DISCOURSE
Anan Ta Pad Chaye; അതിര്‍വരമ്പുകള്‍ ഭേദിച്ച് മനുഷ്യരെ ഒന്നിപ്പിക്കുന്ന സംഗീതം
കെ.ജി. സൂരജ്
2025 Apr 16, 08:56 am
Wednesday, 16th April 2025, 2:26 pm
അധിനിവേശം അതിരുകള്‍ നിശ്ചയിക്കുന്ന സാമൂഹിക സമകാലീനതയില്‍ ഒരു സാംസ്‌കാരിക ഉത്പ്പന്നം എന്ന നിലയില്‍ സംഗീതം നിര്‍വ്വഹിക്കുന്ന സാമൂഹിക ദൗത്യങ്ങളുണ്ട്. അതിരുകളെ അതിന്റെ നിയത മാനദണ്ഡങ്ങളെ അത് അതിലംഘിക്കുകയും മനുഷ്യരെ കരുതലോടെ ഒന്നിപ്പിക്കുകയും ചെയ്യുന്നു.

സാങ്കേതികത കലയ്ക്കുമേല്‍ ആധിപത്യം ചെലുത്തുന്ന സമകാലീനതയില്‍ ട്രെന്‍ഡിങ് ആയ സിനിമാ പാട്ടുകള്‍/ റീല്‍സ്, എന്നാല്‍ കാല ദേശ പ്രായ ഭാഷാ ലിംഗ ഭേദമന്യേ ആലപിക്കപ്പെടുകയോ അതേ പടിയോ അതിനേക്കാള്‍ മെച്ചപ്പെട്ട നിലയിലോ വിവിധങ്ങളായ ദൃശ്യ രൂപങ്ങളില്‍ പ്രയോഗിക്കപ്പെടുകയോ, ആ നിലയില്‍ ജനപ്രിയമാകുകയോ ചെയ്യുക എന്നതാണര്‍ത്ഥം.

ദിവസങ്ങളോ ഏതാനും മാസങ്ങളോ മാത്രമാകും അവയുടെ life span എങ്കിലും ചുവടുകളില്‍ താളങ്ങളില്‍ വായ്ത്താരികളില്‍ അങ്ങിനെ എവിടെയും അവ നിറഞ്ഞു നില്‍ക്കും.

പൊതു സുഹൃത്തുക്കളുടെ എല്‍.കെ.ജി നഴ്‌സറി വിദ്യാര്‍ത്ഥിനികളായ കുട്ടികള്‍ മാനവീയം വീഥിയിലെ നീര്‍മാതളച്ചോട്ടില്‍ വിരിച്ചിരുന്ന മിനുസമുള്ള വെള്ളാരം കല്ലുകളില്‍ കൈവെള്ളകളുരസി മൂളിപ്പാടിയ
പാട്ടില്‍ നിന്നാണ് അതിന്റെ റൂട്ടുകളിലേക്കുള്ള അന്വേഷണം ആരംഭിച്ചത്. ആ വരികള്‍ റീല്‍സുകളില്‍ നിറഞ്ഞുകവിയുന്നത് ഇതിനോടകം ശ്രദ്ധയില്‍ പെട്ടിരുന്നു.

‘Anan Ta Pad Chaye,
Apad Ti Te Tena,
Apad Ti Ya, Apad Ti Te Teku,
Apad Ti To,
Apad Ti Kud Kud Kud Apad Cha Ye’,

ആലാപനം ഈ വിധം വ്യക്തമല്ലെങ്കിലും കൊച്ചു കൂട്ടുകാര്‍ എസ്.എന്‍ കൃതികയും എസ്.എന്‍ ദൃഷ്ടികയും തങ്ങളാല്‍ കഴിയും വിധം വര്‍ദ്ധിച്ച ആമോദത്തോടെ വരികളില്‍ ഉല്ലസിക്കുകയും തനത് നിലകളില്‍ അവയുടെ വൈബനുസരണം മുദ്രകള്‍ കണ്ടെത്തുകയും ചെയ്തു.

Noi Chernyim

Noi Chernyim

തായ് മന്ത്രോച്ചാരണവുമായി ബന്ധപ്പെട്ട സൂചിത വരികള്‍ ‘Tong Bao Krahmom’ എന്ന തായ് ഗാനത്തിലാണ് Noi Chernyim എന്ന സംഗീത കലാകാരന്‍ രസകരമായ നിലയില്‍ ആദ്യമായി അവതരിപ്പിച്ചത്. Sak Paknam ആണ് രചനയും സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

പാട്ടിന്റെ പ്രചുരപ്രചാര സ്വഭാവത്തിന്റെ ഭാഗമായി 2010 ല്‍ റിലീസ് ചെയ്യപ്പെട്ട തായ് നര്‍മ്മ വിനോദ ചലച്ചിത്രം ‘Luang Phi Teng 3’ (The Holy Man 3) ല്‍ Noi Chernyim ഇതേ വരികള്‍ മന്ത്രം പോലെ ഉച്ഛരിക്കപ്പെടുകയും തികച്ചും ആകസ്മികമായി തമിഴ് ഭാഷയിലെ ‘Annana Paathiya Appata Ketiya’ എന്ന സമാനമായ സാമ്യരൂപമുള്ളതായി തീരുകയും ചെയ്തു. പ്രസ്തുത വരികളുടെ ഇംഗ്‌ളീഷ് പരിഭാഷ ‘Have you seen big brother, have you asked father’ എന്നതാണ്.

'Luang Phi Teng 3' (The Holy Man 3)

‘Luang Phi Teng 3’ (The Holy Man 3)

Niken Salindry എന്ന പതിനൊന്നു വയസ്സുകാരി ഇന്തോനേഷ്യന്‍ നാടന്‍ പാട്ടു കലാകാരി തന്റെ വിവിധഭാഷാ ഗാനാലാപന പരിപാടിയില്‍ ‘Anan Ta Pad Chaye’ എന്ന വരികള്‍ ഉള്‍പ്പെടുത്തിയതോടെയാണ് പാട്ട് വിപുലമായ പ്രചാരത്തിലേക്കുയര്‍ന്നത് .

Niken Salindry

Niken Salindry

ഉയര്‍ത്തെഴുന്നേല്‍പ്പുകളുടെ വിവിധ ഘട്ടങ്ങള്‍ കടന്ന് 2024 ല്‍ പ്രസിദ്ധമായ കെ പോപ്പ് ഗ്രൂപ്പ് ബ്ലാക്ക് പിങ്കിലെ ദക്ഷിണ കൊറിയന്‍ ഗായികയും ഗാനരചയിതാവുമായ റോസ് (റോസാന്‍ പാര്‍ക്ക്), APT’ എന്ന ശീര്‍ഷകത്തില്‍ Bruno Mars ന്റെ സഹകരണത്തോടെ ഒരു പാട്ട് പ്രകാശിപ്പിച്ചു.

‘Anan Ta Pad Chaye’ യുമായുള്ള തലവാചകത്തിലെ യാദൃശ്ചികത പാട്ടിനെ സവിശേഷ ശ്രദ്ധയിലേക്കുയര്‍ത്തി. പാട്ടിന്റെ വഴികളിലെ അപ്രതീക്ഷിതമായ ശൃംഖലാ സമാനമായ പ്രതിപ്രവര്‍ത്തനം ഭാഷാപരമായ സാമ്യത്തിലൂടെ തമിഴ്നാടിന്റെ പാട്ടുവഴക്കങ്ങളില്‍ തരംഗമാകുമ്പോള്‍ അതിന്റെ കാറ്റ് മലയാളത്തിലേക്കും ആഞ്ഞടിക്കുന്നു.

യൂട്യുബ് സെര്‍ച്ചുകള്‍, ശ്രവ്യ സംപ്രേക്ഷണ സങ്കേതമായ സ്‌പോട്ടിഫൈ ഉപയുക്തത, മെമെ രൂപങ്ങള്‍, ഇന്‍സ്റ്റ ട്രെന്‍ഡിങ്ങ്, ഓണ്‍ലൈന്‍ സംഗീത വേദികളിലെ ചര്‍ച്ചകളില്‍ അടക്കം ‘വിശ്വരൂപ’ മാണ് ‘Anan Ta Pad Chaye’.

അധിനിവേശം അതിരുകള്‍ നിശ്ചയിക്കുന്ന സാമൂഹിക സമകാലീനതയില്‍ ഒരു സാംസ്‌കാരിക ഉത്പ്പന്നം എന്ന നിലയില്‍ സംഗീതം നിര്‍വ്വഹിക്കുന്ന സാമൂഹിക ദൗത്യങ്ങളുണ്ട്. അതിരുകളെ അതിന്റെ നിയത മാനദണ്ഡങ്ങളെ അത് അതിലംഘിക്കുകയും മനുഷ്യരെ കരുതലോടെ ഒന്നിപ്പിക്കുകയും ചെയ്യുന്നു.

അനിഷേധ്യമായ സംഗീതത്തിന്റെ പ്രസ്തുത കരുത്താണ് ലോകത്തെ തുള്ളിമറിപ്പിക്കുന്ന Anan Ta Pad Chaye’ പാടിക്കുടയുന്നത്. അത് ഭൂഖണ്ഡങ്ങളില്‍ നിന്നും ഭൂഖണ്ഡങ്ങളിലേക്ക് പാഞ്ഞ്, പാട്ടില്‍ ആട്ടത്തില്‍ പറച്ചിലുകളില്‍ പുതിയ വ്യാകരണങ്ങള്‍ സൃഷ്ടിക്കുകയും വരികളിലെ അര്‍ത്ഥസമ്പൂര്‍ണ്ണതകള്‍ക്ക് കാത്തുനില്‍ക്കാതെ മാമൂലുകളെ കുടഞ്ഞെറിയുകയും ചെയ്യുന്നു.

content highlights: Anan Ta Pad Chaye; Music that crosses boundaries and unites people