മുതലയുടെ കൂടെയുള്ള ഫൈറ്റ് ഡ്യൂപ്പില്ലാതെ ചെയ്തിട്ടുണ്ടെന്ന് നടൻ വിനീത്. ആദ്യത്തെ ഷെഡ്യൂളിൽ മുതല ഉപദ്രവകാരി ആയിരുന്നില്ലെങ്കിലും രണ്ടാം ഷെഡ്യൂളിൽ മുതല ഉപദ്രവകാരി ആയെന്നും ഫൈറ്റ് മാസ്റ്ററുടെ പ്ലാനിങ്ങുകൾകൊണ്ട് അപകടമൊന്നും ഉണ്ടായില്ലെന്നും വിനീത് പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശക്തി എന്ന തമിഴ് പടം എനിക്ക് മറക്കാൻ പറ്റില്ല. കനൽ കണ്ണൻ മാസ്റ്റർ ആണ് അതിന്റെ ഫൈറ്റ് ചെയ്തിരിക്കുന്നത്. പീറ്റർ ഹെയ്‌ൻ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിരുന്നു. ആ സിനിമയുടെ ഓർമ്മകൾ ഇപ്പോഴും പേടിപ്പിക്കുന്നതാണ്. ആ സിനിമയിലെ എന്റെ ചില രംഗങ്ങളുടെ ഭാഗങ്ങൾ യുട്യൂബിൽ കിട്ടും.
പീറ്റർ ഹെയ്‌ൻ വളരെ ധൈര്യമുള്ള ആളാണ്, എന്തും ചെയ്യും. അന്ന് എനിക്കുവേണ്ടി ഡ്യൂപ് ചെയ്യാൻ വന്ന ആൾ എന്തോ കാരണത്താൽ പോയി. ഞാൻ അവരോട് നേരത്തെ പറഞ്ഞതാണ് മുതലയാണ്, ഡമ്മി ഒക്കെ റെഡിയാക്കി വെക്കണം എന്നൊക്കെ.
ഞാൻ അമ്പലത്തിലെ ആനയെ മുതലയിൽ നിന്നും രക്ഷിക്കുന്ന സീനാണ്. ഞാൻ നോക്കിയപ്പോൾ പുഴയിൽ ഒറിജിനൽ മുതല കിടക്കുകയാണ്. എന്തോ ഭാഗ്യത്തിന് മുതല നല്ല മൂഡിൽ ആയിരുന്നു. വെള്ളത്തിൽ നിന്നും അതിനെ ഉയർത്തുകയും വശങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്ന സീനാണ്. പക്ഷെ ഉച്ചക്ക് ശേഷം അതിനെ തൊടാൻ കഴിഞ്ഞില്ല. ഭയങ്കര വയലന്റായി. അതിന്റെ വാല്കൊണ്ട് ഒന്ന് കിട്ടിയാൽ മതി. അത്രക്കും ഭീകരമാണ്.
കനൽ കണ്ണൻ മാസ്റ്റർ വളരെ കഴിവുള്ള പ്രഗത്ഭനായ ഫൈറ്റ് മാസ്റ്റർ ആണ്. അവരുടെ പ്ലാനിംഗും സേഫ്റ്റി ഉപാധികളും കൊണ്ടാണ് അത് ഷൂട്ട് ചെയ്തത്. കുറച്ചൊരു ഈശ്വരാനുഗ്രഹമൊക്കെ വേണം. കാരണം ആ മുതലയുടെ മൂഡ് മാറി വാലുവെച്ചൊക്കെ ഒന്ന് തന്നാൽ തീർന്നു,’ വിനീത് പറഞ്ഞു.
Content Highlight: Vineeth on Sakthi movie fight scene with crocodile