Entertainment
ഞാനത് പറഞ്ഞതും ഹിഷാം പൊട്ടിക്കരഞ്ഞു, ആ സിറ്റുവേഷന്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 19, 05:54 pm
Friday, 19th April 2024, 11:24 pm

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും ജനപ്രീതിയുള്ള സിനിമകളിലൊന്നാണ് ഹൃദയം. 2023ല്‍ റിലീസായ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലായിരുന്നു നായകന്‍. അരുണ്‍ നീലകണ്ഠന്‍ എന്ന യുവാവിന്റെ ജീവിത്തിലൂടെ കഥ പറഞ്ഞുപോകുന്ന ചിത്രം വന്‍ വിജയമായിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടയില്‍ റിലീസായ സിനിമ തിയേറ്ററുകളില്‍ ജനപ്രവാഹം തീര്‍ത്തു. ചിത്രത്തിന്റെ സംഗീതസംവിധാനം ചെയ്ത ഹിഷാമിന് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

അതുവരെ തന്റെ ചിത്രങ്ങളില്‍ സംഗീതം ചെയ്ത ഷാന്‍ റഹ്‌മാനെ മാറ്റി പുതിയൊരു സംഗീതസംവിധായകനെ വിനീത് തന്റെ സിനിമയില്‍ സംഗീതം ചെയ്യാനേല്പിച്ചത് എല്ലാവരും സംശയത്തോടെയാണ് കണ്ടത്. എന്നാല്‍ ഹൃദയത്തിന്റെ ആത്മാവായി സിനിമയിലെ ഗാനങ്ങള്‍ ഏറ്റെടുത്തു. ഹിഷാമിനെ സംഗീതം ചെയ്യാനേല്പിച്ച അനുഭവം വിനീത് പങ്കുവെച്ചു.

അതുവരെ എല്ലാറ്റിനും തന്റെ കൂടെ നിന്ന ഷാനിനെ മാറ്റുന്നത് എങ്ങനെയാണെന്ന ചിന്തിച്ച് ടെന്‍ഷനായെന്നും ഷാനിനോട് സംസാരിച്ചപ്പോള്‍ ഷാന്‍ സമ്മതിച്ചുവെന്നും ഹിഷാമിനോട് ഇത് പറഞ്ഞപ്പോള്‍ അവന്‍ പൊട്ടിക്കരഞ്ഞുവെന്നും വിനീത് പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

‘ജേക്കബിന്റെ സ്വര്‍ഗരാജ്യം ഞാന്‍ എഴുതുമ്പോള്‍ ഹിഷാമിന്റെ ഖദം ബതാ എന്ന ആല്‍ബത്തിലെ പാട്ട് ലൂപ്പിലിട്ടാണ് എഴുതിയത്. ആ പാട്ടൊക്കെ എനിക്ക് ഇന്‍സ്പിറേഷനായിരുന്നു. ആ സമയത്തൊക്കെ ഹിഷാം സ്ട്രഗ്‌ളിങ് ചെയ്യുകയായിരുന്നു. എനിക്ക് ഇന്‍ഡസ്പിറേഷനായ ഒരാള്‍ എന്റെ മുന്നില്‍ സ്ട്രഗിള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ അതെനിക്ക് ഗില്‍റ്റായി. അവന് ഒരവസരം കൊടുക്കണമെന്ന് തോന്നി. പക്ഷേ അതുവരെ എന്റെകൂടെ നിന്ന ഷാനിനെ ഞാന്‍ ഇതിന് വേണ്ടി ഒഴിവാക്കേണ്ടി വരും. ഞാനിത് ഷാനിനോട് സംസാരിച്ചപ്പോള്‍ അവനും അത് ഓക്കെയായി.

പിറ്റേദിവസം ഹിഷാമിനെ ഞാന്‍ നോബിളിന്റെ ഫ്‌ളാറ്റിലേക്ക് വിളിപ്പിച്ചു. എന്നിട്ട് അവനോട് ഞാന്‍ പറഞ്ഞു, എന്റെ അടുത്ത പടത്തിന് മ്യൂസിക് ചെയ്യുന്നത് നീയാണന്ന്. ഇത് കേട്ടതും അവന്‍ ഒറ്റക്കരച്ചിലായിരുന്നു. ഞാനും നോബിളും അത് ഒട്ടും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ആ സിറ്റുവേഷന്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ബാത്ത്‌റൂമില്‍ പോയി മുഖം കഴുകി വന്നിട്ട് അവന്‍ പറഞ്ഞത് ‘കഴിഞ്ഞ 10 വര്‍ഷമായി ഒരു ഡയറക്ടര്‍ ഇങ്ങനെ പറയുന്നതിന് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു’ എന്നായിരുന്നു. ഞാന്‍ കാരണം അവന്റെ ലൈഫ് മാറിയതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan explains the incident with Hesham Abdul Wahab before Hridayam movie