്ടാവും: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 17, 02:35 pm
Thursday, 17th November 2022, 8:05 pm

നിവിന്‍ പോളിയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം ഉണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍. അതൊരു തമാശ ചിത്രമായിരിക്കുമെന്നും നിവിനെ വെച്ച് സീരിയസ് വിഷയം നിര്‍മിക്കാനാവില്ലെന്നും മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് സക്‌സസ് മീറ്റില്‍ വെച്ച് വിനീത് പറഞ്ഞു.

‘ഞങ്ങളങ്ങനെ ഒരു പ്രോജക്ടൊന്നും ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല. പക്ഷേ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ആഗ്രഹമുണ്ട്. ഫ്യൂച്ചറില്‍ തീര്‍ച്ചയായും ഉണ്ടാവും. അടുത്ത സിനിമയാവുമോ എന്നെനിക്ക് അറിയില്ല. പക്ഷേ എന്തായാലും ഉണ്ടാവും.

ഉണ്ടെങ്കില്‍ അത് ഹ്യൂമറുള്ള സിനിമയാവണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എനിക്ക് നിവിന്റെ കൂടെ ഒരു സീരിയസ് പടം ചെയ്യുന്നത് ചിന്തിക്കാനേ വയ്യ. നല്ല തമാശയുള്ള, ആളുകള്‍ക്ക് ചിരിച്ച് മറിയാന്‍ പറ്റുന്ന ഒരു സിനിമ ചെയ്യാന്‍ പറ്റണമെന്നാണ് എന്റെ ആഗ്രഹം. ഭാവിയില്‍ അങ്ങനെ ഉണ്ടാവണമെന്നുണ്ട്.

പിന്നെ നിവിന്‍ ശക്തമായി തിരിച്ചുവരും. നിവിനാണല്ലോ, അതുകൊണ്ട് തിരിച്ച് വരും. മറ്റെ ഗ്യാങ്‌സറ്റര്‍ സിനിമയില്‍, അന്‍വറാണല്ലോ തിരിച്ച് വരുമെന്ന് പറഞ്ഞത് പോലെ,’ വിനീത് പറഞ്ഞു.

നിവിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സാറ്റര്‍ഡേ നൈറ്റ് ബോക്‌സ് ഓഫീസില്‍ നിരാശപ്പെടുത്തിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. അതേസമയം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത വിനീതിന്റെ മുകുന്ദന്‍ ഉണ്ണി മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ തുടരുകയാണ്. ചിത്രത്തെ പറ്റിയും വിനീത് സംസാരിച്ചു.

‘കരിയറിന്റെ ഈ സമയത്ത് അതുപോലൊരു കഥാപാത്രം ചെയ്തത് നന്നായി എന്നാണ് അച്ഛന്‍ പറഞ്ഞത്. കാരണം എല്ലായ്പ്പോഴും നല്ല നായകന്‍ മാത്രം ആയാല്‍ പോരെന്ന് പറഞ്ഞു. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയില്‍ അച്ഛന്‍ ചെയ്ത കഥാപാത്രം ശരിക്കും ലാല്‍ അങ്കിള്‍ ചെയ്യണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അങ്ങനെ തന്നെയാണ് മുഴുവന്‍ സ്‌ക്രിപ്റ്റും എഴുതിയത്. പിന്നീട് അത് മാറ്റിയതാണ്.

ഈ സമയത്ത് ചെയ്തത് നന്നായി, ആളുകള്‍ നീ നല്ലവനാണെന്ന് പറയുന്നുണ്ടായുരുന്നല്ലോ, ആ സമയത്ത് തന്നെ നെഗറ്റീവ് കഥാപാത്രം ചെയ്തത് ഉചിതമായ തീരുമാനമാണ്, അത് മാറാന്‍ കുറച്ച് ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് നല്ലതാണെന്ന് അച്ഛന്‍ പറഞ്ഞു. സിനിമ പക്ഷേ അച്ഛന്‍ കണ്ടിട്ടില്ല. ഈ ഒരു ചര്‍ച്ച വന്നപ്പോള്‍ എന്നോട് അതാണ് പറഞ്ഞത്,” വിനീത് പറഞ്ഞു.

Content Highlight: Vineeth Srinivasan says that nivin pauly Will come back strongly