അതിനേക്കാള്‍ കൂടുതല്‍ കാശ് ഞങ്ങള്‍ ടിപ്പ് കൊടുക്കാറുണ്ടെന്ന് സൂപ്പര്‍ താരങ്ങള്‍; ടിപ്പല്ല അവകാശമാണെന്ന് ഞാന്‍: വിനയന്‍
Malayalam Cinema
അതിനേക്കാള്‍ കൂടുതല്‍ കാശ് ഞങ്ങള്‍ ടിപ്പ് കൊടുക്കാറുണ്ടെന്ന് സൂപ്പര്‍ താരങ്ങള്‍; ടിപ്പല്ല അവകാശമാണെന്ന് ഞാന്‍: വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th September 2024, 11:53 am

മോഹന്‍ലാലുമായി രൂപസാദൃശ്യമുള്ള മദന്‍ ലാല്‍ എന്ന വ്യക്തിയെ നായകനാക്കി സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് വിനയന്‍ ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വന്നത്. അദ്ദേഹം സംവിധാനം ചെയ്ത ആകാശഗംഗ മലയാളത്തിലെ മികച്ച ഹൊറര്‍ സിനിമകളിലൊന്നാണ്.

ഫിലിം തൊഴിലാളികളുടെ സംഘടനയായ മാക്ടയുടെ പ്രസിഡന്റ് വിനയന്‍ ആയിരുന്നു. എന്നാല്‍ ആ സമയത്ത് മറ്റ് അംഗങ്ങളുമായി ഉണ്ടായ അഭിപ്രായവ്യത്യാസം കാരണം മാക്ട സംഘടന പിളരുകയും പിരിഞ്ഞുപോയവര്‍ മറ്റൊരു സംഘടന ഉണ്ടാക്കുകയും ചെയ്തു. വിനയന്‍ പിന്നീട് മാക്ട പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.

താന്‍ ഉണ്ടാക്കിയ മാക്ട ഫെഡറേഷനാണ് ഇന്നത്തെ ഫെഫ്ക എന്ന് പറയുകയാണ് വിനയന്‍. താന്‍ മാക്ടയുടെ പ്രസിഡന്റ് ആയിരുന്ന സമയത്ത് സിനിമയിലെ താഴെക്കിടയിലുള്ള ഡ്രൈവര്‍മാരുടെ കൂലി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സംസാരിച്ചപ്പോള്‍ നിര്‍മാതാക്കള്‍ വേണ്ടെന്ന് പറയുകയും സൂപ്പര്‍ താരങ്ങള്‍ ഇതിനേക്കാള്‍ കൂടുതല്‍ ഡ്രൈവര്‍മാര്‍ക്ക് ടിപ്പ് കൊടുക്കാറുണ്ടെന്നും പറഞ്ഞെന്ന് വിനയന്‍ കൂട്ടിച്ചേര്‍ത്തു.

അവസാനം കൂലി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി സമരം ചെയ്തെന്നും അങ്ങനെ ഡ്രൈവര്‍മാരുടെ കൂലി കൂട്ടുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനയന്‍.

‘ഫെഫ്ക സംഘടന ഞാന്‍ കൂടെ ചേര്‍ന്ന് ഉണ്ടാക്കിയ സംഘടനയാണ്. ഞാന്‍ ഉണ്ടാക്കിയ മാക്ട ഫെഡറേഷനാണ് ഇന്നത്തെ ഫെഫ്ക. ഞാന്‍ ആദ്യം മാക്ട ഫെഡറേഷന്‍ ഉണ്ടാക്കുമ്പോള്‍ ഏറ്റവും താഴെക്കിടയിലുള്ള ഡ്രൈവര്‍മാരുടെ കൂലി 150 രൂപയില്‍ നിന്നും 350 രൂപയാക്കണം എന്ന് പറഞ്ഞ് ഒരു സമരം ചെയ്തിരുന്നു.

നിര്‍മാതാക്കള്‍ കൂലി കൂട്ടാന്‍ സമ്മതിച്ചില്ല. എന്നോട് സൂപ്പര്‍ താരങ്ങളെല്ലാം പറഞ്ഞു ഞങ്ങള്‍ അവര്‍ക്ക് കൂലിയെക്കാള്‍ കൂടുതല്‍ ടിപ്പ് കൊടുക്കാറുണ്ടല്ലോ, അപ്പോള്‍ ഞാന്‍ പറഞ്ഞു ഇത് ടിപ്പല്ല അവകാശമാണെന്ന്. ഇരുപത്തിനാല് മണിക്കൂര്‍ വണ്ടി ഓടിക്കുന്നതിനാണ് 150 രൂപ കൂലി. 2007 ല്‍ ആണിത് നടക്കുന്നത്. അന്ന് 600 രൂപവരെ ഇവിടെ ദിവസക്കൂലി ഉള്ള സമയമാണ്.

ഞങ്ങള്‍ നാല് ദിവസം സമരം നടത്തി. കേരളത്തില്‍ മാത്രമല്ല, മലയാള സിനിമ എവിടെയെല്ലാം ഷൂട്ട് ചെയ്യുന്നുണ്ടോ അവിടെ എല്ലാം ഡ്രൈവര്‍മാര്‍ പണി മുടക്കി. അവസാനം 150 എന്നുള്ളത് 300 ആക്കി,’ വിനയന്‍ പറയുന്നു.

Content Highlight: Vinayan Talks About MACTA Federation And  FEFKA