Entertainment
ഒരു ആക്ടർ എന്ന നിലയിൽ എനിക്ക് കിട്ടിയ ആ ടാഗ് ഒട്ടും ഇഷ്ടമല്ലായിരുന്നു: ദുൽഖർ സൽമാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 23, 02:21 am
Sunday, 23rd February 2025, 7:51 am

മലയാളത്തിൽ ഏറെ ആരാധകരുള്ള നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ഐഡന്റിറ്റിയിൽ സിനിമയിലേക്ക് എത്തിയ ദുൽഖർ അധികം വൈകാതെ തന്നെ തന്റേതായ ഒരു സ്ഥാനം ഇൻഡസ്ട്രിയിൽ നേടിയെടുത്തിരുന്നു.

വളരെ പെട്ടെന്ന് തന്നെ അന്യഭാഷകളിലും തിരക്കുള്ള ഒരു പാൻ ഇന്ത്യൻ സ്റ്റാറായി ഉയരാൻ ഡി.ക്യുവിന് കഴിഞ്ഞു. കണ്ണും കണ്ണും കൊള്ളയടിത്താൽ, ചുപ്പ് തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടപ്പോൾ സീത രാമം, ലക്കി ഭാസ്‌ക്കർ എന്ന തെലുങ്ക് ചിത്രങ്ങളിലൂടെ കരിയറിലെ വലിയ വിജയങ്ങൾ സ്വന്തമാക്കാനും അദ്ദേഹത്തിന് സാധിച്ചു.

കരിയറിന്റെ തുടക്കത്തിൽ താൻ ചെയ്ത മൂന്ന് സിനിമകളും വ്യത്യസ്ത സിനിമകളാണെന്നും എന്നാൽ തനിക്കൊരു എൻ.ആർ.ഐ ടാഗ് ആ സിനിമകളിലൂടെ ലഭിച്ചെന്നും ദുൽഖർ പറയുന്നു. ഒരു ആക്ടർ എന്ന നിലയിൽ ആ ടാഗ് തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും നന്നായി പെർഫോം ചെയ്യാൻ ഒരു ടാഗിന്റെ ആവശ്യം ഇല്ലായിരുന്നുവെന്നും ദുൽഖർ പറഞ്ഞു. ഉസ്‌താദ് ഹോട്ടൽ കൺസീവ് ചെയ്യുമ്പോൾ ആ പടത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

‘സത്യസന്ധമായി പറഞ്ഞാൽ എൻ്റെ ആദ്യ മൂന്നു ചിത്രങ്ങൾ എടുത്തു നോക്കിയാൽ, സെക്കൻഡ് ഷോ, ഉസ്‌താദ് ഹോട്ടൽ. തീവ്രം. ഇതു മൂന്നും മൂന്നു ടൈപ്പ് ചിത്രങ്ങളാണ്. മൂന്നുതരം കഥാപാത്രങ്ങളാണ്. അത് കഴിഞ്ഞ് ചെയ്‌തത്‌ എ.ബി.സി.ഡിയും. നീലാകാശത്തിൽ എൻ.ആർ.ഐ ഭാഷയോ ഫീലോ ഒന്നുമില്ലായിരുന്നു. പക്ഷേ, ബാക്ക് സ്റ്റോറിയിൽ ഞാൻ ദുബായിലാണ് വളർന്നത് എന്നൊരു സൂചനയുണ്ട്. ഈ അഞ്ചാറു പടങ്ങളിൽ മൊത്തം എനിക്കൊരു എൻ.ആർ.ഐ ടാഗ് വന്നു. ഒരു ആക്ടർ എന്ന നിലയിൽ എനിക്കത് ഇഷ്ടപ്പെട്ടില്ല.

സങ്കടമൊന്നും വന്നില്ല. സത്യംപറഞ്ഞാൽ ഞാൻ അതിൽ മാത്രമേ നന്നായി പെർഫോം ചെയ്യു എന്നൊരു ടാഗ് വേണം എന്നില്ലായിരുന്നു. ഉസ്‌താദ് ഹോട്ടൽ കൺസീവ് ചെയ്യുമ്പോൾ ആ പടത്തിൽ ഞാനുണ്ടായിരുന്നില്ല. ഞാൻ സിനിമയിൽ വരാൻ പോലും പ്ലാൻ ഇട്ടിട്ടില്ല.

അതിനു മുമ്പേ ആ ചിത്രമുണ്ട്. എ.ബി.സി.ഡി പിന്നെ അങ്ങനെയുള്ള ഒരു ഐഡിയയാണ്. നീലാകാശത്തിൽ, എനിക്കറിയില്ല. ഞാനിപ്പോ ദൽഹിയിലാണ് വളർന്നത് എന്നുപറഞ്ഞാലും ആ ഫീൽ വർക്ക് ചെയ്യും. ടിപ്പിക്കലി ഒരു പ്രവാസി മലയാളി കമ്യൂണിറ്റി ദുബായിലുണ്ട് എന്നതു വെച്ചിട്ടാകാം അങ്ങനെയൊരു സൂചന വന്നത്,’ദുൽഖർ സലാമിന് പറയുന്നു.

 

Content Highlight: Dulquer Salman About Starting Of His Career