Film News
പുതിയ ചിത്രത്തില്‍ മാനസിക രോഗിയാവാന്‍ വിജയ്?; കഥാപാത്രത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 07, 04:35 pm
Monday, 7th February 2022, 10:05 pm

വിജയ്‌യുടെ പുതിയ ചിത്രം ‘ബീസ്റ്റി’നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബീസ്റ്റിന്റെ റിലീസിന് മുന്നേ തന്നെ ദളപതി 66നെ പറ്റിയുള്ള ചര്‍ച്ചകള്‍ ചൂട് പിടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സംവിധായകന്‍ വംശി പെടിപ്പള്ളിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മാര്‍ച്ചില്‍ ഷൂട്ട് ചെയ്യാനാരംഭിക്കുമെന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്താന്‍ പോകുന്നത്. ഒന്ന് ഒരു യുവാവായും മറ്റൊന്ന് എറോട്ടോമാനിയ ബാധിതനനുമായിട്ടായിരിക്കും. പ്രശസ്തിയുള്ള ഒരു വ്യക്തി തന്നെ സ്‌നേഹിക്കുന്നു എന്ന് തോന്നിക്കുന്ന മാനസികാവസ്ഥയാണ് എറോട്ടോമാനിയ.

അഴകിയ തമിഴ്മകന്‍, കത്തി, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇത് നാലാം തവണയാണ് വിജയ് ഇരട്ടവേഷത്തിലെത്തുന്നത്. ചിത്രത്തിലെ നായികയേയും മറ്റ് പ്രധാനകഥാപാത്രങ്ങളേയും ഇതുവരെ തീരുമാനിച്ചിട്ടില്ല. ദില്‍ രാജുവിന്റെ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സും പ്രശസ്ത ടോളിവുഡ് നിര്‍മാതാവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

തമന്‍ ചിത്രത്തിന് സംഗീതം നല്‍കുമെന്ന് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടായിരിക്കും വിജയ് ചിത്രത്തിന് തമന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

അതേസമയം, നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ‘ബീസ്റ്റ്’ എന്ന ചിത്രമാണ് അടുത്തതായി റിലീസ് ചെയ്യുന്ന വിജയ് ചിത്രം. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 14 ന് ഗ്രാന്‍ഡ് റിലീസിന് ഒരുങ്ങുകയാണ്.

പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ നായികയാകുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

ജോര്‍ജിയയിലെയും ചെന്നൈയിലെയും ലൊക്കേഷനുകളിലായി 100 ദിവസത്തിലേറെയായി നടന്ന ‘ബീസ്റ്റ്’ ഷൂട്ടിംഗ് ഡിസംബറിലാണ് പൂര്‍ത്തിയാക്കിയത്.


Content Highlight: vijay plays the role of a character who suffers from erotomania in thalapathy66