Champions Trophy
16 വര്‍ഷം കാത്തിരുന്ന് കിട്ടിയ വിജയം; ഇംഗ്ലീഷ് കരുത്തിനെ തകര്‍ത്ത ഇംഗ്ലിസ് കരുത്ത്, ക്ലാഷ് ഓഫ് ടൈറ്റന്‍സില്‍ ഓസീസ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 22, 05:13 pm
Saturday, 22nd February 2025, 10:43 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.

ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 325 റണ്‍സിന്റെ വിജയലക്ഷ്യം 15 പന്ത് ബാക്കി നില്‍ക്കെ ഓസീസ് മറികടക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ജോസ് ഇംഗ്ലിസിന്റെ സെഞ്ച്വറി കരുത്തിലാണ് ഓസ്‌ട്രേലിയ വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്, സൂപ്പര്‍ താരം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് പടുകൂറ്റന്‍ ടോട്ടലിലേക്ക് ഉയര്‍ന്നത്. 143 പന്തില്‍ 165 റണ്‍സാണ് താരം അടിച്ചെടുത്തത്. 17 ഫോറും മൂന്ന് സിക്സറും അടക്കം 115.38 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

മോഡേണ്‍ ഡേ ലെജന്‍ഡ് ജോ റൂട്ടും തിളങ്ങി. 78 പന്തില്‍ 68 റണ്‍സുമായാണ് റൂട്ട് പുറത്തായത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 158 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇംഗ്ലണ്ട് ടോട്ടലിന് അടിത്തറയിട്ടതും ഈ കൂട്ടുകെട്ടാണ്. ടീം സ്‌കോര്‍ 43ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 201ലാണ്. ജോ റൂട്ടിനെ മടക്കി ആദം സാംപയാണ് കൂട്ടുകെട്ട് പൊളിച്ചത്.

21 പന്തില്‍ 23 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോസ് ബട്ലറാണ് ഇംഗ്ലണ്ട് നിരയിലെ മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

പത്ത് പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്ന ജോഫ്രാ ആര്‍ച്ചറിന്റെ കാമിയോയും ടീമിന് തുണയായി. അവസാന ഓവറില്‍ ലബുഷാനെതിരെ സിക്സറും ഫോറുമടിച്ചാണ് ആര്‍ച്ചര്‍ സ്‌കോര്‍ 350 കടത്തിയത്. ഇംഗ്ലണ്ടിനെ ലോക റെക്കോഡിലെത്തിച്ചതും ആര്‍ച്ചറിന്റെ പ്രകടനമാണ്.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 351 എന്ന കൂറ്റന്‍ സ്‌കോറില്‍ ഇംഗ്ലണ്ടെത്തി.

ഓസ്ട്രേലിയക്കായി ബെന്‍ ഡ്വാര്‍ഷിയസ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആദം സാംപയും മാര്‍നസ് ലബുഷാനും രണ്ട് വിക്കറ്റ് വീതം നേടി. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കം പാളി. സൂപ്പര്‍ താരം ട്രാവിസ് ഹെഡും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഒറ്റയക്കത്തിന് പുറത്തായി. ഹെഡ് അഞ്ച് പന്തില്‍ ആറ് റണ്‍സുമായി നില്‍ക്കവെ ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായി മടങ്ങിയപ്പോള്‍ ആറ് പന്തില്‍ അഞ്ച് റണ്‍സ് നേടി നില്‍ക്കവെ മാര്‍ക് വുഡിന്റെ പന്തില്‍ ബെന്‍ ഡക്കറ്റിന് ക്യാച്ച് നല്‍കിയാണ് സ്മിത്ത് പുറത്തായത്.

എന്നാല്‍ നാലാം നമ്പറിലിറങ്ങിയ മാര്‍നസ് ലബുഷാനെ ഒപ്പം കൂട്ടി ഓപ്പണര്‍ മാറ്റ് ഷോര്‍ട്ട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മൂന്നാം വിക്കറ്റില്‍ 95 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 122ല്‍ നില്‍ക്കവെ ലബുഷാനെ മടക്കി ആദില്‍ റഷീദാണ് ഇംഗ്ലണ്ടിന് ബ്രേക് ത്രൂ നല്‍കിയത്. 45 പന്തില്‍ 47 റണ്‍സാണ് താരം നേടിയത്. അധികം വൈകാതെ മാറ്റ് ഷോര്‍ട്ടിന്റെ വിക്കറ്റും ഓസീസിന് നഷ്ടമായി. 66 പന്തില്‍ 63 റണ്‍സുമായി നില്‍ക്കവെ ലിയാം ലിവിങ്സ്റ്റണ് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ടീമിനെ താങ്ങി നിര്‍ത്തിയ രണ്ട് സെറ്റ് ബാറ്റര്‍മാരും മടങ്ങിയെങ്കിലും വിക്കറ്റ് ജോഷ് ഇംഗ്ലിസും അലക്‌സ് കാരിയും ടീമിനെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അഞ്ചാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും തിളങ്ങിയത്.

കൂട്ടുകെട്ട് പൊളിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയ ക്യാപ്റ്റന്‍ ബട്‌ലറിന് ആശ്വാസമായി ബ്രൈഡന്‍ കാര്‍സ് കാരിയെ പുറത്താക്കി. 63 പന്തില്‍ 69 റണ്‍സുമായി നില്‍ക്കവെയാണ് താരം പുറത്തായത്.

ഇതിന് മുമ്പ് ജോഫ്രാ ആര്‍ച്ചര്‍ കാരിയുടെ ക്യാച്ച് കൈവിട്ടുകളഞ്ഞതും മത്സരത്തില്‍ നിര്‍ണായകമായി.

അലക്‌സ് കാരി പുറത്തായെങ്കിലും ഇംഗ്ലസിന്റെ പോരാട്ട വീര്യത്തിന് കുറവൊന്നും വന്നില്ല. പിന്നാലെയെത്തിയ ഗ്ലെന്‍ മാക്‌സ് വെല്ലിനെ ഒപ്പം കൂട്ടി താരം കങ്കാരുക്കളെ വിജയത്തിലേക്ക് നയിച്ചു.

സെഞ്ച്വറിയടിച്ചാണ് ഇംഗ്ലിസ് ഓസ്‌ട്രേലിയയെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്.

ഇംഗ്ലിസ് 86 പന്തില്‍ പുറത്താകാതെ 120 റണ്‍സടിച്ചപ്പോള്‍ 15 പന്തില്‍ പുറത്താകാതെ 32 റണ്‍സാണ് മാക്‌സി അടിച്ചെടുത്തത്.

ഈ വിജയത്തിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലിന്റെ റെക്കോഡും ഓസ്‌ട്രേലിയ സ്വന്തമാക്കി. നേരത്തെ, ഇതേ മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ 347 റണ്‍സിന്റെ റെക്കോഡ് തകര്‍ച്ച ഇംഗ്ലണ്ടാണ് റെക്കോഡ് ബുക്കില്‍ ഒന്നാമതുണ്ടായിരുന്നത്.

ഐ.സി.സി ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന സക്‌സസ്ഫുള്‍ റണ്‍ചെയ്‌സിന്റെ റെക്കോഡും ഇതോടെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ പിറവിയെടുത്തു.

2009 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ വിജയത്തിന് ശേഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയുടെ ആദ്യ വിജയമാണിത്. 2013ല്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു. 2017ലാകട്ടെ രണ്ട് മത്സരം ഫലമില്ലാതെ അവസാനിച്ചപ്പോള്‍ ഒരെണ്ണത്തില്‍ പരാജയവും രുചിച്ചു. രണ്ട് എഡിഷനിലും ഇംഗ്ലണ്ട് ഓസീസിനെ പരാജയപ്പെടുത്തിയിരുന്നു.

ഫെബ്രുവരി 25നാണ് ഓസീസിന്റെ അടുത്ത മത്സരം. റാവല്‍പിണ്ടിയില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍. ഫെബ്രുവരി 26ന് ഇംഗ്ലണ്ടും തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങും. ഇതേ സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെയാണ് ബട്‌ലറിനും സംഘത്തിനും നേരിടാനുള്ളത്.

 

Content highlight: ICC Champions Trophy 2025: AUS vs ENG: Australia defeated England