Entertainment news
കുറേ ഓഡിയന്‍സിന് താങ്ക്‌സ് കാര്‍ഡ് കാണാന്‍ തന്നെ താല്‍പര്യമില്ല, പക്ഷെ നമ്മളുടെയൊക്കെ സിനിമയില്‍ ഇതില്ലാതെ നടക്കില്ല: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 20, 02:37 pm
Friday, 20th January 2023, 8:07 pm

ആരോടും നന്ദി പറയാനില്ലെന്ന് പറഞ്ഞു കൊണ്ടാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമ ആരംഭിക്കുന്നത്. ഈ കാര്യം അറിഞ്ഞ് സിനിമയുടെ പ്രൊഡ്യൂസര്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ആരോടും നന്ദി പറയാനില്ലെന്ന് പറഞ്ഞാണ് സിനിമ തുടങ്ങാന്‍ നില്‍ക്കുന്നതെന്നും നമ്മളങ്ങനെ തുടങ്ങാന്‍ പാടുണ്ടോയെന്നൊക്കെ തന്നോട് പ്രൊഡ്യൂസര്‍ ചോദിച്ചിരുന്നുവെന്നും വിനീത് പറഞ്ഞു.

എന്നാല്‍ സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ വിളിച്ചുവെന്നും വിനീത് പറഞ്ഞു. ആരോടും നന്ദി പറയാനില്ല എന്ന് പറയുന്നത് നല്ലൊരു മൂവാണെന്നും വിനീത് പറഞ്ഞു. ഫില്‍മീ ബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അഭി വന്നപ്പോള്‍ തന്നെ ആരോടും നന്ദി പറയാനില്ലെന്നാണ് പറഞ്ഞത്. അത് ശരിക്കും നല്ലൊരു മൂവാണ്. കാരണം കുറേ ഓഡിയന്‍സിന് ഈ താങ്ക്‌സ് കാര്‍ഡ് കാണാന്‍ തന്നെ താല്‍പര്യമില്ല. സിനിമ ഒ.ടി.ടിയില്‍ വരുമ്പോഴും താങ്ക്‌സ് കാര്‍ഡ് തുടങ്ങി എന്നും പറഞ്ഞ് ആളുകള്‍ സ്‌കിപ്പ് അടിച്ചോണ്ടിരിക്കും. സ്‌കിപ്പ് അടിച്ചിട്ട് പടം കാണുന്ന ആളുകളാണ് കൂടുതല്‍ ഉള്ളത്. കുറേ ആളുകള്‍ക്ക് ഇതുകാണണ്ട.

നമുക്ക് നന്ദിയുള്ളവര്‍ക്ക് അറിയാമല്ലോ നമുക്ക് അവരോട് നന്ദിയുണ്ടെന്ന്. പക്ഷെ നമ്മളുടെയൊക്കെ സിനിമയില്‍ ഇതില്ലാതെ നടക്കില്ല. ഈ സിനിമ ചെയ്ത് കഴിഞ്ഞപ്പോള്‍ പ്രൊഡ്യൂസര്‍ അജിത്ത് ജോയ് എന്നെ കാണാന്‍ വന്നിരുന്നു. അഭി ആരോടും നന്ദി പറയാനില്ലെന്ന് പറഞ്ഞാണ് സിനിമ തുടങ്ങാന്‍ നില്‍ക്കുന്നത്, അത് ശരിയാകുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. നമ്മളങ്ങനെ തുടങ്ങാന്‍ പാടുണ്ടോയെന്നൊക്കെ അദ്ദേഹം ചോദിച്ചു. അജിത്ത് സാര്‍ അവന് ആരോടും നന്ദിയില്ലാത്തത് കൊണ്ടല്ല, അവന്‍ സിനിമയുടെ ടോണ്‍ സെറ്റ് ചെയ്യാന്‍ വേണ്ടിയാണ് അങ്ങനെ കൊടുക്കുന്നതെന്നും ഞാന്‍ മറുപടി പറഞ്ഞു. പടം തുടങ്ങുന്നതിന് മുമ്പ് ആളുകള്‍ക്ക് സിനിമ എന്താണെന്ന് മനസിലാകുമെന്നും സാര്‍ ആദ്യം പടം കാണൂ, എന്നിട്ടെന്താണ് തോന്നുന്നതെന്ന് പറയൂ എന്ന് ഞാന്‍ പറഞ്ഞു.

സിനിമ കണ്ടപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു. പടം ഇങ്ങനെ തന്നെ മതി, ആരോടും നന്ദി പറയേണ്ടെന്ന് പറഞ്ഞു. പ്രൊഡ്യൂസര്‍ അങ്ങനെ അവനെ മനസിലാക്കിയത് കൊണ്ടാണ് അഭിയുടെ സ്വാതന്ത്രത്തിന് വിട്ടത്,” വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

content highlight: vineeth sreenivasan about thanks card in the movie mukundan unni associates