52 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് വിജയരാഘവന്‍. 1970ല്‍ കാപാലിക എന്ന ചിത്രത്തിലൂടെയാണ് വിജയരാഘവന്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് സഹനടനായും വില്ലനായും നായകനായും മലയാളസിനിമയില്‍ വിജയരാഘവന്‍ വേഷമിട്ടു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ക്യാരക്ടര്‍ റോളുകളിലൂടെ ഓരോ സിനിമയിലും വിസ്മയിപ്പിക്കുന്ന വിജയരാഘവനെയാണ് കാണാന്‍ സാധിക്കുന്നത്.
വിജയരാഘവന് ഒരുപാട് പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു ദേശാടനം. ജയരാജ് സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശങ്കരന്‍ എന്ന കഥകളി നടന്റെ വേഷമായിരുന്നു വിജയരാഘവന്. കഥകളി നടന്റെ വേഷം ചെയ്യുക എന്നത് തന്നെ സംബന്ധിച്ച് പ്രയാസകരമായ ഒന്നായിരുന്നെന്നും ആട്ടക്കാരന് പകരം പതിസ്തന്റെ വേഷം ചെയ്യാമെന്ന് തീരുമാനിച്ചെന്നും പറയുകയാണ് വിജയരാഘവന്‍.
ഒരുപാട് കാലം കഥകളിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരാളായിരുന്നു ശങ്കരനനെന്നും അയാളുടെ നടത്തത്തില്‍ വരെ അതിന്റെ ഷേഡ് കൊണ്ടുവന്നിരുന്നെന്നും വിജയരാഘവന്‍ പറഞ്ഞു. ആ സിനിമയിലെ പ്രകടനത്തിന് തനിക്ക് അവാര്‍ഡ് കിട്ടുമെന്ന് പലരും പ്രതീക്ഷിച്ചെന്നും തനിക്കും അതേ പ്രതീക്ഷ ഉണ്ടായിരുന്നെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
ദേശാടനത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടിയിരുന്നെന്നും എന്നാല്‍ തനിക്ക് അവാര്‍ഡ് കിട്ടിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. ആ സിനിമക്ക് തൊട്ടുമുമ്പ് ഏകലവ്യനിലെ പ്രകടനത്തിന് ക്രിട്ടിക്‌സ് അവാര്‍ഡ് കിട്ടിയിരുന്നെന്നും അതിന് ശേഷം അവാര്‍ഡുകളോട് ചെറിയ മോഹം തോന്നിയെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്നും പലരും വിചാരിച്ചിരിക്കുന്നത് ദേശാടനത്തിന് തനിക്ക് അവാര്‍ഡ് കിട്ടിയെന്നാണെന്ന് വിജയരാഘവന്‍ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദേശാടനത്തില്‍ എന്റേത് ഒരു കഥകളിക്കാരന്റെ റോളായിരുന്നു. അഭിനയിച്ച് ഫലിപ്പിക്കാന്‍ വളരെ പ്രയാസമുള്ള ഒന്നാണ് കഥകളിക്കാരന്റേത്. ഒരുപാട് കാലം പരിശീലിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് കഥകളിക്കാരനാകാന്‍ കഴിയൂ. അത്തരം വേഷം എനിക്ക് ചെയ്യാന്‍ പറ്റില്ല. പകരം ശങ്കരന്‍ എന്ന കഥാപാത്രത്തെ പതിസ്തനാക്കി മാറ്റി. ഒരുപാട് കാലം കഥകളിക്ക് വേണ്ടി ഉഴിഞ്ഞുവെച്ച ശങ്കരന്റെ നടത്തത്തിലും ആ ഒരു ഫീല്‍ കൊണ്ടുവരാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.
ആ സിനിമക്ക് നാഷണല്‍ അവാര്‍ഡൊക്കെ കിട്ടിയിരുന്നു. സിനിമ കണ്ട പലരും എനിക്കും അവാര്‍ഡ് കിട്ടുമെന്നൊക്കെ പറഞ്ഞു. ആ സിനിമക്ക് മുമ്പാണ് ഏകലവ്യനിലെ പെര്‍ഫോമന്‍സിന് ക്രിട്ടിക്‌സ് അവാര്‍ഡ് കിട്ടിയത്. സത്യം പറഞ്ഞാല്‍ എനിക്കും അവാര്‍ഡിനോട് ഒരു മോഹമൊക്കെ അന്ന് ഉണ്ടായിരുന്നു. അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷയും എനിക്കുണ്ടായിരുന്നു. എന്നാല്‍ അത് കിട്ടിയില്ല. പക്ഷേ, പലരും എനിക്ക് അവാര്‍ഡ് കിട്ടിയെന്നാണ് ഇപ്പോഴും വിചാരിച്ചുവെച്ചിരിക്കുന്നത്,’ വിജയരാഘവന്‍ പറയുന്നു.
Content Highlight: Vijayaraghavan says he expected award for his performance in Deshadanom movie