മലയാളികളുടെ പ്രിയ താര പുത്രനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് പിന്നീട് നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു.
വിനീതിന്റെ സംവിധാനത്തിൽ ഒടുവിൽ ഇറങ്ങിയ വർഷങ്ങൾക്ക് ശേഷവും തിയേറ്ററിൽ മികച്ച വിജയം നേടിയിരുന്നു.
മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രമായിരുന്നു വിനീത് ആദ്യമായി സംവിധാനം ചെയ്തത്. മലർവാടിയുടെ തിരക്കഥ എഴുതിയ അനുഭവങ്ങൾ പങ്കുവെക്കുകയാണ് വിനീത്. ആദ്യമായി തിരക്കഥ എഴുതുമ്പോൾ മുൻ പരിചയമില്ലാത്തതിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അച്ഛൻ ശ്രീനിവാസന്റെ നിർദേശങ്ങളാണ് പലപ്പോഴും സഹായിച്ചതെന്നും വിനീത് പറയുന്നു.
മലർവാടിയുടെ തിരക്കഥ എട്ടു തവണ താൻ മാറ്റിയെഴുതിയിട്ടുണ്ടെന്നും അന്ന് അച്ഛൻ പറഞ്ഞ കമന്റ് ഇന്നും ഓർമയുണ്ടെന്നും വിനീത് പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ആദ്യസിനിമ എഴുതുമ്പോൾ എഴുത്തിൻ്റെ രീതി വശമില്ലാത്തതിൻ്റെ പ്രശ്നങ്ങൾ ഏറെയുണ്ടായിരുന്നു. അച്ഛൻ്റെ നിർദേശങ്ങളാണ് പുതിയ പല ചിന്തകളിലേക്കും അന്ന് വഴിതുറന്നത്. എഴുതിയത് ഓരോ തവണ കാണിക്കുമ്പോഴും അച്ഛൻ അപാകങ്ങൾ ചൂണ്ടിക്കാണിച്ചു.
‘മലർവാടി’യുടെ തിരക്കഥ എട്ടാമത്തെ തവണ മാറ്റിയെഴുതി കാണിച്ചപ്പോൾ അച്ഛൻ ചിരിച്ചു, എഴുതിയെഴുതി പതംവന്നു തുടങ്ങിയല്ലോ.. എന്ന കമൻ്റ് ഇപ്പോഴും മനസിലുണ്ട്. ഒരു വിഷയം മനസിൽ ശക്തമായി ഉരുത്തിരിഞ്ഞുവന്ന് പാകമായി എന്ന് മനസ് പറഞ്ഞാൽ മാത്രമേ എഴുത്ത് തുടങ്ങാറുള്ളൂ.