അഭിനയിച്ച് വൈകുന്നേരം ആയപ്പോഴാണ് ബേസിൽ അവന്റെ പേര് തന്നെ അറിയുന്നത്: വിനീത് ശ്രീനിവാസൻ
Entertainment news
അഭിനയിച്ച് വൈകുന്നേരം ആയപ്പോഴാണ് ബേസിൽ അവന്റെ പേര് തന്നെ അറിയുന്നത്: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st April 2024, 10:21 am

മലയാളത്തിലെ യുവ താരനിരകൾ അണിനിരക്കുന്ന സിനിമയാണ് വർഷങ്ങൾക്ക് ശേഷം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിൽ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും ധ്യാന്‍ ശ്രീനിവാസനും പുറമെ അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്.

വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.

വിനീതിന്റെ സുഹൃത്തുക്കൾ ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും വർഷങ്ങൾക്ക് ശേഷത്തിനുണ്ട്. വിനീതിന്റെ അസിസ്റ്റന്റ് ആയി സിനിമയിലേക്കെത്തി അവിടുന്ന് സ്വതന്ത്ര സംവിധായകനും പിന്നീട് അഭിനയത്തിലും മുൻനിരയിൽ നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ബേസിൽ വർഷങ്ങൾക്ക് ശേഷത്തിൽ ആദ്യ ദിവസം അഭിനയിക്കാൻ വന്നപ്പോഴുള്ള ഒരു തമാശ പങ്കുവെക്കുകയാണ് വിനീത്.

ബേസിൽ ആദ്യ ദിവസം വന്ന് ഷൂട്ട് ചെയ്ത് വൈകുന്നേരം ആയപ്പോഴാണ് കഥാപാത്രത്തിന്റെ പേരെന്താണെന്ന് അറിയുന്നതെന്ന് വിനീത് പറഞ്ഞു. താൻ ബേസിലിനോട് അവന്റെ കഥാപാത്രത്തിന്റെ പേര് ചോദിച്ചപ്പോൾ എന്താ എന്നായിരുന്നു മറുപടിയെന്നും വിനീത് കൂട്ടിച്ചേർത്തു. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ബേസിയുടെ കോമഡി എന്തെന്നുവെച്ചെന്നാൽ അവന് ഷൂട്ടിന് വന്നു. ഷൂട്ട് ചെയ്തു. ആദ്യ ദിവസം വന്ന് ഷൂട്ട് ചെയ്ത് വൈകുന്നേരം ആയപ്പോഴേക്കും ഞാൻ അവനോട് ചോദിച്ചു നിന്റെ ക്യാരക്ടറിന്റെ പേര് അറിയുമോ എന്ന്. എന്താ എന്റെ ക്യാരക്ടറിന്റെ പേര് എന്നായിരുന്നു ബേസിയുടെ മറുപടി. അഭിനയിച്ച് വൈകുന്നേരം ആയപ്പോഴാണ് അവൻ പേര് തന്നെ അറിയുന്നത്,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

ഹൃദയത്തിന് ശേഷം പ്രണവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രത്തിന് മേല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് വിശാഖ് സുബ്രമണിയാണ്. മ്യൂസിക് കമ്പോസ് ചെയ്തത് അമൃത് രാംനാഥ്. ചിത്രം 2024 ഏപ്രില്‍ 11നാണ് തീയേറ്ററുകളില്‍ എത്തുന്നത്.

Content Highlight: Vineeth sreenivasan about basil joseph’s funny things