ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.
ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നിവിൻ പോളിയും ഒരു അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടുന്നത്.
ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ – വിനീത് ശ്രീനിവാസൻ ഒന്നിക്കുന്ന ചിത്രം, കാലങ്ങൾക്ക് ശേഷം നിവിൻ പോളി അഭിനയിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം അങ്ങനെ നിരവധി പ്രത്യേകതകളുള്ള ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.
ചിത്രത്തിന്റെ പോസ്റ്റർ ഇറങ്ങിയപ്പോൾ തൊട്ട് ചിത്രത്തിലെ പ്രണവിന്റെ ഗെറ്റപ്പ് വലിയ രീതിയിൽ ചർച്ചയായിരുന്നു. പടത്തിലെ ആദ്യ ഗാനമായ ‘ മധു പകരൂ’ ഇറങ്ങിയതോടെ പ്രണവിന് മോഹൻലാലുമായുള്ള സാമ്യതകൾ വലിയ ചർച്ചകൾ സോഷ്യൽ മീഡിയകളിൽ സജീവമായിരുന്നു. ഇത് പഴയ ലാലേട്ടൻ ആണെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.
ചിത്രം ഷൂട്ട് ചെയ്യുന്നതിനിടയിൽ പ്രണവിൽ നിന്ന് പഴയ മോഹൻലാലിന്റെ മാനറിസങ്ങൾ താൻ കണ്ടെന്നും അത് പ്രണവിന്റെ അമ്മയായ സുചിത്ര മോഹൻലാലിനെ താൻ അറിയിച്ചെന്നും വിനീത് പറയുന്നു. സുചിത്ര വന്ന് പ്രണവിന്റെ അഭിനയം കണ്ടപ്പോൾ അത് മോഹൻലാൽ തന്നെയാണെന്ന് പറഞ്ഞെന്നും വിനീത് പറഞ്ഞു. കൈരളി ടി. വിയോട് സംസാരിക്കുകയായിരുന്നു താരം.
‘വർഷങ്ങൾക്ക് ശേഷം ഷൂട്ട് ചെയ്യുമ്പോൾ അപ്പുവിൽ നിന്ന് എനിക്ക് പഴയ ലാലങ്കിളിന്റെ ഒരു സാധനം കിട്ടി. ചിത്രത്തിന്റെ ഡബ്ബിങ് നടക്കുന്ന സമയത്ത് ഞാനിത് സുചിയാന്റിയെ വിളിച്ചു പറഞ്ഞിരുന്നു.
എനിക്ക് പല സമയത്തും അപ്പുവിൽ ലാലങ്കിളിനെ ഫീൽ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. സുചിയാന്റി പറഞ്ഞത്, അങ്ങനെ വരാൻ ചാൻസില്ലായെന്നായിരുന്നു. ഞാൻ വന്നു കണ്ടോട്ടെയെന്ന് ചോദിച്ച് സുചിയാന്റി ഡബ്ബിങ് നടക്കുന്ന സ്ഥലത്തേക്ക് വന്നു.
അവിടെ വന്ന് കണ്ടപ്പോൾ സുചിയാന്റി എന്നോട് പറഞ്ഞത്, ഇത് ലാൽ ചേട്ടൻ തന്നെയാണെന്നാണ് ചില സീൻ കാണുമ്പോൾ എനിക്ക് തോന്നുന്നത് എന്നായിരുന്നു. നമുക്ക് മാത്രമല്ല തോന്നിയത് എന്നാണ് അതിനർത്ഥം,’ വിനീത് ശ്രീനിവാസൻ പറയുന്നു.
Content Highlight: Vineeth Sreenivasan Talk About Suchithra Mohanlal And Pranav