അവരുടെ പേരെടുത്ത് പറഞ്ഞാൽ അതവർക്കൊരു പ്രൊമോഷനാവും; കുറ്റം പറയുന്നതിൽ ഒന്നും വലിയ അർത്ഥമില്ല: വിനയ് ഫോർട്ട്
Entertainment news
അവരുടെ പേരെടുത്ത് പറഞ്ഞാൽ അതവർക്കൊരു പ്രൊമോഷനാവും; കുറ്റം പറയുന്നതിൽ ഒന്നും വലിയ അർത്ഥമില്ല: വിനയ് ഫോർട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th January 2024, 12:46 pm

ആർട്ടിസ്റ്റുകളുടെ ലുക്കിൽ വന്നിരുന്ന് റിവ്യൂ പറയുന്നതിനെക്കുറിച്ച് പ്രതികരിക്കുകയാണ് നടൻ വിനയ് ഫോർട്ട്. രാമചന്ദ്ര ബോസ് ആൻഡ് കോയുടെ റിവ്യൂ പറയാൻ അശ്വന്ത് കോക്ക് വിനയ് ഫോർട്ടിന്റെ ലുക്കിലാണ് വന്നിരുന്നതെന്നും അത് ഒരു നടൻ എന്ന നിലയ്ക്ക് പേർസണൽ ആയിട്ട് എടുത്തിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.

റിവ്യൂ പറയുന്നവരെ കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നും താൻ അതിൽ പ്രതികരിച്ചാൽ അവർക്കതൊരു പ്രൊമോഷൻ ആകുമെന്നുമായിരുന്നു വിനയ് ഫോർട്ടിന്റെ മറുപടി. മറ്റൊരാളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയുമാണ് വേണ്ടതെന്നും വിനയ് ഫോർട്ട് കൂട്ടിച്ചേർത്തു. അങ്ങനെ റിവ്യൂ പറയുന്നത് ആളുകൾക്ക് എന്റർടൈൻ ആകുന്നുണ്ടെന്നും അവരൊക്കെ പൈസ കൊടുത്താണ് സിനിമ കാണുന്നതെന്നും വിനയ് പറയുന്നുണ്ട്.

കിരീടമോ തനിയാവർത്തനമോ പോലെയുള്ള സിനിമകളെ ആരും കുറ്റം പറയില്ലെന്നും അതുപോലുള്ള നല്ല സിനിമകൾ ചെയ്‌താൽ മതിയെന്നും വിനയ് ഫോർട്ട് പറഞ്ഞു. നവാഗത സംവിധായകനായ ആനന്ദ് ഏകാർഷി സംവിധാനം ചെയ്ത ആട്ടത്തിന്റെ വിശേഷങ്ങൾ റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘അത് തരണം ചെയ്ത് മുന്നോട്ടു പോകണം. നമ്മൾ അവരെ കുറ്റം പറയുന്നതിൽ ഒന്നും വലിയ അർത്ഥമില്ല. നമ്മൾ അവരുടെ പേര് ഉപയോഗിക്കുന്നത് അവർക്കുള്ള പ്രൊമോഷനാണ്. ഒരാളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക എന്നതാണ്. അദ്ദേഹം പൈസ കൊടുത്ത് സിനിമ കാണുന്നു. അദ്ദേഹം റിവ്യൂ പറയുന്നു. കാണുന്ന ആളുകൾ കാണട്ടെ. ആളുകൾ അതിൽ എന്റർടൈൻ ആകുന്നുണ്ട്.

കിരീടത്തിനെ ആർക്കെങ്കിലും കുറ്റം പറയാൻ പറ്റുമോ, അതുപോലെ തനിയാവർത്തനത്തിനെയോ അമരത്തിനേയൊന്നും കുറ്റം പറയാൻ പറ്റില്ല. അതുപോലെയുള്ള സിനിമകളിലേക്ക് എത്താൻ പണിയെടുത്താൽ മതി. അല്ലാതെ അവരുടെയൊക്കെ നേരെ കയറാൻ നമ്മൾ ആളല്ല. അവരുടെ ആവിഷ്കാര സ്വാതന്ത്ര്യമാണ്, അത് അംഗീകരിക്കുക എന്ന് മാത്രമാണ്,’ വിനയ് ഫോർട്ട് പറഞ്ഞു.

 

Content Highlight: Vinay Fort on reviewers masquerading as artists