ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്, മലയാളത്തിലാണ് ഏറ്റവും കുറവ് പ്രതിഫലം; വിമല രാമന്‍
Entertainment
ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്, മലയാളത്തിലാണ് ഏറ്റവും കുറവ് പ്രതിഫലം; വിമല രാമന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd August 2024, 7:20 pm

ഒരു കാലത്ത് തെന്നിന്ത്യയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് വിമല രാമന്‍. ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാഗവുമായിരുന്നു അവര്‍. വിമല രാമന്റെ പ്രണയകാലം എന്ന സിനിമയും അതിലെ ‘ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍’ എന്ന് തുടങ്ങുന്ന ഗാനവുമെല്ലാം മലയാളികള്‍ അങ്ങനെ വേഗം മറക്കാന്‍ ഇടയില്ല. സിനിമയില്‍ നിന്നും കുറച്ചുകാലം അവര്‍ ഇടവേള എടുത്തിരുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ്.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്താണെന്നുള്ള അവതാരികയുടെ ചോദ്യത്തിന്, 2000ത്തില്‍ സിഡ്നിയില്‍ വച്ചുനടന്ന ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു ഭരതനാട്യം ചെയ്യാന്‍ കഴിഞ്ഞുവെന്നും അത് ജീവിതത്തിലെ വലിയൊരു നേട്ടമായി കാണാന്‍ കഴിയുന്നുവെന്നും വിമല രാമന്‍ പറയുന്നു.

‘സിഡ്നി ഒളിമ്പിക്‌സില്‍ 2000 ത്തില്‍ ഇന്ത്യയെ റെപ്രെസെന്റ് ചെയ്ത് നൃത്തം ചെയ്തത് ഞാനാണ്. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷം അതാണ്, എന്തെന്നാല്‍ ലോകം മുഴുവനും ആ സമയം അത് കാണുകയായിരുന്നു. എന്റെ സ്വന്തം നാടായ സിഡ്നിയിലാണ് ഭരതനാട്യം ചെയ്തുകൊണ്ട് എന്റെ നാടിനെ ഞാന്‍ പ്രതിനിധീകരിച്ചു, അത് വളരെ അഭിമാനമുള്ള നിമിഷമായിരുന്നു.’ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് വിമല രാമന്‍.

ഇന്ത്യയിലാണ് വിമല രാമന്‍ ഇപ്പോള്‍ താമസിക്കുന്നത് എങ്കിലും അവര്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ആണ്. നിരവധി ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കുറവ് പ്രതിഫലം നല്‍കുന്നത് മലയാളത്തില്‍ ആണെന്നാണ് വിമല രാമന്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

എന്നാല്‍ അത് ഇന്‍ഡസ്ട്രിയുടെ കുഴപ്പമല്ലെന്നും മറ്റുള്ള ഇന്‍ഡസ്ട്രികളെ പോലെ മലയാളം സിനിമ ഇന്‍ഡസ്ട്രി അത്രയും വലുതല്ലാത്തതിനാലും സിനിമയുടെ ബിസ്സിനെസ്സ് ചെറുതായതുകൊണ്ടുമാണ് ഇവിടെ പ്രതിഫലം കുറയുന്നതെന്നാണ് വിമല രാമന്‍ പറയുന്നത്. അഭിനയത്തിന് പുറമെ വിമല രാമന്‍ നല്ലൊരു ഭരതനാട്യം നര്‍ത്തകിയും മോഡലും മിസ്സ് ഇന്ത്യ ഓസ്‌ട്രേലിയ വിജയിയും ആണ്.

Content Highlight: Vimala Raman shares the unforgettable moment in her life