ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാത്സംഗ കേസില്‍ കുറ്റവിമുക്തനായ വ്യക്തിയുടെ വീട് പൊളിച്ചുമാറ്റി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയില്‍ 94 ദിവസമായി ബലാത്സംഗ കേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞ ഷഫീഖ് അന്‍സാരിയുടെ വീടാണ് ബുള്‍ഡോസര്‍ രാജിന് ഇരയായത്.
2025 ഫെബ്രുവരി 14ന് ഷഫീഖ് അന്‍സാരി നിരപരാധിയാണെന്ന് രാജ്ഗഡ് ജില്ലയിലെ ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിറക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കൃത്യമായ തെളിവുകളൊന്നുമില്ലെന്നും കേസ് വ്യാജമാണെന്നും കണ്ടെത്തുകയായിരുന്നു.
എന്നാല്‍ കേസ് അവസാനിച്ച് വീട്ടിലെത്തിയ അന്‍സാരിക്ക് താന്‍ കാലങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ വീട് കുറ്റാരോപിതനായതുകൊണ്ട് മാത്രം നഷ്ടപ്പെടുകയായിരുന്നു. തന്റെ വീട് അകാരണമായി പൊളിച്ചുമാറ്റിയതില്‍ കോടതിയെ അന്‍സാരി കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2021 മാര്‍ച്ചിലാണ് ഇദ്ദേഹത്തിനെതിരെ പീഡന പരാതി രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നാലെ പത്ത് രജിസ്റ്റര്‍ ചെയ്ത് പത്ത് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ വീട് ബുള്‍ഡോസര്‍ രാജ് പ്രകാരം ഭരണകൂടം പൊളിച്ചുമാറ്റുകയായിരുന്നു. മകന്റെ വിവാഹത്തിന് സഹായം വാഗ്ദാനം നല്‍കി അന്‍സാരി വീട്ടില്‍ വിളിച്ചുവരുത്തി പീഡിച്ചുവെന്നായിരുന്നു പരാതി.
4000 ചതുരശ്ര അടി സ്ഥലത്ത് താനുണ്ടാക്കിയ വീടാണെന്നും ഇപ്പോള്‍ ആ വീടിന്റെ അവശിഷ്ടങ്ങള്‍ മാത്രമേയുള്ളൂവെന്നും അന്‍സാരി പറയുന്നു. നിലവില്‍ താനും കുടുംബവും അനുജന്റെ വീട്ടിലാണ് താമസിക്കുന്നതെന്നും അന്‍സാരി പറയുന്നു.
രേഖകളെല്ലാം ഉണ്ടായിരുന്നിട്ടും അവയൊന്നും പരിശോധിക്കാതെയും യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് വീട് പൊളിച്ചതെന്നും താന്‍ മുന്ന് മാസത്തോളം ജയിലിലായിപോയെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ എം.പിയും ബി.ജെ.പി അംഗവുമായ പ്രതാപ് സിംഹയുള്‍പ്പെടെ ബുള്‍ഡോസര്‍ രാജിനെ പിന്തുണച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. കര്‍ണാടകയില്‍ ബുള്‍ഡോസര്‍ നീതി കൊണ്ടുവരണമെന്നും ഉത്തര്‍ പ്രദേശിലുള്ളതുപോലെയുള്ള നിയമങ്ങള്‍ വരണമെന്നുമായിരുന്നു നേതാവിന്റെ പരാമര്‍ശം.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് ഹിന്ദുക്കള്‍ക്ക് നേരെ കല്ലെറിയാന്‍ സൗജന്യ അനുമതി നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലെ ‘ബുള്‍ഡോസര്‍’ ഭരണം കൊണ്ടുവരാന്‍ ഇവിടെ ആര്‍ക്കാണ് ധൈര്യം? മുഖ്യമന്ത്രി സിദ്ധരാമയ്യയില്‍ നിന്നോ ആഭ്യന്തരമന്ത്രി ജി. പരമേശ്വരയില്‍ നിന്നോ നമുക്ക് അത് പ്രതീക്ഷിക്കാമോ? കര്‍ണാടകയിലും ഉത്തര്‍പ്രദേശിലെ നിയമം വേണമെന്നുമായിരുന്നു സിംഹ പറഞ്ഞത്.
Content Highlight: The accused person’s house was bulldozed; Finally the Madhya Pradesh court found him innocent