Entertainment news
എന്നെ ആളുകള്‍ വിജയ് യേശുദാസ് എന്ന് വിളിച്ചിട്ടുണ്ട്, അദ്ദേഹത്തെ വിജയ് ശ്രീനിവാസനെന്നും: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 07, 12:51 pm
Monday, 7th November 2022, 6:21 pm

പിന്നണി ഗായകനായ തന്റെ തുടക്ക കാലത്ത് പലരും പേര് മാറി വിളിച്ച അനുഭവം പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസന്‍. തന്റെ അച്ഛന്‍ ഗായകന്‍ അല്ലാത്തതുകൊണ്ടാകും ആളുകള്‍ക്ക് പേരില്‍ സംശയം തോന്നുന്നതെന്നും ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു.

”എന്നെ പലരും പേര് മാറി വിളിച്ചിട്ടുണ്ട്. ഞാന്‍ പാട്ട് കൂടുതലായി പാടുന്ന സമയത്ത് ഒരു സംഭവം നടന്നിരുന്നു. ഞാന്‍ ആരുടേയോ മോനാണ് എന്നാല്‍ ആരുടെ മോനാണെന്ന് അളുകള്‍ക്ക് അറിയില്ലായിരുന്നു.

അങ്ങനെ നില്‍ക്കുന്ന സമയത്ത് ദുബായിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഞാന്‍ റോഡ് ക്രോസ് ചെയ്യുമ്പോള്‍ ഒരാള്‍ കാര്‍ പാര്‍ക്ക് ചെയ്ത് എന്റെ അടുത്തേക്ക് വന്നു. അദ്ദേഹം എന്നെ നോക്കി ചിരിച്ചു. ഞാന്‍ ചിരിച്ചപ്പോള്‍ ഹായ് വിജയ് യേശുദാസ് എന്ന് വിളിച്ചു.

ഞാന്‍ അദ്ദേഹത്തെ തിരുത്താന്‍ പോയില്ല. തിരിച്ച് വിഷ് ചെയ്ത് കടന്ന് പോയി. കുറേ കാലം എന്നെ വിജയ് യേശുദാസ് എന്ന് പലരും വിളിച്ചിട്ടുണ്ട്. അതുപോലെ വിജയ് ശ്രീനിവാസന്‍ എന്നും വിളിച്ചിട്ടുണ്ട്.

ആരുടെ മോനാണെന്നുള്ള സംശയംകാരണമാകും വിജയ് ശ്രീനിവാസന്‍ എന്ന് എന്നെ കുറേ വിളിച്ചത്. ആരുടേയോ മോനാണ് എന്നാല്‍ ആരുടെ മോനാണെന്ന് അറിയില്ല. ശ്രീനിവാസന്റെ മോനാകാന്‍ സാധ്യത ഇല്ലെന്ന് കരുതിക്കാണും കാരണം ഞാന്‍ പാട്ട് പാടുന്നുണ്ടല്ലോ.

അതുകൊണ്ട് യേശുദാസ് എന്നാകും കണ്ക്ട് ആവുക. വിജയ് അതുപോലെ എന്നോട് പറഞ്ഞിരുന്നു അദ്ദേഹത്തെ വിജയ് ശ്രീനിവാസന്‍ എന്ന് വിളിച്ച കാര്യം. കൊയമ്പത്തൂരിലെ ഏതോ കോളേജിന്റെ സൂം മീറ്റില്‍ വെച്ചിട്ട് വിജയ് ശ്രീനിവാസന്‍ എന്ന് അവര്‍ അദ്ദേഹത്തെ വിളിച്ചു,” വീനീത് പറഞ്ഞു.

വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമാണ് അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

content highlight: vineeth sreenivasn shares an experience about his name cofusions