Entertainment
ആ നടൻ അനുഭവിക്കുന്ന സ്ട്രെസ് എനിക്കറിയാം, ഞാൻ ഇടയ്ക്ക് വിളിച്ച് ഓക്കെയാണോയെന്ന് ചോദിക്കാറുണ്ട്: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 07, 10:08 am
Saturday, 7th December 2024, 3:38 pm

കുഞ്ഞിരാമായണം എന്ന ആദ്യ സിനിമയിലൂടെ തന്നെ സിനിമ പ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് ബേസിൽ ജോസഫ്. പുതുമയുള്ള വ്യത്യസ്‍ത അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ ബേസിൽ ജോസഫിന് കഴിഞ്ഞു.

അടുത്ത ചിത്രങ്ങളായ ഗോദയും മിന്നൽ മുരളിയും വലിയ വിജയമായതോടെ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി ബേസിൽ മാറി. ഇന്ന് തിരക്കുള്ള നടന്മാരിൽ ഒരാളാണ് ബേസിൽ. നായകനായി എത്തിയ ഭൂരിഭാഗം ചിത്രങ്ങളും ബേസിലിന് സൂപ്പർഹിറ്റാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ബേസിലിനെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ബേസില്‍ ജോസഫിന്റെ കാര്യത്തില്‍ തനിക്ക് കൂടുതല്‍ ശ്രദ്ധയുണ്ടെന്നും അവന്‍ ആവശ്യത്തില്‍ കൂടുതല്‍ സ്‌ട്രെസ് എടുക്കുന്നതുകൊണ്ട് അവന്‍ ഒക്കെയാണോ എന്ന് അന്വേഷിക്കാറുണ്ടെന്നും വിനീത് പറഞ്ഞു. ലീഫി സ്റ്റോറീസിനോട് സംസാരിക്കുകയായിരുന്നു വിനീത്

‘ബേസിലിന്റെ കാര്യത്തില്‍ എനിക്ക് കുറച്ചധികം ടെന്‍ഷനുണ്ട്. പുറത്ത് നമ്മള്‍ കാണുമ്പോള്‍ ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ അവന്‍ നല്ലരീതിയില്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്നുണ്ട്. പക്ഷേ അവന്‍ അനുഭവിക്കുന്ന സ്‌ട്രെസ് നമുക്ക് അറിയാവുന്നതുകൊണ്ട് ഇടയ്ക്ക് അവനെ വിളിച്ച് ചോദിക്കും ,എടാ നീ ഓക്കെയാണോ എന്ന്. കാരണം, അവന്‍ ആവശ്യത്തിലധികം വര്‍ക്ക് ചെയ്യുന്നുണ്ട്. അതിനവന്‍ കേപ്പബിളാണ്.

പക്ഷേ അവന്‍ അത്രയധികം വര്‍ക്ക് ചെയ്യുകയാണ്. എല്ലാവര്‍ക്കും പൃഥ്വിരാജാകാന്‍ പറ്റില്ലല്ലോ, അത് വേറൊരു മനുഷ്യനാണ്. നമ്മളെയൊക്കെ അത്ഭുതപ്പെടുത്തുന്ന മനുഷ്യനാണത്. പക്ഷേ ബേസില്‍ എന്റെയടുത്ത് തിര എന്ന സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ വന്നപ്പോള്‍ പാവം പിടിച്ച ഒരു പയ്യനാണ്.

അവന്‍ സുപ്രീംലി ടാലന്റഡാണ്. ആ കാര്യത്തില്‍ ഡൗട്ടില്ല. പക്ഷേ ഒരുപാട് കാര്യങ്ങള്‍ ഒരാള്‍ ഹാന്‍ഡില്‍ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന സ്‌ട്രെസ് ഉണ്ടല്ലോ, അതിനെപ്പറ്റി അടുത്തുള്ള ഒരാളെന്ന നിലയില്‍ നമ്മള്‍ ചോദിക്കണ്ടേ?,’ വിനീത് പറഞ്ഞു.

 

Content Highlight: Vineeth Sreenivasan About Basil Joseph