മറ്റാരോടും ദേഷ്യപ്പെടുന്നതിൽ കൂടുതൽ ധ്യാനിനോട് ദേഷ്യപ്പെട്ടിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസൻ. എന്നാൽ തങ്ങളുടെ വഴക്ക് അധിക നാൾ നീണ്ട് നിൽക്കില്ലെന്നും ധ്യാൻ തന്നെ എന്ത് പറഞ്ഞാലും ഒരു കുഴപ്പവുമില്ല അതാണ് താൻ ധ്യാന് നൽകുന്ന സ്പേസ് എന്നും വിനീത് പറഞ്ഞു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ധ്യാൻ എന്നെ എന്ത് പറഞ്ഞാലും അതെനിക്കൊരു പ്രശ്‌നമല്ല. അതാണ് ഞാൻ അവന് കൊടുക്കുന്ന ഒരു സ്പേസ്. ഞങ്ങൾ തമ്മിൽ ഭീകരമായ വഴക്കുകൾ ഒക്കെ നടന്നിട്ടുണ്ട്. വേറെ ആരുമായിട്ടും ഉണ്ടാക്കാത്ത ലെവൽ വഴക്ക് ഞാൻ അവനുമായിട്ട് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ എന്തൊക്കെയാണെങ്കിലും അതൊരു കാലം വരെയേ ഉണ്ടാകൂ.
ഞങ്ങൾ തമ്മിൽ ദിവസവും സംസാരിക്കുന്നവർ അല്ല, കാണുന്നവരും അല്ല. പക്ഷെ ഞങ്ങൾക്കിടയിൽ ആ ബന്ധം ഉണ്ടാകുമല്ലോ,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ സംഗീത സംവിധായകൻ സുഷിന് ശ്യാം അഭിനയിച്ചതിനെപ്പറ്റിയും വിനീത് സംസാരിച്ചു. സെറ്റിൽ വന്നപ്പോൾ സുഷിൻ വളരെ ടെൻഷനിൽ ആയിരുന്നെന്നും പേടി മറക്കാനാണ് സൺഗ്ലാസ് അദ്ദേഹത്തിന് കൊടുത്തതെന്നും വിനീത് പറഞ്ഞു.
‘സുഷിൻ സെറ്റിൽ വന്ന സമയത്തു നല്ല ടെൻഷനിൽ ആയിരുന്നു. അവന് അര മണിക്കൂറോളം കൊടുത്താൽ സീൻ ഓക്കേ ആയിക്കോളും. രാവിലത്തെ ലൈറ്റിൽ ഷൂട്ട് ചെയ്താൽ നല്ലതായിരിക്കും എന്നുള്ളതുകൊണ്ട് ഞങ്ങൾ പെട്ടെന്ന് ചെയ്ത് തീർക്കാൻ ശ്രമിക്കുകയായിരുന്നു. പേടി അവന്റെ മുഖത്തുണ്ട് അതുകൊണ്ട് അവനോട് ഒരു സൺഗ്ലാസ് വെച്ചോളാൻ ഞാൻ പറഞ്ഞു,’വിനീത് പറഞ്ഞു.
അതേസമയം വർണച്ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമിക്കുന്ന നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ ആണ് വിനീത് ശ്രീനിവാസന്റെ റിലീസിനൊരുങ്ങുന്നു ചിത്രം. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവർ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കും.
Content Highlights: Vineeth Srenivasan on Dhyan Sreenivasan