Kerala News
കെ.കെ. മഹേശന്റെ മരണം; വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതി, കെ.എല്‍. അശോകനും, തുഷാറും രണ്ടും മൂന്നും പ്രതികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 01, 04:15 am
Thursday, 1st December 2022, 9:45 am

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയായിരുന്നു കെ.കെ. മഹേശന്റെ മരണത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വെള്ളാപ്പള്ളിയുടെ മാനേജര്‍ കെ.എല്‍. അശോകന്‍, ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മഹേശന്റെ ആത്മഹത്യ കുറിപ്പില്‍ ഇവര്‍ മൂന്നുപേരുടെയും പേരുകള്‍ പരാമര്‍ശിച്ചിരുന്നു. ആലപ്പുഴ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് എടുത്തത്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കെ.കെ. മഹേശനെ പ്രതിയാക്കിയതിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ.എല്‍. അശോകന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പ്രതികള്‍ കെ.കെ. മഹേശനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

കെ.കെ. മഹേശന്റെ കുടുംബം നല്‍കിയ ഹരജിയിലാണ് നടപടി. കെ.കെ. മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശനെ 2020 ജൂലൈ 24നാണ് കണിച്ചുകുളങ്ങരയിലെ ഓഫീസിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ മഹേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. അതിന്റെ അടുത്ത ദിവസം ഓഫീസില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അവിടെ നിന്നും ചുവരില്‍ ഒട്ടിച്ച നിലയില്‍ ആത്മഹത്യാക്കുറിപ്പും ഏതാനും കത്തുകളും പൊലീസിന് ലഭിച്ചിരുന്നു.

വെള്ളാപ്പള്ളിക്കും കെ.എല്‍. അശോകനും വേണ്ടി പീഡിപ്പിക്കപ്പെടുന്ന യൂണിയന്‍ നേതാക്കള്‍ക്കായി ജീവിതം ഹോമിക്കുന്നു എന്നായിരുന്നു ആത്മഹത്യാക്കുറിപ്പില്‍. മഹേശന്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് നടേശനും ക്രൈംബ്രാഞ്ച് സി.ഐക്കും എഴുതിയ കത്തുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Content Highlight: Vellappally Natesan first defendant in KK Maheshan Death case