കാലങ്ങളായി മലയാളികൾ പല രൂപത്തിലും ഭാവത്തിലും കാണുന്ന മുഖമാണ് നടൻ വിജയരാഘവന്റേത്. നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ അദ്ദേഹം ഏതുതരം വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചതാണ്.
അത്തരത്തിൽ ഒരു കഥാപാത്രമായിരുന്നു ഈയിടെ പുറത്തിറങ്ങിയ ‘പൂക്കാലം’ എന്ന ചിത്രത്തിലെ ഇട്ടൂപ്പ് എന്ന കഥാപാത്രം. ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും വിജയരാഘവന്റെ കഥാപാത്രം വലിയ പ്രശംസ നേടിയിരുന്നു.
ആ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവൻ. ഇഷ്ടമുള്ള സിനിമകൾ തിയേറ്ററിൽ ഓടാതെ വരുമ്പോൾ മാനസികമായ പ്രയാസം തോന്നാറുണ്ടെന്നും എന്നാൽ പൂക്കാലം എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ അങ്ങനെ തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൂക്കാലം കണ്ട് ഒരുപാട് പേര് തന്നെ അഭിനന്ദിച്ചു എന്നും തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം അതാണെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘എനിക്ക് ഇഷ്ടമുള്ള സിനിമകൾ തിയേറ്ററിൽ ഓടാതെ ഇരുന്നിട്ടുണ്ട്. അതുപോലെ എനിക്ക് ഇഷ്ടമില്ലാത്ത ചില സിനിമകൾ തിയേറ്ററിൽ വലിയ വിജയവും ആയിട്ടുണ്ട്. അതിന്റെ കാരണം എന്താണെന്ന് അറിയില്ല. അതെല്ലാം പ്രേക്ഷകരെ അനുസരിച്ചിരിക്കും.
നമ്മൾ ഏറെ പ്രതീക്ഷയോടെ ചെയ്യുന്ന ചില സിനിമകൾ ഓടാതെ ഇരിക്കുമ്പോൾ മാനസികമായി ബുദ്ധിമുട്ടുകൾ തോന്നാറുണ്ട്. പക്ഷെ പൂക്കാലം എന്ന സിനിമയെ എനിക്കങ്ങനെ തോന്നുന്നില്ല. കാരണം ആ ചിത്രം കണ്ടവർക്കെല്ലാം ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്.
ഈയിടെ ഞാൻ ഗോവൻ ഫിലിം ഫെസ്റ്റിവലിൽ പോയിരുന്നു. പൂക്കാലത്തിന് പനോരമയിലേക്ക് സെലക്ഷൻ കിട്ടിയിരുന്നു. അവിടെ ഒരുപാട് പ്രേക്ഷകർ ഉണ്ടായിരുന്നു. ആ സിനിമ കണ്ടവരെല്ലാം ഭയങ്കര അത്ഭുതത്തോടെയാണ് എന്റെ പ്രകടനം കണ്ടത്.
ചിത്രം കഴിഞ്ഞതിനുശേഷം ഭയങ്കര അഭിനന്ദനങ്ങളായിരുന്നു. ഒരുപാടാളുകൾ വന്ന് സംസാരിച്ചു. അതാണ് ഏറ്റവും വലിയ കാര്യം. എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ് അങ്ങനെയുള്ള പ്രേക്ഷകരുടെ വാക്കുകളാണ്.