Entertainment
അന്ന് മമ്മൂട്ടിയെ കാണണമെന്ന് പറഞ്ഞപ്പോള്‍ 'എന്താണ് ഇത്ര കാണാന്‍' എന്നായിരുന്നു ചോദ്യം: വിനീത് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 29, 07:23 am
Wednesday, 29th January 2025, 12:53 pm

1989ല്‍ എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥ എഴുതി ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. സിനിമയില്‍ ഉണ്ണിയാര്‍ച്ചയായി നടി മാധവിയും ചന്തുവായി മമ്മൂട്ടിയുമായിരുന്നു എത്തിയത്.

അവര്‍ക്ക് പുറമെ സുരേഷ് ഗോപി, ബാലന്‍ കെ. നായര്‍, ക്യാപ്റ്റന്‍ രാജു തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കുട്ടിക്കാലം ചെയ്തത് നടന്‍ വിനീത് കുമാറായിരുന്നു.

ഒരു വടക്കന്‍ വീരഗാഥക്ക് ശേഷം നിരവധി സിനിമകളില്‍ വിനീത് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു. ഇപ്പോള്‍ കുട്ടികാലത്ത് തന്റെ നാട്ടില്‍ മമ്മൂട്ടി വന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് വിനീത്. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘എന്റെ നാട്ടില്‍ ഒരിക്കല്‍ ഒരു ഉദ്ഘാടനത്തിന് മമ്മൂക്ക വരുന്നുവെന്ന് പറഞ്ഞ് വലിയ ആഘോഷം നടന്നിരുന്നു. അന്ന് എല്ലാവരും അദ്ദേഹത്തെ കാണാന്‍ കാത്തിരിക്കുകയായിരുന്നു. ഞാന്‍ അന്ന് സിനിമയില്‍ വന്നിട്ടില്ലായിരുന്നു. അത്രയും മുമ്പുള്ള കാര്യമാണ് പറയുന്നത്.

അന്നൊക്കെ മമ്മൂക്ക എന്നായിരുന്നില്ല, മമ്മൂട്ടി എന്ന് തന്നെയായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. അന്ന് ഞാന്‍ അച്ഛനോട് ചെന്നിട്ട് മമ്മൂട്ടി വരുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ അച്ഛന്‍ ചോദിച്ചത് ‘അതിനെന്താണ്?’ എന്നായിരുന്നു.

മമ്മൂട്ടിയെ കാണണമെന്ന് പറഞ്ഞപ്പോള്‍ ‘എന്താണ് ഇത്ര കാണാന്‍. അയാള്‍ നമ്മളെ പോലെ തന്നെയല്ലേ’ എന്ന് ചോദിച്ചു. അന്ന് എന്റെ ആ ആഗ്രഹം അവിടെയങ്ങ് കട്ടായിപ്പോയി. അച്ഛന്‍ ഫോട്ടോഗ്രാഫറായിരുന്നു. അദ്ദേഹം അന്ന് മമ്മൂക്ക വന്ന ആ പരിപാടി കാണാന്‍ ഒറ്റക്ക് പോയിട്ട് ഫോട്ടോയെടുത്ത് വന്നു. എന്നിട്ട് എനിക്ക് അച്ഛന്‍ ആ ഫോട്ടോ കാണിച്ചു തന്നു.

മമ്മൂക്ക കൂളിങ് ഗ്ലാസൊക്കെ വെച്ചിട്ടായിരുന്നു വന്നത്. എന്നാല്‍ അദ്ദേഹത്തെ അന്ന് കാണാന്‍ പറ്റാത്തതില്‍ എനിക്ക് വലിയ വിഷമം ഉണ്ടായിരുന്നു. പിന്നീട് കാലം കടന്നു പോയപ്പോള്‍ അദ്ദേഹത്തിനൊപ്പം എനിക്ക് സിനിമകള്‍ ചെയ്യാനായി. ഞാന്‍ പിന്നീട് മമ്മൂക്കയോട് ഈ കാര്യം പറഞ്ഞിരുന്നു,’ വിനീത് കുമാര്‍ പറഞ്ഞു.

Content Highlight: Vineeth Kumar Talks About Mammootty