മമ്മൂക്കയുടെ ആ സിനിമ കണ്ടിട്ട് ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായി: വിജയ് സേതുപതി
Entertainment
മമ്മൂക്കയുടെ ആ സിനിമ കണ്ടിട്ട് ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായി: വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th June 2024, 8:05 am

മലയാളത്തില്‍ ഈയടുത്ത് ഇറങ്ങിയതില്‍ തനിക്ക് ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതി. പ്രേമലു കണ്ട് ഒരുപാട് ചിരിച്ചെന്നും ആ സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടമായെന്നും തന്റെ കുടുംബത്തിനും പ്രേമലു വല്ലാതെ ഇഷ്ടമായെന്നും വിജയ് സേതുപതി പറഞ്ഞു. എന്നാല്‍ തനിക്ക് വല്ലാത്തൊരു എക്‌സ്പീരിയന്‍സ് തന്ന സിനിമ കാതലും നന്‍പകല്‍ നേരത്ത് മയക്കവുമാണെന്നും താരം പറഞ്ഞു.

നന്‍പകല്‍ നേരത്ത് മയക്കം കണ്ട് താന്‍ വല്ലാത്തൊരു അവസ്ഥയിലാണെന്നും വിജയ് സേതുപതി പറഞ്ഞു. എത്ര പേര്‍ക്ക് ആ സിനിമ മനസിലാകുമെന്ന് അറിയില്ലെന്നും എന്നാല്‍ തന്നെ സംബന്ധിച്ച് ഈയടുത്ത് കണ്ട ഏറ്റവും മികച്ച സിനിമകളിലൊന്നാണ് നന്‍പകല്‍ നേരത്ത് മയക്കമെന്നും വിജയ് സേതുപതി പറഞ്ഞു.

ഒരു സീനില്‍ രണ്ട് കഥാപാത്രമായി സംസാരിക്കുന്ന സീനുകളൊക്കെ മറ്റാര്‍ക്കും ചെയ്യാന്‍ പറ്റാത്ത രീതിയില്‍ മമ്മൂട്ടി ചെയ്തുവെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ മഹാരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗോള്‍ഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘ഈയടുത്തിറങ്ങിയ മലയാള സിനിമകള്‍ പലതും കണ്ടു. പ്രേമലു ഫാമിലിയുടെ കൂടെയാണ് കണ്ടത്. എല്ലാവരും ഒരുപാട് ചിരിച്ചു. മമ്മൂക്കയുടെ കാതലും, നന്‍പകല്‍ നേരത്ത് മയക്കവും കണ്ടിട്ടുണ്ട്. നന്‍പകല്‍ നേരത്ത് മയക്കം കണ്ട് വല്ലാത്തൊരു അവസ്ഥയിലായി. ഒരുപാട് പേര്‍ക്ക് ആ സിനിമ സജസ്റ്റ് ചെയ്തു. ആ സിനിമക്ക് എന്തോ പ്രത്യേകതയുണ്ട്. എത്ര പേര്‍ക്ക് ആ സിനിമ മനസിലാകുമെന്ന് അറിയില്ല. പക്ഷേ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.

View this post on Instagram

A post shared by Gold 101.3 FM (@gold1013fm)

രണ്ട് കഥാപാത്രമായി ഒരേ സമയം അഭിനയിക്കുന്ന സീനും, ലാസ്റ്റ് മലയാളിയായി മാറുന്ന സീനുമൊക്കെ എന്ത് ഗംഭീരമായാണ് മമ്മൂക്ക ചെയ്തുവെച്ചിരിക്കുന്നത്. അതുപോലെ ക്ലൈമാക്‌സ് സീനിന് മുമ്പ് ആ നിഴല്‍ കാണിക്കുന്ന സീന്‍ ഒക്കെ രണ്ടാമത് കാണുമ്പോഴാണ് നമ്മുടെ ശ്രദ്ധയില്‍ പെടുക. നന്‍പകല്‍ നേരത്ത് മയക്കം കണ്ട ശേഷം ഞാന്‍ വല്ലാത്ത അവസ്ഥയിലായി,’ വിജയ് സേതുപതി പറഞ്ഞു.

Content Highlight: Vijay Sethupathi about Nanpakal Nerathu Mayakkam movie