വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിനെതിരെ വിമര്‍ശനവുമായി നടന്‍ ഇടവേള ബാബു രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.
സിനിമ ഓടുമെന്ന് സംവിധായകന് വിശ്വാസമുണ്ടായിരുന്നുവെന്നും പ്രേക്ഷകരുടെ പോക്ക് എങ്ങോട്ടാണെന്ന് അത്ഭുതം തോന്നിയെന്നും പറഞ്ഞ അദ്ദേഹം ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചെന്നും പറഞ്ഞിരുന്നു. ഇടവേള ബാബുവിന്റെ ഈ പരാമര്‍ശത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.
ഇടവേള ബാബു തന്നെ വിളിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞതില്‍ കൂടുതല്‍ ഒന്നുമില്ലെന്നും വിനീത് പറഞ്ഞു. താനും അപര്‍ണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന തങ്കം എന്ന എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എറണാകുളം ലോ കോളേജില്‍ നടന്ന പരിപാടിക്കിടയില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടി പറകയുകയായിരുന്നു വിനീത്.
‘എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ആളുകള്‍ അഭിപ്രായം പറയുന്നത് നല്ലതല്ലേ. നമ്മുടെ സിനിമയെപ്പറ്റി ചര്‍ച്ച നടക്കുന്നുണ്ടല്ലോ. അത് സന്തോഷമുള്ള കാര്യമാണ്.
ബാബു ചേട്ടന്‍ എന്നെ നേരിട്ട് വിളിച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെത്തന്നെയുള്ളു കൂടുതലൊന്നുമില്ല,’ വിനീത് പറഞ്ഞു.
അനിയന്(ധ്യാന്‍ ശ്രീനിവാസന്‍) സുഖമാണോ എന്ന ചോദ്യത്തിന് ‘ഒരു ദിവസം ഞാന്‍ ഇങ്ങോട്ട് വിടാം’ എന്ന് വിനീത് പറഞ്ഞപ്പോള്‍ വലിയ കയ്യടിയാണ് ലഭിച്ചത്. തുടര്‍ന്ന് ഞാന്‍ വിട്ടാല്‍ അവന്‍ വരുന്ന പോലെ, എന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ വെച്ചാണ് ഇടവേള ബാബുവിന്റെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിനെക്കുറിച്ചു പരാമര്‍ശങ്ങള്‍ നടത്തിയത്.