എന്‍റെയൊരു ഫ്രണ്ടുണ്ട്, ഡോക്ടര്‍ മോന്‍സന്‍; എം.ജി ഈ മോതിരം ഇട്ട് കാണണമെന്ന് അദ്ദേഹം ആഗ്രഹം പറഞ്ഞു; മോന്‍സന്‍ സമ്മാനിച്ച മോതിരത്തെക്കുറിച്ച് ഗായകന്‍ എം.ജി. ശ്രീകുമാര്‍
Kerala News
എന്‍റെയൊരു ഫ്രണ്ടുണ്ട്, ഡോക്ടര്‍ മോന്‍സന്‍; എം.ജി ഈ മോതിരം ഇട്ട് കാണണമെന്ന് അദ്ദേഹം ആഗ്രഹം പറഞ്ഞു; മോന്‍സന്‍ സമ്മാനിച്ച മോതിരത്തെക്കുറിച്ച് ഗായകന്‍ എം.ജി. ശ്രീകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th September 2021, 9:59 am

പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിന് കൊച്ചിയില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട ഒരുപാട് കേസുകളും പരാതികളും ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. പൊലീസിലെ ഉന്നതരും വിവിധ രാഷ്ട്രീയ നേതാക്കളുമായുള്ള മോന്‍സന്റെ അടുപ്പവും ചര്‍ച്ചയാവുകയാണ്.

ഇതിനിടെ ഗായകന്‍ എം.ജി. ശ്രീകുമാര്‍ മോന്‍സന്‍ സമ്മാനിച്ച ഒരു മോതിരത്തെക്കുറിച്ച് പറയുന്ന വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ഒരു ചാനല്‍ പരിപാടിക്കിടെ തന്റെ മോതിരത്തെക്കുറിച്ച് ചോദിച്ച രമേഷ് പിഷാരടിക്ക് എം.ജി. ശ്രീകുമാര്‍ നല്‍കുന്ന മറുപടിയാണ് മോന്‍സന്‍ അറസ്റ്റിലായതിന് പിന്നാലെ ശ്രദ്ധ നേടുന്നത്.

എം.ജി. ശ്രീകുമാര്‍ ധരിച്ചിരിക്കുന്ന മോതിരം എവിടെ നിന്ന് കിട്ടി എന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോള്‍ അദ്ദേഹം നല്‍കുന്ന മറുപടിയാണ് വീഡിയോയിലുള്ളത്.

”എന്റെയൊരു ഫ്രണ്ടുണ്ട്. ഡോക്ടര്‍ മോന്‍സന്‍. പുരാവസ്തു കളക്ഷനൊക്കെയുള്ള ഒരു ഡോക്ടറാണ് അദ്ദേഹം. എം.ജി ഈ മോതിരം ഇട്ട് എനിക്കൊന്നു കാണണമെന്ന് അദ്ദേഹം എപ്പോഴും ആഗ്രഹം പറയും. അദ്ദേഹം തന്ന ഒരു ആന്റിക് പീസ് ആണിത്,” എം.ജി. ശ്രീകുമാര്‍ പറഞ്ഞു. മോതിരത്തിലെ കറുത്ത കല്ല് എന്താണെന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോള്‍ എന്ത് കല്ലാണെന്ന് എനിക്ക് അറിയില്ല. ബ്ലാക്ക് ഡയമണ്ടോ, അങ്ങനെ പറയുന്ന എന്തോ ആണ് എന്നാണ് അദ്ദേഹം മറുപടി നല്‍കുന്നത്.

തുടര്‍ന്ന് ഇത്തരത്തിലുള്ളവ ധരിക്കാന്‍ തങ്ങളും തയാറാണെന്ന് രമേഷ് പിഷാരടിയും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും തമാശ രൂപേണ പറയുന്നതും വീഡിയോയിലുണ്ട്.

പിന്നീട് കോറം എന്ന ആന്റിക് വാച്ചിനെക്കുറിച്ചും ഗായകന്‍ പറയുന്നു. ഇതെല്ലാം മോന്‍സന് തിരിച്ചു കൊടുക്കേണ്ടതാണെന്നും പറഞ്ഞു.

മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, പൊലീസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍, നടന്മാരായ മോഹന്‍ലാല്‍, ബാല എന്നിവരടക്കമുള്ളവരുടെ കൂടെയുള്ള മോന്‍സന്‍ മാവുങ്കലിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു.

കഴിഞ്ഞ ദിവസം മോന്‍സന്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയ കോടതി അയാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരുന്നു. മൂന്ന് ദിവസത്തേക്കാണ് എറണാകുളം അഡീഷണല്‍ സി.ജെ.എം കോടതി മോന്‍സനെ കസ്റ്റഡിയില്‍ വിട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Video of singer MG Sreekumar talking about Monson Mavunkal goes viral