Entertainment
എമ്പുരാന്‍ കാണാന്‍ വരുന്നവരോട് ഒരപേക്ഷ, മൂന്നാം ഭാഗത്തിനുള്ള സൂചന നല്‍കുന്ന ആ ഭാഗം മിസ്സാകാതിരിക്കാന്‍ ശ്രമിക്കുക: പൃഥ്വിരാജ്

മലയാളം ഇന്‍ഡസ്ട്രി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്‍ റിലീസിന് തയാറെടുക്കുകയാണ്. ഫസ്റ്റ് ലുക്ക് മുതല്‍ ഓരോ അനൗണ്‍സ്‌മെന്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായപ്പോള്‍ ട്രെയ്‌ലറിലൂടെ എമ്പുരാന്റെ മേലുള്ള പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. കേരളത്തില്‍ ബുക്കിങ് ആരംഭിച്ചതുമുതല്‍ വന്‍ ഡിമാന്‍ഡാണ് എമ്പുരാന്റെ ടിക്കറ്റുകള്‍ക്ക്.

ആദ്യഭാഗമായ ലൂസിഫര്‍ വന്‍ വിജയമായതിന് പിന്നാലെ ഇതൊരു ട്രിലജിയായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആദ്യഭാഗത്തെക്കാള്‍ വലിയ ലോകത്തിന്റെ കഥ പറയുന്ന എമ്പുരാന്‍ അവസാനിക്കുന്നത് ഒരു ക്ലിഫ് ഹാങ്ങിങ് മൊമന്റിലായിരിക്കുമെന്ന് പൃഥ്വിരാജ് അടുത്തിടെ പറയുകയും ചെയ്തു. ഇപ്പോഴിതാ എമ്പുരാനില്‍ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചനയുണ്ടെന്ന് പറയുകയാണ് പൃഥ്വിരാജ്.

എമ്പുരാന്‍ കാണാന്‍ വരുന്നവരോട് ഒരപേക്ഷയുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരു കാരണവശാലും എമ്പുരാന്റെ എന്‍ഡ് ക്രെഡിറ്റ് സീനുകള്‍ മിസ് ചെയ്യരുതെന്നും മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചനകള്‍ അതിലുണ്ടാകുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. എന്‍ഡ് ക്രെഡിറ്റില്‍ കാണിക്കുന്ന ന്യൂസ് കട്ടിങ്ങുകളിലൂടെ മൂന്നാം ഭാഗത്തിന്റെ കഥ പറയുന്ന ലോകം എത്ര വലുതായിരിക്കുമെന്ന് അറിയാമെന്നും പൃഥ്വിരാജ് പറഞ്ഞു.

ആദ്യ ഭാഗത്തില്‍ പരിചയപ്പെടുത്തിയ കഥാപാത്രങ്ങള്‍ക്ക് കൃത്യമായ തുടക്കവും എന്‍ഡിങ്ങും കൊടുക്കുന്ന സ്‌ക്രിപ്റ്റാണ് മൂന്ന് ഭാഗങ്ങളിലായി കിടക്കുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. 2016ലാണ് താന്‍ ലൂസിഫറിന്റെ സംവിധാനത്തിലേക്ക് കടന്നതെന്നും ആ സമയത്ത് സിനിമാറ്റിക് യൂണിവേഴ്‌സ്, ഫ്രാഞ്ചൈസി എന്നീ കാര്യങ്ങള്‍ ആരംഭിച്ചില്ലായിരുന്നെന്നും പൃഥ്വി പറഞ്ഞു.

ആദ്യഭാഗം ഹിറ്റല്ലായിരുന്നെങ്കില്‍ ഒരിക്കലും രണ്ടാം ഭാഗത്തെപ്പറ്റി ചിന്തിക്കില്ലായിരുന്നെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘എമ്പുരാന്‍ കാണാന്‍ വരുന്നവരോട് ഒരു ചെറിയ അപേക്ഷയുണ്ട്. ഈ സിനിമയുടെ എന്‍ഡ് ക്രെഡിറ്റ് സീനുകള്‍ ഒരിക്കലും മിസ്സ് ചെയ്യരുത്. കാരണം, മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചനകള്‍ എന്‍ഡ് ക്രെഡിറ്റില്‍ വരുന്നുണ്ട്. ആ സമയത്തെ ന്യൂസ് കട്ടിങ്ങുകള്‍ ശ്രദ്ധിച്ചാല്‍ മൂന്നാം ഭാഗം പറയുന്ന ലോകം എത്രമാത്രം വലുതാണെന്ന് മനസിലാകും.

ആദ്യഭാഗത്തില്‍ പരിചയപ്പെടുത്തുന്ന ഓരോ കഥാപാത്രത്തിനും കൃത്യമായ തുടക്കവും ഒടുക്കവുമുണ്ട്. അത് മൂന്ന് ഭാഗങ്ങളിലും പരന്ന് കിടക്കുകയാണ്. ഞാന്‍ ലൂസിഫറിന്റെ സംവിധാനത്തിനായി കടക്കുന്നത് 2016ലാണ്. ആ സമയത്ത് സിനിമാറ്റിക് യൂണിവേഴ്‌സ്, ഫ്രാഞ്ചൈസി, ഫസ്റ്റ് പാര്‍ട്ട്, സെക്കന്‍ഡ് പാര്‍ട്ട് എന്നീ കാര്യങ്ങള്‍ അത്ര പോപ്പുലറല്ലായിരുന്നു. ആദ്യഭാഗം ഹിറ്റല്ലായിരുന്നെങ്കില്‍ ഒരിക്കലും ഞങ്ങള്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കില്ലായിരുന്നു,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.

Content Highlight: Prithviraj saying don’t miss the end credit portions of Empuraan that will give clues of Third Part