പൊക്കം കുറഞ്ഞ ആളുകള്‍ക്കായി പരസ്യം കൊടുത്തു; പിന്നീട് കണ്ടത് കുഞ്ഞന്മാരുടെ വലിയ ക്യൂ: വിനയന്‍
Entertainment news
പൊക്കം കുറഞ്ഞ ആളുകള്‍ക്കായി പരസ്യം കൊടുത്തു; പിന്നീട് കണ്ടത് കുഞ്ഞന്മാരുടെ വലിയ ക്യൂ: വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th December 2023, 12:08 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് 2005ല്‍ പുറത്തിറങ്ങിയ അത്ഭുത ദ്വീപ്. ഉയരം കുറഞ്ഞ ആളുകളുടെ കഥ പറഞ്ഞ സിനിമയില്‍ ഗിന്നസ് പക്രു, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.

ഗജേന്ദ്രന്‍ എന്ന രാജകുമാരനെ സിനിമയില്‍ അവതരിപ്പിച്ചിരുന്നത് ഗിന്നസ് പക്രുവായിരുന്നു. ഇപ്പോള്‍ ആ സിനിമയെ കുറിച്ച് സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് സംവിധായകന്‍ വിനയന്‍.

‘അത്ഭുത ദ്വീപ് സിനിമ പക്രു എന്ന വ്യക്തിയുടെ കഥയാണ്. ചുമ്മാ തമാശക്ക് അവന്‍ പറയാറുണ്ട്, സാറേ ഈ നേരെ നോക്കി അഭിനയിക്കുന്ന ഒരു അവസ്ഥ ഉണ്ടാകണം എന്ന്.

ആ സമയത്ത് അവന്‍ മീശമാധവന്‍ പോലെയുള്ള സിനിമയിലൊക്കെ ചെറിയ ചെറിയ വേഷങ്ങളൊക്കെ ചെയ്യുന്നുണ്ട്. തമാശ നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു ചെയ്തത്. അല്ലാതെ നായകനായിട്ടല്ല.

ഇയാള്‍ വളരെ മിടുക്കനായിട്ട് ചിന്തിക്കുന്ന ആളാണ്. തമാശ മട്ടില്‍ പറയുന്ന വാക്കുകളൊക്കെ ചിലപ്പോള്‍ നമ്മുടെ മനസിലേക്ക് കയറും. ‘പൊക്കം കുറഞ്ഞു പോയെന്നെ ഉള്ളൂ, മനസിന്റെ സ്വപ്നങ്ങള്‍ക്ക് പൊക്ക കൂടുതലാണ്’ എന്നൊക്കെ പോലെയുള്ള കാര്യങ്ങള്‍.

അങ്ങനെ ഒരിക്കല്‍ ഞാന്‍ ചുമ്മാ ചോദിച്ചു, പൊക്കം കുറഞ്ഞ ആളുകളുടെ ഒരു കഥയെടുത്താലോ എന്ന്. അതിന് എത്രപേരെ കിട്ടുമെന്നും ചോദിച്ചു. അപ്പോള്‍ പത്ത് മുപ്പത് പേരെ അറിയാമെന്നാണ് അവന്‍ മറുപടി പറഞ്ഞത്.

മുപ്പത് പേരൊന്നും പോരെന്ന് ഞാന്‍ പറഞ്ഞു. കാരണം നമുക്ക് ഒരു ദ്വീപിന്റെ അല്ലെങ്കില്‍ ഒരു രാജ്യത്തിന്റെ കഥ പറയണം. അതിന് പത്ത് മൂന്നൂറ് പേരെ വേണമെന്ന് പറഞ്ഞു.

അതിന് ‘സാറ് ചുമ്മാ കളിപ്പിക്കല്ലേ’ എന്ന് പറഞ്ഞ് പക്രു ചിരിച്ചിട്ട് പോയി. പക്ഷേ എന്റെ മനസിലെ ആ ചിന്ത അവിടെ തന്നെ ഉണ്ടായിരുന്നു. കുഞ്ഞന്‍മാരുടെ ലോകത്തെ പറ്റി തന്നെയായിരുന്നു എന്റെ ചിന്ത മുഴുവനും.

ഞാന്‍ പത്രത്തില്‍ ഒരു പരസ്യം കൊടുത്തു. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ള മുന്നര അടി പൊക്കമുള്ള ആള്‍ക്കാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നെന്ന് പറഞ്ഞു കൊണ്ടായിരുന്നു ആ പരസ്യം.

എന്റെ വീടിന്റെ അഡ്രസും കൊടുത്തു. പിന്നെ വളരെ രസകരമായ കാര്യങ്ങളാണ് സംഭവിച്ചത്. പരസ്യം കൊടുത്തതിന്റെ പിറ്റേന്ന് മുതല്‍ കുറേ പേര്‍ പാലാരിവട്ടത്ത് ബസ് ഇറങ്ങുകയാണ്.

കുഞ്ഞന്മാരുടെ ഒരു ക്യൂ തന്നെയായിരുന്നു പിന്നീട് കണ്ടത്. അവര്‍ ബസ് ഇറങ്ങി എന്റെ വീട്ടിലേക്ക് നടക്കുമ്പോള്‍ അടുത്തുള്ള വീടുകളില്‍ നിന്നും കുട്ടികളും സ്ത്രീകളുമൊക്കെ അത്ഭുതത്തോടെ നോക്കുകയാണ്.

അന്ന് മുതല്‍ ദിവസവും പത്തും അമ്പതും പേര്‍ വീട്ടില്‍ വരാന്‍ തുടങ്ങി. ഒരുപാട് പേര്‍ വന്നു. അതില്‍ നിന്ന് മുന്നൂറ് പേരെ ഞങ്ങള്‍ സിനിമക്ക് വേണ്ടി തെരഞ്ഞെടുത്തു,’ വിനയന്‍ പറഞ്ഞു.


Content Highlight: Vinayan Talks About Ginnus Pakru And Athbhutha Dweepu Movie