തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവരുടെ വോട്ടുകൊണ്ടാണ് തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ജയിച്ചതെന്ന് എന്‍.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍. ഇരു മുന്നണികളുടെയും പ്രീണനം കണ്ടപ്പോള്‍ ക്രൈസ്തവര്‍ ബി.ജെ.പിയെ രക്ഷകരായി കണ്ടുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എന്‍.ഡി.പിയുടെ മുഖപത്രമായ യോഗനാദത്തിലാണ് പരാമര്‍ശം. രക്തസാക്ഷിയാകാനും തയ്യാര്‍ എന്ന തലക്കെട്ടോട് കൂടിയ ലേഖനത്തിലാണ് വെള്ളാപ്പളളി നടേശന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അപ്രിയ സത്യങ്ങള്‍ പറയുന്നവരെ വെല്ലുവിളിച്ചാല്‍ വിലപ്പോവില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ലേഖനത്തില്‍ പറഞ്ഞു.
സത്യം പറഞ്ഞവര്‍ ക്രൂശിക്കപ്പെട്ടതാണ് ലോകചരിത്രം. നിലപാട് വ്യക്തമാക്കുന്നതിന്റെ പേരില്‍ തന്റെ ചോര കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് മുന്നോട്ട് വരാമെന്നും രക്തസാക്ഷിയാകാന്‍ തയ്യാറെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്ത് വി. വസീഫ്, എറണാകുളത്ത് കെ.ജെ. ഷൈന്‍ തുടങ്ങിയവരെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളാക്കി. എന്നാല്‍ ഹിന്ദു ഭൂരിപക്ഷമുള്ള ആലപ്പുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയത് എ.എം. ആരിഫിനെയാണ്. ആയതിനാല്‍ ഇടതുപക്ഷത്തിന് ആലപ്പുഴയില്‍ മാത്രമാണ് മതേതരത്വം പറയാന്‍ കഴിയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തൃശൂരില്‍ ക്രൈസ്തവരുടെ വോട്ടുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം തങ്ങളുടെ നിലപാട് പരിഷ്‌കരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മറ്റു മതസ്തരുടെ ചിന്താഗതിയില്‍ വന്ന മാറ്റങ്ങള്‍ നിരീക്ഷിക്കണമെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി.