Film News
പൃഥ്വിരാജേട്ടന്റെ ചേട്ടനായത് കൊണ്ട് അത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതിയെന്ന് കരുതി: വിന്‍സി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 14, 06:34 am
Wednesday, 14th February 2024, 12:04 pm

ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടെയിനര്‍ ചിത്രമാണ് ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’. ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍.

ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ സഹോദരന്റെ വേഷമാണ് സര്‍ജാനോ ഖാലിദ് അവതരിപ്പിച്ചിരുന്നത്. സര്‍ജാനോയുടെ കാമുകിയാണ് വിന്‍സി അലോഷ്യസിന്റെ കഥാപാത്രം. മാരിവില്ലിന്‍ ഗോപുരങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രജിത്തിനെ കുറിച്ച് സംസാരിക്കുകയാണ് വിന്‍സി.

‘ജനഗണമനയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് പൃഥ്വിരാജേട്ടനും ഞാനും പരസ്പരം മിണ്ടിയിട്ടേയില്ല. പുള്ളി വരും, അഭിനയിക്കും, പോകും. എനിക്ക് കോമ്പിനേഷന്‍സും ഉണ്ടായിരുന്നില്ല. കോര്‍ട്ട് റൂമില്‍ ഇരിക്കുക എന്നതേ ഉണ്ടായിരുന്നുള്ളൂ.

അപ്പോള്‍ അദ്ദേഹത്തിന്റെ ചേട്ടനാണല്ലോ ഇത്. അത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതിയെന്ന് ഞാന്‍ കരുതി. എങ്ങനെ അത് ബ്രേക്ക് ചെയ്യും എന്നാണ് ഞാന്‍ പലപ്പോഴും ആലോചിച്ചത്. പക്ഷേ അത് വളരെ എളുപ്പത്തില്‍ നടന്നു.

പൃഥ്വിരാജേട്ടന്‍ ജനഗണമനയില്‍ കൈകാര്യം ചെയ്യുന്ന റോള്‍ വളരെ സീരിയസായത് ആയിരുന്നു. ആ കഥാപാത്രം ചെയ്യാനായി വരിക, അതില്‍ ഫോക്കസ് ചെയ്യുക, പോവുക എന്നത് തന്നെയാണ്.

പക്ഷേ ഇവിടെ അങ്ങനെയല്ലല്ലോ. സീരിയസ് ആയ മോഡേയല്ലായിരുന്നു. ഇന്ദ്രജിത്തേട്ടനുമായിട്ട് എങ്ങനെ ബ്രേക്ക് ചെയ്യുമെന്നായിരുന്നു ആലോചിച്ചത്. സിനിമയുടെ ഫോട്ടോഷൂട്ട് നടക്കുന്ന സമയത്ത് ആള്‍ നമ്മളുടെ അടുത്ത് വന്നു. അതോടെ വൈബ് സെറ്റായി,’ വിന്‍സി പറഞ്ഞു.

മാരിവില്ലിന്‍ ഗോപുരങ്ങള്‍ ചിത്രത്തില്‍ സായികുമാര്‍, ബിന്ദു പണിക്കര്‍, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ അരുണ്‍ ബോസും പ്രമോദ് മോഹനും ചേര്‍ന്നാണ്.


Content Highlight: Vincy Aloshious Talks About Indrajith Sukumaran