Vigilance Case
ചികിത്സ റീ ഇമ്പോഴ്സ്മെന്റിനായി വ്യാജ കണക്കുകള്‍ നല്‍കിയെന്നോരോപണം; മന്ത്രി കെ.കെ ശൈലജക്കെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jan 06, 05:32 am
Saturday, 6th January 2018, 11:02 am

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരായി വിജിലന്‍സ് പ്രഥമികാന്വേഷണം തുടങ്ങി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റിനാണ് അന്വേഷണ ചുമതല. അനര്‍ഹമായി മെഡിക്കല്‍ ആനുകൂല്യങ്ങള്‍ നേടിയെന്ന പരാതിയില്‍ കഴമ്പുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

ചികിത്സ റീ ഇമ്പോഴ്സ്മെന്റിനായി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വ്യാജ കണക്കുകള്‍ നല്‍കിയെന്നോരോപിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.

മന്ത്രി സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കായി നവംബര്‍ വരെ ചിലവാക്കിയത് 3,81,876 രൂപ ചിലവാക്കിയെന്നും പൊറോട്ട ഗോപി മഞ്ചൂരിയന്‍, ദോശ, കുറുമ, മാതളനാരങ്ങ ജ്യൂസ്, മിനറല്‍ വാട്ടര്‍, അപ്പം, ചപ്പാത്തി, ഇഡലി, ആപ്പിള്‍ ജ്യൂസ്, ഉള്ളിവട, പഴം പൊരി മുതലായവയെല്ലാം മരുന്നെന്നാണ് ആരോഗ്യമന്ത്രി മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനായ് സമര്‍പ്പിച്ച രേഖകളില്‍ കാണിച്ചെന്നുമായിരുന്നു ആരോപണം.

അതേ സമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു. മന്ത്രിയെന്ന പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും നിയമപരമല്ലാത്ത ഒരു കാര്യംപോലും മെഡിക്കല്‍ റീ-ഇമ്പേഴ്‌സ്‌മെന്റിന്റെ പേരില്‍ നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.