മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കുട്ടേട്ടൻ എന്ന വിജയരാഘവൻ. തന്നിലേക്ക് വരുന്ന കഥാപാത്രങ്ങൾ എളുപ്പത്തിൽ അവതരിപ്പിക്കാൻ കഴിയുന്നതിന്റെ ടെക്നിക്കിനെക്കുറിച്ച് പറയുകയാണ് താരം. താൻ ഒരു നടനായിട്ട് ജീവിക്കുന്നില്ലെന്നും ഒരു കഥാപാത്രം ചെയ്യുന്ന സമയത്ത് മാത്രമാണ് മാറുന്നതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. നാടകത്തിൽ നിന്നാണ് താൻ പെട്ടെന്ന് കഥാപാത്രമാകാൻ പഠിച്ചതെന്നും മൂവി മാൻ ബ്രോഡ്കാസ്റ്റിനോട് വിജയരാഘവൻ പറഞ്ഞു.
‘വിജയരാഘവൻ എന്ന വ്യക്തിയെ നാട്ടുകാർ കുട്ടാ എന്ന് വിളിക്കും. ഞാൻ ഇപ്പോഴും ആ കുട്ടനായിട്ടാണ് ജീവിക്കുന്നത്. ഞാനൊരിക്കലും ഒരു സിനിമാ നടൻ ആയിട്ട് ജീവിക്കാറില്ല. ഞാനൊരു കഥാപാത്രം ആകുന്ന സമയത്ത് മാത്രമാണ് മറ്റൊന്ന് ആസ്വദിക്കുകയുള്ളൂ. ഞാൻ ജീവിതത്തിൽ മറ്റൊന്ന് ആകുന്നില്ല.
ജീവിതത്തിൽ ഞാൻ അഭിനയിക്കുന്നില്ല. അഭിനയിക്കുന്ന സമയത്ത് മാത്രമേ ഞാൻ അഭിനയിക്കുന്നുള്ളൂ. എനിക്ക് എന്തും ആകാൻ പറ്റും. അതുകൊണ്ട് എനിക്ക് മറ്റൊന്ന് ആകാൻ എളുപ്പമാണ്. ചുരുക്കി പറഞ്ഞാൽ അതാണ് എന്റെ ടെക്നിക്ക്. ആ കഥാപാത്രം ആകുമ്പോൾ എനിക്ക് അത് ഉപയോഗിക്കാൻ പറ്റും. അതെന്റെ നാടകത്തിലെ എക്സ്പീരിയൻസ് ആണ്.
എങ്ങനെയാണ് ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നത് എന്ന ടെക്നിക് ഞാൻ നാടകത്തിൽ നിന്നാണ് പഠിച്ചത്. എന്റെ അച്ഛൻ, ചിറ്റ പിന്നെ ഞാൻ നാടകം ട്രൂപ്പിൽ വർഷങ്ങൾ ഉണ്ടായിരുന്നു. അതിനുമുമ്പ് ചെറുപ്പം മുതൽ നാടകം കാണുന്നുണ്ട്. എങ്ങനെയാണ് ഒരു കഥാപാത്രമായിട്ട് ഒരാൾ മാറുന്നത്, എങ്ങനെയാണ് കഥാപാത്രം അയാളിലേക്ക് എത്തുന്നത് എനിക്ക് മനസ്സിലായത് നാടകത്തിൽ നിന്നാണ്.
പറഞ്ഞുകൊടുക്കുന്ന ആളുടെ കഴിവുകൊണ്ട് ശരിയാക്കാൻ പറ്റില്ല. പറഞ്ഞുകൊടുത്ത് അയാളെ വക്കത്ത് വരെ എത്തിക്കാം, എന്നിട്ട് തള്ളി അങ്ങോട്ട് ഇടുക. പിന്നെ അയാൾ ചെയ്യേണ്ടതാണ്. പിന്നെ നാടകത്തിന് സംവിധായകാനൊന്നും യാതൊരു അവകാശവുമില്ല. പിന്നെ അയാളുടെത് മാത്രമാണ്.
എനിക്കൊരു കഥാപാത്രത്തെ എഴുതി തന്നാൽ അതിങ്ങനെയൊക്കെ വേണമെന്ന് പറയാവുന്നതേയുള്ളൂ. അത് ആകേണ്ടത് ഞാനാണ്. അതെനിക്ക് മാത്രമേ പറ്റുകയുള്ളൂ. അതായത് നടന് മാത്രമേ പറ്റുകയുള്ളൂ. ആ നടൻ ചെയ്യുന്ന സൃഷ്ടി മാത്രമാണ്. ആ കഥാപാത്രം വേറൊരാള് ചെയ്താൽ അത് അയാളുടെതാണ്,’ വിജയരാഘവൻ പറഞ്ഞു.
Content Highlight: Vijayaragavan about his acting technique