വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ തുടക്കം മുതല്‍ പദ്ധതി എങ്ങനെയൊക്കെയാണ് മത്സ്യത്തൊഴിലാളികള്‍ക്കും തീരത്തിനും കടലിനും പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കുകയെന്നതില്‍ പഠനം നടത്തുകയും നിയമപരമായി ഇടപെടുകയും ചെയ്യുന്ന വ്യക്തിയാണ് ഓഷന്‍ ഗവേണന്‍സില്‍ വിദഗ്ധനായ ജോസഫ് വിജയന്‍. തുറമുഖ നിര്‍മ്മാണ പുരോഗതിയെക്കുറിച്ചും അത് വഴി കേരളം നേരിടാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ജോസഫ് വിജയന്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.
പ്രോജക്റ്റ് അനുസരിച്ച് അന്തിമ കരാറിലെ കാര്യങ്ങള്‍ നോക്കുമ്പോള്‍ അദാനി ശരിക്കും പോര്‍ട്ടിന് വേണ്ടി മുടക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക മുടക്കാന്‍ പോകുന്നത് പോര്‍ട്ട് റിലേറ്റഡ് റിയലെസ്റ്റേറ്റിന് വേണ്ടിയാണ്. പോര്‍ട്ടിന് ലാഭം കിട്ടില്ലെന്ന് ഒരുപക്ഷേ അദാനിക്ക് അറിയായിരിക്കാം. വല്ലാര്‍പ്പാടം തുറമുഖ പദ്ധതിയെക്കുറിച്ച് നമുക്കറിയാം. അത് കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള മേജര്‍ പോര്‍ട്ടാണ്.
ഇവിടെ ശരിയായി പറഞ്ഞാല്‍ പോര്‍ട്ട് റിലേറ്റഡ് റിയല്‍ എസ്റ്റേറ്റിന്റെ ഭാഗമായിട്ടാണ് ഒരു ഐലന്റ് ലുലൂ ഗ്രൂപ്പിന് വലിയ കണ്‍വന്‍ഷന്‍ സെന്റര്‍ പണിയാനായി കൊടുത്ത്. അതൊക്കെ പോര്‍ട്ട് ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അത് ലുലു പണം കൊടുത്ത് വാങ്ങിയത് ദുബൈ പോര്‍ട്ടുകാരില്‍ നിന്നാണ്. കോടികളുടെ ബിസിനസ്സ് ആയിരുന്നു. അതുപോലെ ഇവിടേയും പോര്‍ട്ട് റിലേറ്റഡ് ആയിട്ടുള്ള റിയല്‍ എസ്റ്റേറ്റിംഗ് ഇനിവരാന്‍ പോകുന്നതേയുള്ളു.
അതിലൂടെ ലാഭം തീര്‍ച്ചായിട്ടും അദാനിക്ക് ഉണ്ടാകാന്‍ പോകുന്നുണ്ട്. അതാണ് അദാനിയുടെ നോട്ടമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വയബിലിറ്റി റിപ്പോര്‍ട്ട് എന്ന് പറഞ്ഞുകൊണ്ട് ഇതിന്റെ റിപ്പോര്‍ട്ട് കരാര്‍ ഒപ്പിടുന്നതിന് തൊട്ടുമുമ്പായി ഗവണ്‍മെന്റ് ഇറക്കിയിട്ടുണ്ട്. അതിനകത്ത് ഇതെല്ലാം വളരെ കൃത്യമായി പറയുന്നുണ്ട്. പോര്‍ട്ടില്‍ നിന്ന് എത്ര രൂപ വരുമാനം കിട്ടും, റിയല്‍ എസ്റ്റേറ്റില്‍ നിന്ന് എത്ര വരുമാനം കിട്ടും എന്നൊക്കെ. ശരിക്കും റിയല്‍ എസ്റ്റേറ്റില്‍ നിന്നാണ് കൂടുതല്‍ വരുമാനം. കേരള സര്‍ക്കാര്‍ 300 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്ത് ഇവര്‍ക്ക് കൈമാറിയിട്ടുണ്ട്. ആ ഭൂമി ഇപ്പോള്‍ ഇവരുടെ കൈകളിലാണ്. അത് പണയപ്പെടുത്തി റിയല്‍എസ്റ്റേറ്റ് ബിസിനസിന് ഉപയോഗിക്കാമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്.
കേരളത്തിന്റെ വികസത്തില്‍ വിഴിഞ്ഞം തുറമുഖത്തിന് പങ്കാളിത്തമില്ല
കേരളത്തിന്റെ വികസനത്തില്‍ ഇത് വലിയ പങ്ക് വഹിക്കുമെന്നുള്ളത് ശുദ്ധ അസംബന്ധമാണെന്ന് ഈ പദ്ധതിയുടെ ഔദ്യോഗിക രേഖകള്‍ വായിച്ചാല്‍ തന്നെ മനസ്സിലാവും. ഈ പറയുന്നതിലൊന്നും ഒരു സത്യവുമില്ല. സാധാരണക്കാരായ ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത് ഇവിടെ സിംഗപ്പൂരോ ദുബൈയോ പോലെയാവും എന്നാണ്. ഇതാണ് എല്ലാവരേയും ആകര്‍ഷിക്കുന്നത്.
അപ്പോള്‍ നമ്മള്‍ ചോദിക്കും കൊച്ചിയില്‍ ഇതിനേക്കാള്‍ വലിയ തുറമുഖം വന്നല്ലോ? വല്ലാര്‍പ്പാടത്ത് വന്നത് ഇതേ തുറമുഖമാണ്. കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനാണ്. അപ്പോ കൊച്ചി മാത്രം മതിയായിരുന്നല്ലോ കേരളം മുഴുവന്‍ രക്ഷപ്പെടാന്‍. ഇപ്പോള്‍ എല്ലാവരും പറയുന്നത് കൊച്ചിയില്‍ ആഴം കുറവാണെന്ന്. കാരണങ്ങള്‍ നമ്മള്‍ കണ്ട് പിടിക്കുകയല്ലേ. ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ വരാന്‍ വിഴിഞ്ഞത്ത് മാത്രമേ കഴിയുകയുള്ളൂവെന്ന് വരെ പ്രചാരണം നടക്കുന്നുണ്ട്. ഇതൊക്കെ ശുദ്ധ അസംബന്ധമാണ്. ട്രാന്‍ഷിപ്പ്മെന്റ് ഏറ്റവും കൂടുതല്‍ നടന്നുകൊണ്ടിരിക്കുന്നത് ചൈനയില്‍ നിന്നാണ്. അവിടെ തന്നെയാണ് ഏറ്റവും വലിയ ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനല്‍ ഉള്ളതും. അവിടെനിന്ന് തന്നെയാണ് ചെറിയ കപ്പലിലേക്കും വലിയ കപ്പലിലേക്കുമെല്ലാം ചരക്ക് മാറ്റുന്നതും.
ശ്രീലങ്കയില്‍ കൊളംബോയിലെ തുറമുഖം വളരെ പ്രധാനമാണ്. ഇവിടുത്തെ പ്രചാരകരും പറയുന്നത് നമുക്കാവശ്യമുള്ള കപ്പലുകളെല്ലാം കൊളംബോയില്‍ നിന്നാണ് പോകുന്നത് എന്നാണ്. നാളെ ഇവിടെ വിഴിഞ്ഞം തുറന്ന് വെച്ചാലും ചൈനയുടെ കപ്പലുകള്‍ എവിടെയാണ് ട്രാന്‍ഷിപ്പ്‌മെന്റ് ചെയ്യേണ്ടതെന്ന് അവര്‍ തീരുമാനിക്കും. ഇതൊക്കെ നേരില്‍ കാണുമ്പോഴേ മനസ്സിലാകൂ.
തീരശോഷണം മത്സ്യബന്ധന മേഖലയെ തകര്‍ത്തു
കടല്‍ത്തീരം ഇല്ലാതാവുമ്പോള്‍ പല പല പ്രശ്നങ്ങളാണ്. ഒരു പ്രത്യേകതരം മത്സ്യബന്ധന രീതി പൂര്‍ണ്ണമായിട്ടും ഇല്ലാതായി. അതിന്റെ പേര് കരമടി എന്നാണ്. തീരമുള്ളിടത്ത് മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ. രണ്ടാമത്തെ പ്രശ്നം കൊച്ചുകുട്ടികള്‍ക്കാണ്. തീരക്കടലിലാണ് കൊച്ചുകുട്ടികളെല്ലാം നീന്തല്‍ പഠിക്കുന്നത്. തീരം നഷ്ടപ്പെട്ടിടത്ത് കുട്ടികളെ വിടാന്‍ പോലും പറ്റത്തില്ല. അവിടെ കല്ലിട്ടിരിക്കുകയാണ്. വലിയ അപകടമാണ്. മുമ്പത്തെ തലമുറ കടലില്‍ നിന്താന്‍ പഠിക്കുന്ന സൗകര്യം ഇന്നത്തെ തലമുറക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
ഇക്കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തന്നെ പത്തിരുന്നൂറ് കുടുംബങ്ങള്‍ റിലീഫ് ക്യാമ്പുകളില്‍ കഴിഞ്ഞിട്ടുണ്ട്. അത് വര്‍ഷം തോറും കൂടാന്‍ പോവുകയാണ്. ബീച്ച് ഇറോഷനായത് കൊണ്ടുള്ള പ്രശ്നങ്ങളാണ് ഇതെല്ലാം. അത് സ്വാഭാവികമാണ്. എന്നാല്‍ അങ്ങനെയുണ്ടാവുന്നതിന്റെ തോത് തീര്‍ച്ചയായും കൂടിയിട്ടുണ്ട്.
അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ശംഖുമുഖം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇവിടെയുണ്ടായ തീര ശോഷണത്തിന് പ്രത്യേക കാരണം അടിസ്ഥാനപരമായി വിഴിഞ്ഞം തന്നെയാണ്. വിഴിഞ്ഞത്തെ തീരശോഷണം നേരിടാന്‍ ഗവണ്‍മെന്റ് ചെയ്ത തെറ്റായ കാര്യങ്ങള്‍ ഉണ്ട്. കടല്‍ ഭിത്തി. അതിന്റെ പ്രത്യാഘാതം കൂടിയാണ് അടുത്ത തീരങ്ങള്‍ പോവുന്നത്.
കടലിലേയും കരയിലേയും പാരിസ്ഥിതിക പ്രശ്നങ്ങള്‍
തിരുവന്തപുരത്തെ ഏറ്റവും കൂടുതല്‍ ബയോഡൈവേസിറ്റിയുള്ള കടല്‍ അടിത്തട്ടാണത്. അത് മുഴുവന്‍ നശിപ്പിച്ച് അവിടെയുള്ള മണല്‍ മുഴുവന്‍ കോരി അവര്‍ക്കാവശ്യമുള്ള കല്ലും മണലുമെല്ലാം പമ്പ് ചെയ്തിട്ടാണ് തീരത്തേക്ക് അടിച്ച് കേറ്റിയത്. അങ്ങനെയാണ് നാല്‍പ്പതേക്കറോളം ഭൂമി കടലില്‍ കൃത്രിമമായി ഉണ്ടാക്കിയത്.
അതിന്റെ പാരിസ്ഥിതിക ആഘാതങ്ങളില്‍ ഒന്നാണ്, അവിടെയുള്ള ഏറ്റവും റിച്ചായിട്ടുള്ള കടലിന്റെ അടിത്തട്ടുകള്‍ അവിടെ സ്വാഭാവികമായിട്ടുള്ള റീഫ്സ് ഉണ്ട്. മറ്റ് തീരങ്ങളിലൊന്നും കാണാത്ത തരത്തിലുള്ള ജൈവസസ്യങ്ങളും ജന്തുക്കളും വളരെ വിലപ്പെട്ട കടല്‍ക്കുതിരകള്‍, അത് മുഴുവന്‍ നശിപ്പിക്കപ്പെട്ടു. ഇത് കടലിലെ മത്സ്യസമ്പത്തിന്റെ ലൈഫ് സൈക്കിളില്‍മാറ്റം വരുത്തി.
ബ്രേക്ക്‌വാട്ടര്‍ അതാണ് ഈ പ്രോജക്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. 3.2 കിലോമീറ്റര്‍ നീളത്തില്‍ കടലിലേക്ക് ബ്രേക്ക്‌വാട്ടര്‍ പണിയണം. അത് സുരക്ഷിതമായി പണിതാല്‍ മാത്രമേ ഹാര്‍ബറിന്റെ ഉള്ളിലേക്ക് കപ്പലുകള്‍ക്ക് കടക്കാന്‍ കഴിയൂ. ഇപ്പോഴും 600 മീറ്റര്‍ മാത്രമേ പണിതിട്ടുള്ളൂ. അത്രയേ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇതുവരെ പണിതത് കരയില്‍ നിന്നാണ്. കരയില്‍ നിന്നാവുമ്പോള്‍ ആഴം കുറവാണ്. ഇനി കടലിലേയ്ക്ക് ചെയ്യുമ്പോള്‍ കല്ലുകളുടെ ആവശ്യകത കൂടും. അത്രയും അധികം പാറകള്‍ കൊണ്ടുവരുമ്പോള്‍, നിലവില്‍ തന്നെ പാറമടകളില്‍ പ്രശ്നം നിലനില്‍ക്കുകയാണ്. ഡിമാന്റ് വെച്ച് നോക്കുമ്പോള്‍ ഇത് പര്യാപ്തമല്ല. അതാണ് ഇനി കരയിലുണ്ടാക്കാന്‍ പോകുന്ന വലിയ പാരിസ്ഥിതിക പ്രശ്നം.
തുറമുഖ പദ്ധതി അദാനി ഉപേക്ഷിച്ചാല്‍ കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം
കരാറിനെക്കുറിച്ച് ജുഡീഷ്യല്‍ എന്‍ക്വയറി നടത്തിയിരുന്നു. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യം അദാനി ഏത് ഏതെങ്കിലും കാരണവശാല്‍ ഈ കരാര്‍ വിട്ട് പോകുകയാണെങ്കില്‍ കേരള സര്‍ക്കാര്‍ വലിയൊരു തുക അദാനിക്ക് കൊടുത്തുകൊണ്ട് മാത്രമേ ഇത് ഒഴിയാന്‍ പറ്റുവെന്നുള്ളതാണ്. ഇത് ലോകത്തെങ്ങുമില്ലാത്ത വ്യവസ്ഥയാണെന്നാണ് സി.എന്‍ രാജചന്ദ്രന്റെ റിപ്പോര്‍ട്ട് പോലും പറയുന്നത്.
സര്‍ക്കാരിന്റെ കള്ളപ്രചരണം
ബാധിക്കുന്നവരുടെ മാത്രം പ്രശ്നമായിട്ടേ മറ്റുള്ളവര്‍ കാണുന്നുള്ളൂ. ഇത് പൊതു പ്രശ്നമായിട്ട് എടുക്കുന്നില്ല. വികസനത്തിന് വേണ്ടി കുറച്ച് പ്രശ്നങ്ങള്‍ സഹിച്ചേ പറ്റൂ എന്ന് ന്യായീകരിക്കുന്ന കുറച്ചുപേര്‍ ഉണ്ട്. ബാക്കിയുള്ളവരൊന്നും അവരുടെ പ്രശ്നമായി ഇതിനെ കാണുന്നില്ല.ആലപ്പാട് സംഭവിക്കുന്നതും അത് തന്നെയാണല്ലോ.
മറ്റുള്ളവരൊക്കെ വിചാരിക്കുന്നത് കരിമണല്‍ രാജ്യത്തിന്റെ ഡിഫന്‍സ് ആവശ്യത്തിനു വേണ്ടിയുള്ളതാണ് എന്നാണ്. ആയുധ നിര്‍മാണത്തിനൊക്കെ വേണ്ടി ഉപയോഗിക്കുന്നതാണ്. അതുകൊണ്ട് എങ്ങനെയാ മണല്‍ എടുക്കേണ്ട എന്ന് പറയുക. ആലപ്പാട് മാത്രമല്ലേ മണല്‍ ഉള്ളൂ. അതുകൊണ്ടാണ് ബാക്കിയുള്ളവരൊക്കെ ആലപ്പാടിലെ ഖനനത്തെ എതിര്‍ക്കാത്തത്. അതുപോലെത്തന്നെയാണ് വിഴിഞ്ഞം തുറമുഖത്തിനും സംഭവിച്ചത്. ഈ പോര്‍ട്ടിനു വേണ്ടി ഇവരാദ്യം വലിയ കള്ളപ്രചരണം നടത്തിയിരുന്നു. ആ പ്രചരണം സര്‍ക്കാര്‍ തന്നെ പിന്നീട് വേണ്ടെന്നു വെക്കുകയുമുണ്ടായി.
പോര്‍ട്ട് കൊണ്ടുവരാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും കൂടി പ്രചരിപ്പിച്ചത് ഈ പോര്‍ട്ടില്‍ നേവിക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ കൂടി ഉണ്ടാക്കും എന്നായിരുന്നു. നേവിക്ക് വേണ്ടി എന്ന് പറയുമ്പോള്‍ അത് രാജ്യ സുരക്ഷയാണല്ലോ. ഇന്ത്യയിലേയ്ക്ക് ഒരു ആക്രമണം ഉണ്ടാവുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ തെക്കേ അറ്റത്തു നേവിയുള്ളത് നല്ലതല്ലേ. അതുകൊണ്ട് നേവിയുടെ കപ്പലുകള്‍ ഇടാനുള്ള സൗകര്യം പോര്‍ട്ടില്‍ ഉണ്ടാകുമെന്ന് പറഞ്ഞു.
ഈ ഒരു കാരണം കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വിഴിഞ്ഞത്ത് പോര്‍ട്ട് അനുവദിക്കുന്നത്. പക്ഷേ നേവിക്ക് അറിയാമായിരുന്നു ഇവിടെ കപ്പല്‍ അടിപ്പിക്കാന്‍ സാധിക്കില്ല എന്ന്. പോര്‍ട്ടിനു പെര്‍മിഷന്‍ കിട്ടിയ ഉടനെ കേരള സര്‍ക്കാര്‍ നേവിക്കെഴുതി, ഞങ്ങള്‍ക്ക് കുറച്ചു പണം താ ഞങ്ങളിവിടെ നേവി ബര്‍ത്തിനുള്ള സൗകര്യം ഒരുക്കാം എന്ന്. നേവി മറുപടി പോലും അയച്ചില്ല. തുടര്‍ന്ന് കേരള സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി നേവിയുടെ മറുപടി ലഭിക്കത്തതിനാല്‍ പോര്‍ട്ടില്‍ നേവിക്കുള്ള സൗകര്യം ഒരുക്കുന്നില്ല എന്ന്. അങ്ങനെയാണ് അദാനിക്ക് പോര്‍ട്ട് മുഴുവനായും കൊടുക്കുന്നത്. നമ്മളെയൊക്കെ വിഡ്ഢികളാക്കിയില്ലേ. രാജ്യസുരക്ഷയുടെപേരും പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി സംസാരിച്ചു തുടങ്ങിയതെപ്പോള്‍
50 വര്‍ഷം മുമ്പ് വിഴിഞ്ഞത്ത് മത്സ്യബന്ധന ഹാര്‍ബര്‍ പണിതതിനെ തുടര്‍ന്ന് അതിന്റെ വടക്ക് വശത്തുള്ള പ്രദേശങ്ങളിലെ തീരം നഷ്ടപ്പെട്ടിരുന്നു. അതിന്റെ ഒരു തീരത്തായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. എന്തുമാത്രം തീരമാണ് ഇല്ലതെയായതെന്നു നേരിട്ട് കണ്ടു വളര്‍ന്നയാളാണ് ഞാന്‍. ഇങ്ങനെയൊരു അനുഭവം ഉള്ളതുകൊണ്ടാണ് ഈ പദ്ധതിക്ക് എതിരായി പ്രവര്‍ത്തിക്കാനുള്ള ഏറ്റവും പ്രധാന കാരണം. ഇതോടൊപ്പം ഈ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളും മറ്റും തുടക്കം മുതലേ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം, അതിന്റെ മിനിറ്റ്സ് എല്ലാം വായിച്ചിട്ടുണ്ട്. ഇതില്‍ നിന്നൊകെ മനസ്സിലാക്കാന്‍ കഴിഞ്ഞത് തുറമുഖം മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷമേ ചെയ്യൂ എന്നാണ്. ഞനും എന്റെ തുറയിലെ മത്സ്യത്തൊഴിലളികളും കൂടി ചേര്‍ന്നാണ് ഹരിത ട്രൈബ്യൂണലില്‍ കേസ് കൊടുത്തിരിക്കുന്നത്.
തുറമുഖം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് പ്രതിവിധിയില്ല
തെറ്റായ ഒരൂ പദ്ധതി, ഭവിഷത്തുകള്‍ ഉണ്ടാക്കിയാല്‍ വേണമെങ്കില്‍ നമുക്കതിന്റെ പ്രത്യാഘാതത്തെ ഇല്ലാതെയാക്കാം. വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ അങ്ങനെ നടക്കില്ല. കടലില്‍ ബ്രേക്ക്വാട്ടറിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അതിന്റെ ഫലമായി വലിയ പ്രശ്നം ഇവിടെ ഉണ്ടാകുകയാണെങ്കില്‍, ഉദാഹരണത്തിന് നിലവില്‍ ശംഖുമുഖം തീരം ഇല്ലതെയായിട്ടുണ്ട്. അടുത്ത രണ്ടു വര്‍ഷം കഴിഞ്ഞാല്‍ നമ്മള്‍ സംസാരിക്കാന്‍ പോകുന്നത് വിമാനത്താവളം നഷ്ടപ്പെടുമോ എന്ന ഭീതിയെ കുറിച്ചാവും. അത്രമാത്രം കടല്‍ ഉള്ളിലേയ്ക്ക് കയറുകായാണെങ്കില്‍.
അതും കഴിഞ്ഞാല്‍ ഐ.എസ്.ആര്‍.ഒയുടെ തീരം നഷ്ടപ്പെടുമോ എന്ന ഭീതിയും ഉണ്ടാകും. അല്ലെങ്കില്‍ കടല്‍ കയറി കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റു ഹബ്ബായ കോവളം നശികുകയാണെങ്കില്‍ സര്‍ക്കാര്‍ വിചാരിക്കുകയാണ്, എന്നാല്‍ ബ്രേക്ക്വാട്ടര്‍ എടുത്തു മാറ്റം എന്ന്. പക്ഷേ, അത് നടക്കില്ല. കടലില്‍ ഇതമാത്രം ആഴത്തില്‍ കല്ലിട്ടാല്‍ അത് എടുത്തുമാറ്റുക വളരെ ദുഷ്‌ക്കരമായിരിക്കും. പിന്നെ അതിനെ മറികടക്കാന്‍ വേണ്ടി കടുത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും നടത്തേണ്ടി വരും. തുറമുഖത്തിന്റെ പ്രത്യാഘാതങ്ങള്‍ തടയാന്‍ തെറ്റായ വലിയ പ്രവര്‍ത്തി വീണ്ടും ചെയ്യേണ്ടി വരും. ഇതിലും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ വീണ്ടും ഉണ്ടാകും.