മോഹൻലാലിന്റെ പ്രകടനത്തിലൂടെ വലിയ രീതിയിൽ ചർച്ചയായി മാറിയ ചിത്രമാണ് പവിത്രം. ടി. കെ. രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രം ഇറങ്ങിയിട്ട് ഇന്ന് 30 വർഷം പൂർത്തിയാവുകയാണ്.
മോഹൻലാലിന്റെ പ്രകടനത്തിലൂടെ വലിയ രീതിയിൽ ചർച്ചയായി മാറിയ ചിത്രമാണ് പവിത്രം. ടി. കെ. രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രം ഇറങ്ങിയിട്ട് ഇന്ന് 30 വർഷം പൂർത്തിയാവുകയാണ്.
വമ്പൻ താരനിര അണിനിരന്ന ചിത്രം കൂടിയാണ് പവിത്രം. ഒരു സഹോദരന് തന്റെ അനിയത്തിയോടുള്ള സ്നേഹത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ മോഹൻലാലിന്റെ അനിയത്തിയായാണ് വിന്ദുജ മേനോൻ അഭിനയിച്ചത്. ചിത്രത്തിലെ അനുഭവങ്ങൾ പറയുകയാണ് നടി.
മോഹൻലാലിന്റെ അഭിനയം കണ്ടാൽ റിയൽ ആണെന്ന് തോന്നുമെന്ന് വിന്ദുജ പറയുന്നു. കള്ളുകുടിച്ച സീനാണെങ്കിൽ കള്ളുകുടിയൻ ആണെന്ന് തോന്നുമെന്നും അത്രയും നാച്ചുറലായാണ് മോഹൻലാൽ അഭിനയിക്കുകയെന്നും മിർച്ചി മലയാളത്തോട് താരം പറഞ്ഞു.
‘ലാലേട്ടൻ അഭിനയിക്കുന്നത് കണ്ടാൽ ക്യാമറയുടെ പുറത്ത് നിൽക്കുന്നവർക്ക് തോന്നും ഇതെല്ലാം ഒറിജിനൽ ആണെന്ന്. കള്ള് കുടിച്ച സീൻ ആണെങ്കിൽ കള്ള് കുടിയനാണെന്ന് തോന്നും, ഒരു ഗാങ്സ്റ്റർ ആണെങ്കിൽ ഗാങ്സ്റ്റർ ആയി തന്നെ നമുക്ക് ഫീലാവും. അദ്ദേഹത്തിന് അത്രയും നാച്ചുറലായി ചെയ്യാനുള്ള കഴിവുണ്ട്. അത് ജന്മനാ ദൈവം അനുഗ്രഹിച്ച് വിട്ടിരിക്കുന്ന കൂട്ടത്തിൽ ഒരാളാണ് അദ്ദേഹം,’ വിന്ദുജ മേനോൻ പറയുന്നു.
ചിത്രത്തിലെ ഒരു സീനിൽ മോഹൻലാൽ തന്നെ അടിക്കുന്നത് കണ്ട് ഒറിജിനലാണെന്ന് കരുതി തന്റെ അമ്മ പേടിച്ച് കരഞ്ഞെന്നും പിന്നീട് മോഹൻലാൽ പറഞ്ഞ് മനസിലാക്കിയെന്നും വിന്ദുജ പറയുന്നു.
‘എനിക്കും ഒരു ധാരണയില്ല എങ്ങനെയാണ് അത് അവതരിപ്പിക്കുകയെന്ന്. അപ്പോൾ ചേട്ടച്ചൻ( മോഹൻലാൽ ) മേക്കപ്പ് മാനെ വിളിച്ചിട്ട് ചുവപ്പ്, മഞ്ഞ, പച്ച അങ്ങനെ എന്തൊക്കെയോ എടുത്തിട്ട് കൈ എന്റെ മുഖത്ത് വെച്ചു. അപ്പോൾ കൈയിന്റെ പാട് മുഖത്ത് വന്നു. ഒരുപാട് പേര് ബഹളം വെച്ച് കരച്ചിലൊക്കെ ആയിരുന്നു.
അദ്ദേഹം ചെയ്യുന്നത് കണ്ടാൽ എന്നെ ശരിക്കും അടിക്കുകയാണെന്ന് തോന്നും. അത് കണ്ട് എന്റെ അമ്മ ആകെ മൊത്തം പേടിച്ചു പോയി. അമ്മ സാധാരണ അങ്ങനെ ഒന്നും ആവാത്തതാണ്.
ഷോട്ടിന് ശേഷം അദ്ദേഹം എന്നെ അമ്മയുടെ അടുത്തേക്ക് കൊണ്ട് പോയിട്ട് പറഞ്ഞു, ഇത് നേരത്തെ വെച്ച പാടാണ്, അമ്മയുടെ മോളെ ഞാൻ തൊട്ടിട്ടില്ലായെന്ന്. ഇങ്ങനെ കരയല്ലേയെന്ന് ചേട്ടച്ചൻ പറഞ്ഞു,’ വിന്ദുജ പറയുന്നു.
Content Highlight: Vindhuja Menon Talk About Acting Of Mohanlal