ആലപ്പുഴ: വരാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായ സജി ചെറിയാനെ തോല്‍പ്പിക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്ന വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സി.പി.ഐ.എം നേതാവ് എം.വി.ഗോവിന്ദന്റെ പല പരാമര്‍ശങ്ങളും സജി ചെറിയാനെ പരാജയപ്പെടുത്താനുള്ളതാണെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
അതേസമയം തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസുമായി ഒരു തരത്തിലും സഹകരിക്കില്ലെന്നും അവര്‍ ഒരു വര്‍ഗ്ഗീയ ശക്തിയാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗോവിന്ദന്റെ ഈ വിമര്‍ശനം അനവസരത്തിലുള്ളതാണെന്നു പറഞ്ഞാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്.
ഗോവിന്ദന് മധ്യതിരുവിതാംകൂറിലെ രാഷട്രീയത്തെപ്പറ്റി ഒന്നുമറിയില്ല. ആര്‍.എസ്.എസ് എന്ന വര്‍ഗ്ഗീയ ശക്തിയുടെ വോട്ട് വേണ്ടെന്ന പറഞ്ഞ കോടിയേരി മറ്റെല്ലാ പാര്‍ട്ടി വോട്ടും സ്വീകരിക്കുമെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന് ഇവിടുത്തെ രാഷ്ട്രീയം നന്നായി അറിയാം. തല്‍ക്കാലം സി.പി.ഐ.എം ന്റെ സംസ്ഥാന സെക്രട്ടറിയുടെ നിലപാടാണ് ബി.ഡി.ജെ.എസിനെന്ന്- വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം ബി.ജെ.പിക്കെതിരെ കനത്ത വിമര്‍ശനവും വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ബി.ജെ.പിയില്‍ നിന്ന് തങ്ങള്‍ക്ക് കടുത്ത അവഗണയാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ഇത്രയും നാള്‍ പാര്‍ട്ടിയില്‍ നിലനിന്നിട്ടും തങ്ങള്‍ക്ക് ബി.ജെ.പിയില്‍ നിന്ന് ഒന്നും ലഭിച്ചില്ല. കഴിഞ്ഞ തവണ ബി.ഡി.ജെ.എസിന്റെ പിന്തുണയുള്ളതുകൊണ്ടാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് 45000 ലധികം വോട്ടുകള്‍ ലഭിച്ചത്.
എന്നാല്‍ ഇത്തവണ തങ്ങള്‍ പിന്തുണയ്ക്കില്ലെന്നും അത് ബി.ജെ.പിയെ പ്രതികൂലമായി ബാധിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂരില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.