Entertainment
മാര്‍ക്കറ്റ് വാല്യു നോക്കി അവര്‍ മറ്റൊരു നടിയെ കൊണ്ടുവന്നു; അന്ന് ഞാന്‍ അനീതി നേരിട്ടു: വിമല രാമന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 04, 03:53 am
Tuesday, 4th February 2025, 9:23 am

പ്രണയകാലം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് വിമല രാമന്‍. ടൈം, സൂര്യന്‍, നസ്രാണി, കോളേജ് കുമാരന്‍, റോമിയോ, കല്‍ക്കട്ട ന്യൂസ്, ഒപ്പം തുടങ്ങിയ മലയാള സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളില്‍ അഭിനയിക്കാന്‍ വിമലക്ക് സാധിച്ചിട്ടുണ്ട്.

താന്‍ സിനിമാ മേഖലയില്‍ നിന്ന് നേരിട്ട അനീതിയെ കുറിച്ച് പറയുകയാണ് വിമല രാമന്‍. താന്‍ കന്നഡയില്‍ ചെയ്ത ഒരു സിനിമ വലിയ ഹിറ്റായി മാറിയിരുന്നെന്നും എന്നാല്‍ അത് തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അനീതി നേരിട്ടുവെന്നാണ് നടി പറയുന്നത്.

അന്ന് താന്‍ കന്നഡയില്‍ ചെയ്ത കഥാപാത്രമല്ല തനിക്ക് അവര്‍ തന്നതെന്നും പകരം തെലുങ്കിലെ മാര്‍ക്കറ്റ് വാല്യു നോക്കിയാണ് അവര്‍ നായികയെ തെരഞ്ഞെടുത്തതെന്നും വിമല പറയുന്നു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഞാനും സിനിമാ മേഖലയില്‍ നിന്ന് അനീതി നേരിട്ടിട്ടുണ്ട്. വേണമെങ്കില്‍ ഒരു ഉദാഹരണം പറയാം. ഞാന്‍ കന്നഡയില്‍ ചെയ്ത ഒരു സിനിമ വലിയ ഹിറ്റായി മാറിയിരുന്നു. അതിലെ എന്റെ കഥാപാത്രത്തിന് വലിയ പ്രശംസയും ലഭിച്ചിരുന്നു.

ശേഷം ഈ സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചു. റീമേക്ക് ചെയ്യാന്‍ പോകുമ്പോള്‍ അവരെന്നെയും വിളിച്ചു. പക്ഷേ അന്ന് ഞാന്‍ കന്നഡയില്‍ ചെയ്ത കഥാപാത്രമല്ല എനിക്ക് വേണ്ടി അവര്‍ തന്നത്.

പകരം തെലുങ്കിലെ മാര്‍ക്കറ്റ് വാല്യു നോക്കിയാണ് അവര്‍ അതിലെ നായികയെ തെരഞ്ഞെടുത്തത്. എന്നിട്ട് എന്നോട് പകരം വേറെ ഒരു റോള്‍ ചെയ്യാന്‍ പറഞ്ഞു. പക്ഷെ ഞാന്‍ ആ സിനിമ ചെയ്യാന്‍ സമ്മതിച്ചില്ല.

കാരണം കന്നഡയില്‍ ഹിറ്റടിച്ച സിനിമ തെലുങ്കിലേക്ക് മാറ്റുമ്പോള്‍ എന്തിനാണ് നായികയെ മാറ്റിയൊരു പരീക്ഷണം? പ്രത്യേകിച്ചും ഞാന്‍ കന്നഡത്തില്‍ ചെയ്ത വേഷം ഇത്രയും ശ്രദ്ധിക്കപ്പെട്ട സാഹചര്യത്തില്‍ അത് ന്യായമല്ലല്ലോ,’ വിമല രാമന്‍ പറയുന്നു.

Content Highlight: Vimala Raman Talks About A Injustice That She Faced In Cinema