ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ 235-240 സീറ്റുകള്‍ നേടി സമാജ് വാദി പാര്‍ട്ടി ബി.ജെ.പിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കുമെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ആത്മസാക്ഷി ഗ്രൂപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലം.
ബി.ജെ.പിയുടെ സീറ്റ് 312ല്‍ നിന്ന് 138-140 ആയി കുറയും. ബി.എസ്.പി 19-23 സീറ്റുകളും കോണ്‍ഗ്രസിന് 12-16 സീറ്റുകളും മറ്റുള്ളവര്‍ 1-2 സീറ്റുകളും നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.
ഗ്രൗണ്ടിന്‍ നിന്നും ഫീല്‍ഡില്‍ നിന്നും ശേഖരിച്ച സാമ്പിളുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ്
എക്സിറ്റ് പോള്‍ ഫലങ്ങളെന്നാണ് ഗ്രൂപ്പ് പറയുന്നത്.
ഡിജിറ്റല്‍ അല്ലെങ്കില്‍ ടെലിഫോണിക് സാമ്പിളുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ആകെ 3,16,000 സാമ്പിളുകള്‍ ശേഖരിച്ചതായും സംഘം അവകാശപ്പെട്ടു. സെഫോളജിസ്റ്റും എഞ്ചിനീയറും തെരഞ്ഞെടുപ്പ് അനലിസ്റ്റുമായ മൂര്‍ത്തിയാണ് ഗ്രൂപ്പിന്റെ തലവന്‍.
യു.പിക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലെ ഫലവും ഗ്രൂപ്പ് പ്രവചിച്ചു. മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനാണിവര്‍ മുന്‍തൂക്കം പ്രവചിക്കുന്നത്.
പഞ്ചാബില്‍ 74,200 സാമ്പിളുകളാണ് വിശകലനം ചെയ്തത്. ഐ.എന്‍.സി 58-61, എ.എ.പി 34-38 ശിരോമണി അകാലി ദള്‍ 18-21, ബി.ജെ.പി 4-5 എന്നിങ്ങനെയാണ് സീറ്റ് നില. ഉത്തരാഖണ്ഡില്‍ 49,800 സാമ്പിളുകള്‍ പഠിച്ചു.
ഐ.എന്‍.സി 43-47, ബി.ജെ.പി 20-21, എ.എ.പി 2-3 എന്നിങ്ങനെയാണ് പ്രവചനം. ഗോവയില്‍ എടുത്ത സാമ്പിളുകളുടെ എണ്ണം 22100 ആണ്. ഐ.എന്‍.സി 21-22, ബി.ജെ.പി 9-10, എ.എ.പി 2-3 ആണ് ഇവിടത്തെ ഫലം.