തന്റെ മകൻ ആയത് കൊണ്ടുള്ള യാതൊരു സൗജന്യവും പ്രതീക്ഷിക്കരുതെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുള്ളതായി മകൻ വിനീത് ശ്രീനിവാസൻ.
തന്റെ ഏറ്റവും പുതിയ ചിത്രമായ കുറുക്കന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.
‘ഉദയനാണ് താരം സിനിമയിൽ എന്നെ കൊണ്ട് പാട്ട് പാടിക്കണമെന്ന് റോഷൻ ചേട്ടൻ(റോഷൻ ആൻഡ്രൂസ്) പറഞ്ഞു. അപ്പോൾ അച്ഛൻ എന്നോട് പറഞ്ഞത് നീ ഈ സിനിമയിൽ പാടണ്ടയെന്നാണ്. പക്ഷെ അച്ഛൻ അറിയാതെ ഞാൻ ആ പാട്ട് പാടി. റെക്കോഡ് ചെയ്ത ശേഷം അച്ഛനെ കൊണ്ട് ചെന്ന് റോഷൻ ചേട്ടൻ പാട്ട് കേൾപ്പിച്ചു. അച്ഛൻ പിന്നീടാണ് സമ്മതിച്ചത്,’ വിനീത് പറയുന്നു.
ശ്രീനിവാസൻ ചെറുപ്പം മുതലേ തന്റെ പേരിൽ ഒരു സൗജന്യവും പ്രതീക്ഷിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും വിനീത് പറയുന്നു. അക്കാര്യം കുറച്ച് കട്ടിയിൽ കേട്ടിട്ടുള്ളത് ധ്യാൻ ശ്രീനിവാസൻ ആണെന്നും വിനീത് കൂട്ടിച്ചേർത്തു.
‘അച്ഛൻ ചെറുപ്പം മുതലേ തന്റെ പേരിലുള്ള ഒരു സൗജന്യവും പ്രതീക്ഷിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. അത് കുറച്ച് ഹാർഷായി കേട്ടിട്ടുള്ളത് ധ്യാൻ തന്നെയാണ്. എന്നോടും അക്കാര്യം പറഞ്ഞിട്ടുണ്ട്. ആകെ കൂടെ അച്ഛന്റെ ഒരു ഹെൽപ് ചോദിച്ച് ഞാൻ വാങ്ങിയത് എനിക്ക് പടാനായി ഒരു ഡെമോ സി.ഡി ഞാൻ ഉണ്ടാക്കിയിരുന്നു. കുറച്ച് പാട്ടുകൾ ഒക്കെ പാടിയിട്ട്, അതൊന്ന് എ.ആർ റഹ്മാന്റെ സ്റ്റുഡിയോയിൽ എത്തിക്കാൻ നടൻ റഹമാന്റെ അടുത്ത് എത്തിക്കുമോ എന്ന് ചോദിച്ചിട്ടുണ്ട്. അതിന് എന്റെ കൂടെ അച്ഛൻ വന്നിട്ടും ഉണ്ട്. പിന്നെ ഒരു തവണ അക്ഷയ് ഖന്നയെ കാണണം എന്ന് പറഞ്ഞപ്പോഴും കൂടെ വന്നിട്ടുണ്ട്’, വിനീത് പറയുന്നു.
അതേസമയം വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിൽ എത്തുന്ന കുറുക്കൻ ജൂലൈ 27 നാണ് റിലീസ് ചെയ്യുക. വർണച്ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമിക്കുന്ന ചിത്രം നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്. ഒരു മുഴുനീള ഫൺ ഇൻവെസ്റ്റിഗേഷൻ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് കുറുക്കൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്ലറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോക്കും ഒപ്പം സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.