അത്ഭുത ദ്വീപ്; അന്ന് 'അമ്മ'ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല; തലേദിവസമാണ് പൃഥ്വിയുമുണ്ടെന്ന് പറയുന്നത്: വിനയന്‍
Entertainment
അത്ഭുത ദ്വീപ്; അന്ന് 'അമ്മ'ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല; തലേദിവസമാണ് പൃഥ്വിയുമുണ്ടെന്ന് പറയുന്നത്: വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th September 2024, 12:11 pm

കഴിഞ്ഞ ദിവസമായിരുന്നു സംവിധായകന്‍ പ്രിയനന്ദനന്‍ മലയാളസിനിമയില്‍ പവര്‍ ഗ്രൂപ്പ് സജീവമാണെന്നും താനതിന്റെ രക്തസാക്ഷിയാകേണ്ടി വന്നിട്ടുണ്ടെന്നും പറഞ്ഞ് രംഗത്ത് വന്നത്. തന്റെ രണ്ടാമത്തെ ചിത്രമായ ‘അത് മന്ദാരപ്പൂവല്ല’ എന്ന സിനിമ 2004ല്‍ ഷൂട്ടിങ് ആരംഭിച്ചുവെന്നും പൃഥ്വിരാജ് സുകുമാരനും കാവ്യാ മാധവനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ പൃഥ്വിരാജിന് അമ്മ സംഘടന വിലക്കേര്‍പ്പെടുത്തിയത് കൊണ്ടാണ് ചിത്രം മുടങ്ങിപ്പോയതെന്നും അന്ന് പ്രിയനന്ദനന്‍ തുറന്നു പറയുകയായിരുന്നു. ഇപ്പോള്‍ പൃഥ്വിക്ക് വിലക്കുള്ള സമയത്ത് എങ്ങനെയാണ് താന്‍ അത്ഭുതദ്വീപ് സിനിമ ചെയ്തതെന്ന് പറയുകയാണ് സംവിധായകന്‍ വിനയന്‍. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അത്ഭുതദ്വീപ് എന്ന സിനിമയില്‍ രണ്ടര അടിയുള്ള പക്രുവാണ് നായകന്‍ എന്ന് പറഞ്ഞാണ് ഞാന്‍ അനൗണ്‍സ് ചെയ്തത്. കല്‍പനയായിരുന്നു എന്നെ അന്ന് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത്. പക്ഷെ കല്‍പന ഇന്നില്ല, മരിച്ചു പോയി. പൃഥ്വിരാജാണ് നായകനെന്ന് വിനയേട്ടന്‍ പറയേണ്ടെന്ന് പറഞ്ഞു.

പിന്നെ ഞാന്‍ അമ്പിളി ചേട്ടന്റെയും ജഗദീഷേട്ടന്റെയും കല്‍പനയുടെയുമൊക്കെ ഒപ്പിട്ടു മേടിച്ചു. ഇപ്പോള്‍ തന്നെ പ്രിയനന്ദനന്റെ ഭാഷ കേട്ടല്ലോ. പൃഥ്വിരാജുണ്ടെങ്കില്‍ ആ പടം നിര്‍ത്തി കളയുമെന്നാണ് പറഞ്ഞിരുന്നത്. അത് ആറ് ദിവസം ഷൂട്ട് ചെയ്ത പടമായിരുന്നു.

ഞാന്‍ എന്റെ സിനിമയിലെ താരങ്ങളുടെ റിട്ടേണ്‍ എഗ്രിമെന്റ് എഴുതി വാങ്ങിയിരുന്നു. ജഗതി, ജഗദീഷ്, കല്‍പന, ബിന്ദു പണിക്കര്‍ ഉള്‍പ്പെടെ സംഘടനയിലുള്ള താരങ്ങളില്‍ നിന്നെല്ലാം എഴുതി വാങ്ങി. ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേദിവസമാണ് നായകനായി പൃഥ്വിരാജ് കൂടെയുണ്ടെന്ന് പറയുന്നത്.

കുറേ കുഞ്ഞന്മാരെ ദേഹത്ത് കേറ്റിയിരുത്തി ഒരു ഫോട്ടോയൊക്കെ എടുത്തിട്ടു. സിനിമയില്‍ നിന്ന് മാറിയാല്‍ ഞാന്‍ കേസിന് പോകുമെന്ന് എല്ലാവരോടും പറഞ്ഞിരുന്നു. കാരണം എന്റെ കൈയ്യില്‍ എഗ്രിമെന്റ് ഉണ്ടായിരുന്നു. അപ്പോള്‍ വലിയ നഷ്ട പരിഹാരം തരേണ്ടി വരുമെന്ന് പറഞ്ഞു.

അങ്ങനെ ആ സിനിമ നടന്നു, അമ്മക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. അതുവഴിയാണ് പൃഥ്വിയുടെ വിലക്ക് മാറിയത്. സത്യാവസ്ഥ എത്ര ആളുകള്‍ക്ക് അറിയാമെന്ന് എനിക്ക് അറിയില്ല. ഒരു പടം ചെയ്താല്‍ പിന്നെ അയാള്‍ക്ക് വിലക്കുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ,’ വിനയന്‍ പറഞ്ഞു.


Content Highlight: Vinayan Talks About Amma And Athbhutha Dweep Movie