സമീപകാലത്തെ പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയെ അടയാളപ്പെടുത്തുന്നതായിരുന്നു 2025 ചാമ്പ്യന്‍സ് ട്രോഫിയിലെ ടീമിന്റെ പ്രകടനം. താരങ്ങളുടെ പരിക്കിനും മോശം ഫോമിനും പുറമെ ക്രിക്കറ്റ് ബോര്‍ഡിലുണ്ടായ അസ്വാരസ്യങ്ങളും ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ പരാജയത്തിന് കാരണമായി.
നിരാശാജനകമായ പ്രകടനമായിരുന്നു ടൂര്‍ണമെന്റില്‍ ടീം പുറത്തെടുത്തത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ എന്ന് പേരും പെരുമയുമായി എത്തിയ ടീമിന് ആ പേരും പെരുമയും വൈകാതെ ഭാരമായി മാറുകയായിരുന്നു. സ്വന്തം കാണികള്‍ക്ക് മുമ്പില്‍, സ്വന്തം മണ്ണില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെയാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍, തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ പുറത്തായത്.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് 60 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് ആറ് വിക്കറ്റിനും പരാജയപ്പെട്ട പാകിസ്ഥാന്റെ അവസാന മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ബംഗ്ലാദേശിനെതിരെയായിരുന്നു പാകിസ്ഥാന്റെ അവസാന മത്സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്‍ സെമി ഫൈനല്‍ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് വ്യക്തമാക്കുകയാണ് മുന്‍ ഓസീസ് സൂപ്പര്‍ താരവും ഇതിഹാസ ക്യാപ്റ്റനുമായ റിക്കി പോണ്ടിങ്. ഹോം അഡ്വാന്റേജ് മുതലാക്കാന്‍ പാകിസ്ഥാന് സാധിക്കുമെന്ന് താന്‍ കരുതിയിരുന്നെന്നും എന്നാല്‍ റിസ്വാനും സംഘവും പാടെ നിരാശപ്പെടുത്തുകയായിരുന്നെന്നും പോണ്ടിങ് പറഞ്ഞു.
ഗ്രൂപ്പ് എ-യില്‍ നിന്നും ന്യൂസിലാന്‍ഡ് മുമ്പോട്ട് കുതിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും പോണ്ടിങ് പറഞ്ഞു.
‘ഇത്തവണ ഞാന്‍ സെമി ഫൈനല്‍ കളിക്കുന്ന ടീമുകളെ തെരഞ്ഞെടുത്തിരുന്നില്ല. മത്സരം നടക്കുന്നത് പാകിസ്ഥാനായതിനാല്‍ തന്നെ പാകിസ്ഥാന്‍ സെമിയില്‍ പ്രവേശിക്കുമെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. സൗത്ത് ആഫ്രിക്കയും യോഗ്യത നേടുമെന്ന് ഞാന്‍ കണക്കുകൂട്ടി. ഇക്കാരണംകൊണ്ടുതന്നെ ഞാന്‍ ന്യൂസിലാന്‍ഡിനെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അവര്‍ വീണ്ടും അവിടെയെത്തി.
സെമി ഫൈനലില്‍ എന്തൊരു മികച്ച പ്രകടനമായിരുന്നു അവര്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ പുറത്തെടുത്തത്. ഏകദിന ഫോര്‍മാറ്റില്‍ ഇതിലും നന്നായി നിങ്ങള്‍ക്കൊരിക്കലും കളിക്കാന്‍ സാധിക്കില്ല. ആദ്യം ബാറ്റ് ചെയ്ത് 360 റണ്‍സ് നേടുക എന്നത് തീര്‍ത്തും അത്ഭുതകരമാണ്. എനിക്ക് തോന്നുന്നത് ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത് എന്നാണ്,’ പോണ്ടിങ് പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ഇയര്‍ന്ന സ്‌കോറാണ് ന്യൂസിലാന്‍ഡ് സെമിയില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ പടുത്തുയര്‍ത്തിയത്. രചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്യംസണിന്റെയും സെഞ്ച്വറി കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സാണ് ടീം സ്വന്തമാക്കിയത്.
ചാമ്പ്യന്‍സ് ട്രോഫിയുടെ ഇതേ എഡിഷനില്‍ ഓസ്ട്രേലിയ സ്വന്തമാക്കിയ 356 റണ്‍സിന്റെ റെക്കോഡാണ് കങ്കാരുക്കളുടെ ഓഷ്യാനിക് റൈവലുകള്‍ പഴങ്കഥയാക്കിയത്. ഇതേ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് നേടിയ 351 റണ്‍സിന്റെ റെക്കോഡിന് മണിക്കൂറുകള്‍ മാത്രം ആയുസ്സ് നല്‍കിയായിരുന്നു ഓസീസിന്റെ കുതിപ്പ്.
ചാമ്പ്യന്‍സ് ട്രോഫിയിലെ (ഐ.സി.സി നോക്ക്ഔട്ട്) ഏറ്റവുമുയര്‍ന്ന ടോട്ടല്‍
(സ്‌കോര്‍ – ടീം – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
362/2 – ന്യൂസിലാന്‍ഡ് – സൗത്ത് ആഫ്രിക്ക – ലാഹോര്‍ – 2025*
356/5 ഓസ്ട്രേലിയ – ഇംഗ്ലണ്ട് – ലാഹോര്‍ – 2025
351/8 ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ – ലാഹോര്‍ – 2025
347/4 ന്യൂസിലാന്‍ഡ് – യു.എസ്.എ – ദി ഓവല്‍ – 2004
338/4 പാകിസ്ഥാന്‍ – ഇന്ത്യ – ദി ഓവല്‍ – 2017
331/7 ഇന്ത്യ – സൗത്ത് ആഫ്രിക്ക – കാര്‍ഡിഫ് – 2023
323/8 ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക – സെഞ്ചൂറിയന്‍ – 2009
ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെയും ന്യൂസിലാന്‍ഡ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് അഭിപ്രായപ്പെട്ട പോണ്ടിങ്, വൈകാതെ തന്നെ അവര്‍ ഐ.സി.സി. കിരീടം സ്വന്തമാക്കുമെന്നും അഭിപ്രായപ്പെട്ടു.
‘ഫൈനലിലും അവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എതിരാളി ഇന്ത്യയായതുകൊണ്ടും അന്നത്തെ ദിവസം അവര്‍ക്ക് അനുകൂലമായതുകൊണ്ടുമാണ് ന്യൂസിലാന്‍ഡിന് തോല്‍വി വഴങ്ങേണ്ടി വന്നത്. എന്നാല്‍ അധികം വൈകാതെ ഏത് കരുത്തുറ്റ ടീമിനെയും പരാജയപ്പെടുത്തി ഐ.സി.സിയുടെ കിരീടം സ്വന്തമാക്കാന്‍ കിവികള്‍ക്ക് സാധിക്കും,’ റിക്കി പോണ്ടിങ് പറഞ്ഞു.
Content Highlight: Ricky Ponting praises New Zealand after their brilliant performance in Champions Trophy