Entertainment
അതിന് ശേഷം ഞാന്‍ ഇനിയൊരു മലയാള സിനിമ ചെയ്യില്ലെന്ന് ഉറപ്പിച്ചിരുന്നു: വിമല രാമന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 31, 09:44 am
Friday, 31st January 2025, 3:14 pm

2006ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത പൊയ് എന്ന തമിഴ് ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് വിമല രാമന്‍. ഷാജി കൈലാസും സുരേഷ് ഗോപിയും ഒന്നിച്ച ടൈം എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലേക്ക് എത്തുന്നത്.

ശേഷം പ്രണയകാലം, സൂര്യന്‍, നസ്രാണി, കോളേജ് കുമാരന്‍, റോമിയോ, കല്‍ക്കട്ട ന്യൂസ് തുടങ്ങി മികച്ച സിനിമകളുടെ ഭാഗമാകാനും വിമലക്ക് സാധിച്ചിരുന്നു. ഷാജി കൈലാസിന്റെ ടൈം എന്ന സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് നടി. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിമല രാമന്‍.

‘ഓസ്‌ട്രേലിയയില്‍ നിന്നും ഇന്ത്യയിലേക്ക് വന്നപ്പോള്‍ തന്നെ എനിക്ക് ഒരു കള്‍ച്ചറല്‍ ഷോക്കാണ് അനുഭവപ്പെട്ടത്. തമിഴില്‍ നിന്നാണല്ലോ ഞാന്‍ മലയാളത്തിലേക്ക് വന്നത്. അന്ന് ഞാന്‍ അധികം മലയാള സിനിമകളൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല.

വേണമെങ്കില്‍ എനിക്ക് ഈ ഇന്‍ഡസ്ട്രിയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്നുതന്നെ പറയാം. പക്ഷേ അന്ന് എനിക്ക് കിട്ടിയത് നല്ലൊരു അവസരമാണെന്ന് മാത്രം അറിയാമായിരുന്നു. പക്ഷേ മലയാള സിനിമയിലേക്ക് വന്നപ്പോള്‍ തന്നെ ഇവിടുത്തെ ആളുകളുടെ സമീപനം എനിക്ക് വലിയ ഇഷ്ടമായി.

അപ്പോഴും ഞാന്‍ സംഭാഷണങ്ങളൊക്കെ പിടിച്ചെടുക്കാന്‍ കുറെ ബുദ്ധിമുട്ടിയിരുന്നു. അതിന് ശേഷം ഞാന്‍ ഇനിയൊരു മലയാള സിനിമ ചെയ്യില്ലെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇവിടുത്തെ പ്രേക്ഷകര്‍ എനിക്ക് തന്ന പിന്തുണ എന്നെ ഇവിടെ പിടിച്ചുനിര്‍ത്തി.

സത്യം പറഞ്ഞാല്‍ ഞാന്‍ ഒരിക്കലും വിചാരിക്കാത്ത ഒരു പ്രതികരണമായിരുന്നു എനിക്ക് അന്ന് മലയാളികള്‍ തന്നത്. തിയേറ്ററില്‍ എന്റെ ഇന്‍ട്രോ വന്നതും ആളുകള്‍ എന്നെ സ്വീകരിച്ചത് കണ്ടപ്പോള്‍ അന്ന് ഞാന്‍ തിയേറ്ററില്‍ കരഞ്ഞിരുന്നു,’ വിമല രാമന്‍ പറയുന്നു.

Content Highlight: Vimala Raman Talks About Shaji Kailas’s Time Movie