Video- മോദിയെ പുകഴ്ത്തിയ ഹരീഷ് പേരടിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് കെ. സുരേന്ദ്രന്‍; പേരടിയുടെ ഇടതുപക്ഷമായുള്ള അകല്‍ച്ച പൂര്‍ണമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനം സംബന്ധിച്ച് നടന്‍ ഹരീഷ് പേരടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയര്‍പ്പിച്ച് പോസ്റ്റ് ചെയ്ത കുറിപ്പ് ഷെയര്‍ ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പേരടിക്ക് നന്ദി പറഞ്ഞാണ് മോദിയെ പുകഴ്ത്തിയുള്ള പോസ്റ്റ് സുരേന്ദ്രന്‍ ഷെയര്‍ ചെയ്തത്.

‘മോദിജീ ഞാന്‍ കാക്കനാടാണ് താമസിക്കുന്നത്. മെട്രോയുടെ രണ്ടാംഘട്ട വികസനം എന്റെ വീട്ടിനടുത്തേക്ക് എത്തുന്നു എന്നറിയുന്നതില്‍ വ്യക്തിപരമായി നിറഞ്ഞ സന്തോഷം. കേരളത്തിന്റെ വികസനത്തിന് അനുമതി നല്‍കിയതില്‍ ഫണ്ട് അനുവദിച്ചതില്‍ ഒരു മലയാളി എന്ന നിലക്ക് ഹൃദയം നിറഞ്ഞ നന്ദി.

ഇങ്ങനെയാണെങ്കില്‍ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങള്‍ക്ക് നേരിട്ട് കൈ തരും. കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണാവിശ്യം. മോദിജീ ഹൃദയം നിറഞ്ഞ ഓണാശംസകള്‍,’ എന്നാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്.

ഇതോടെ ഇടതുപക്ഷവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് സംഘപരിവാര്‍ അടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തോട് ചേര്‍ന്ന് നില്‍ക്കുകയാണ് പേരടി എന്നാണ് വിലയിരുത്തപ്പെടുന്നത്‌.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള നിരന്തര സി.പി.ഐ.എം/ സര്‍ക്കാര്‍ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കോഴിക്കോട് നടക്കേണ്ട പരിപാടിയില്‍ അദ്ദേഹത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.. നാടക സംവിധായകന്‍ എ. ശാന്തന്റെ അനുസ്മരണ ചടങ്ങിലായിരുന്നു ഹരീഷ് പേരടിക്ക് വിലക്കേര്‍പ്പെടുത്തിയത്.

നേരത്തെ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെ ഹരീഷ് വിമര്‍ശിച്ചിരുന്നു. മുഖ്യമന്തിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിലും കോണ്‍ഗ്രസ് ആസ്ഥാനം ആക്രമിക്കപ്പെട്ട വിഷയത്തിലും കോണ്‍ഗ്രസ്സിനും സി.പി.ഐ.എമ്മിനുമെതിരെ ഹരീഷ് വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. രണ്ടാം പൗരനായി ജീവിക്കാന്‍ പറ്റില്ലെന്നും ഇടതുപക്ഷസര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നുവെന്നും ഹരീഷ് പേരടി പറഞ്ഞിരുന്നു.

ഇതിന് ശേഷം വലിയ സംഘപരിവാര്‍ വിമര്‍ശകനായും ഇടതുപക്ഷ അനുഭാവിയായും അറിയപ്പെട്ടിരുന്ന പേരടി ബി.ജെ.പി നേതൃത്വത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

വൈസ് ചാന്‍സലര്‍ നിയമനത്തിനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഹരീഷ് പേരടി അഭിനന്ദിച്ചെത്തിയതും വലിയ വാര്‍ത്തയായിരുന്നു. ‘കേരളത്തിന് നട്ടെല്ലുള്ള ഒരു ഗവര്‍ണര്‍ ഉണ്ട് എന്ന് കേരളത്തിലെ സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തിയതിന്. ആരിഫ് മുഹമ്മദ് ഖാന്‍ സാറിന് അഭിവാദ്യങ്ങള്‍’ എന്നായിരുന്നു പേരടിയുടെ പോസ്റ്റ്.

ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത് ‘ഇടതു സവര്‍ണ ബുദ്ധി ജീവികള്‍’ അവരെ അംഗീകരിക്കുന്നില്ലെന്ന പേരടിയുടെ പരാമര്‍ശവും വിമര്‍ശിക്കപ്പെട്ടിരുന്നു.